Advertisment

വിമാനം പസിഫിക് സമുദ്രത്തിൽ വെടിവച്ചു വീഴ്ത്തിയ ശേഷം നരഭോജികൾ അമ്മാവനെ ഭക്ഷണമാക്കി; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ കുടുംബത്തെ സംബന്ധിക്കുന്ന ഞെട്ടിപ്പിക്കുന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

അപകടം നടന്നു തൊട്ടടുത്ത ദിവസം തന്നെ ആകാശനിരീക്ഷണം നടത്തിയെങ്കിലും വിമാനത്തിന്റെയോ ജീവനക്കാരുടെയോ ഒരു അടയാളവും കണ്ടെത്താനായിട്ടില്ല

New Update
joe-biden

വാഷിങ്ടൺ: തന്റെ കുടുംബത്തെ സംബന്ധിക്കുന്ന  ഞെട്ടിപ്പിക്കുന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. രണ്ടാം ലോക മഹായുദ്ധക്കാലത്ത് അമ്മാവനെ നരഭോജികൾ ഭക്ഷണമാക്കിയെന്ന വാദമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ മാധ്യമപ്രവർത്തകരോട് ഇദ്ദേഹം വെളിപ്പെടുത്തിയത്.

Advertisment

ബൈഡന്റെ അമ്മാവനായ സെക്കൻഡ് ലഫ്റ്റനന്റ് ആയിരുന്ന ആംബ്രോസ് ഫിനെഗൻ സഞ്ചരിച്ചിരുന്ന യുദ്ധവിമാനം 1944 മേയിൽ അപകടത്തിൽപെട്ടിരുന്നു. വിമാനം തകർന്നുവീണ ശേഷം ഫിനെഗനെ കുറിച്ച് ഒരു വിവരവുമില്ല. അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്നും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം സഞ്ചരിച്ച വിമാനം പസിഫിക് സമുദ്രത്തിൽ വെടിവച്ചു വീഴ്ത്തിയ ശേഷമായിരുന്നു നരഭോജികൾ അദ്ദേഹത്തെ ഭക്ഷിച്ചതെന്നും യു.എസ് പ്രസിഡന്റ് വാദിക്കുന്നത്.

ന്യൂ ഗിനിയയ്ക്കടുത്തുള്ള ഒരു പ്രദേശത്താണ് ആംബ്രോസ് ഫിനെഗൻ സഞ്ചരിച്ച വിമാനം തകർന്നുവീണത്. നരഭോജികളുടെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശമെന്നും ഇതിനാൽ അദ്ദേഹത്തെ കണ്ടെത്താനോ രക്ഷിക്കാനോ യു.എസ് ഭരണകൂടം തുനിഞ്ഞില്ലെന്നുമാണ് ഇപ്പോൾ ബൈഡൻ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ലോക യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിനു കീഴിലുള്ള വ്യോമയാന വിഭാഗമായ ആർമി എയർ കോർപ്‌സിൽ അംഗമായിരുന്നു ഫിനെഗൻ. ശത്രുനിരീക്ഷണത്തിന്റെ ഭാഗമായി യുദ്ധമേഖലകളിലൂടെ അദ്ദേഹം സിംഗിൾ എഞ്ചിൻ വിമാനങ്ങൾ പറത്താറുണ്ടായിരുന്നുവെന്നും ബൈഡൻ പറഞ്ഞു.

ഇത്തരമൊരു യാത്രയ്ക്കിടയിൽ ന്യൂഗിനിയയിൽ വച്ച് അദ്ദേഹത്തിന്റെ വിമാനം വെടിയേറ്റു വീണു. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് അവർക്ക് കണ്ടെത്താനായില്ല. നരഭോജികൾ ഏറെയുള്ള പ്രദേശമായിരുന്നു അന്ന് ന്യൂഗിനിയ എന്നും ബൈഡൻ സൂചിപ്പിച്ചു.

എന്നാൽ, പെന്റഗണിലെ സൈനികരേഖകൾ മറ്റൊരു വാദമാണു മുന്നോട്ടുവയ്ക്കുന്നത്. ഡഗ്ലസ് എ-20 ഹാവോക്കിലാണ് ഫിനെഗൻ സഞ്ചരിച്ചിരുന്നത്. ന്യൂ ഗിനിയയിലേക്കുള്ള കൊറിയറുമായി പുറപ്പെട്ട വിമാനം അജ്ഞാതമായ കാരണത്താൽ കടലിൽ ഇടിച്ചിറക്കേണ്ടിവന്നുവെന്ന് പെന്റഗൺ രേഖയിൽ പറയുന്നു. ഫിനെഗനൊപ്പം വേറെയും പേർ വിമാനത്തിലുണ്ടായിരുന്നു. ഇവരിൽ മൂന്നുപേരുടെ ശരീരമോ വിമാനത്തിന്റെ അവശിഷ്ടങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് യു.എസ് പ്രതിരോധ വെബ്‌സൈറ്റിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു.

അപകടം നടന്നു തൊട്ടടുത്ത ദിവസം തന്നെ ആകാശനിരീക്ഷണം നടത്തിയെങ്കിലും വിമാനത്തിന്റെയോ ജീവനക്കാരുടെയോ ഒരു അടയാളവും കണ്ടെത്താനായിട്ടില്ല. എന്നാൽ, കൂട്ടത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരൻ രക്ഷപ്പെട്ടതായും രേഖകൾ സൂചിപ്പിക്കുന്നു.

ഫിലിപ്പൈൻസിലെ മനില അമേരിക്കൻ സെമിത്തേരിയിൽ കാണാതായവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ചുമരിൽ ആംബ്രോസ് ഫിനെഗന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പെൻസിൽവാനിയയിലെത്തുംമുൻപ് സ്ക്രാന്റണിലെ വെറ്ററൻസ് മെമ്മോറിയൽ ബൈഡൻ സന്ദർശിച്ചിരുന്നു. ഇവിടെ അമ്മാവനു വേണ്ടി ആദരാജ്ഞജലി അർപ്പിക്കുകയും ചെയ്തു.

Advertisment