Advertisment

'ഗാസയിലെ ഓരോ കുട്ടിക്കും നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും ഹൃദയഭേദകമായ കഥയുണ്ട്, 17,000 കുട്ടികള്‍ അവരുടെ കുടുംബങ്ങളുമായി വേര്‍പിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ട്, ലോകത്ത് മറ്റൊരു കുട്ടിയും അനുഭവിക്കാത്ത പ്രശ്‌നങ്ങളാണ് ഗാസയിലെ കുട്ടികള്‍ അനുഭവിക്കുന്നത് ' - ഐക്യരാഷ്ട്ര സഭ

New Update
GAZA CHILDRAN.jpg

ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി 17,000 കുട്ടികള്‍ അവരുടെ കുടുംബങ്ങളുമായി വേര്‍പിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ സംരക്ഷണം കൈകാര്യം ചെയ്യുന്ന ഏജന്‍സിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. മുനമ്പിലെ മുഴുവന്‍ കുട്ടികള്‍ക്കും മാനസിക പിന്തുണ ആവശ്യമാണെന്നും യൂണിസെഫ് വ്യക്തമാക്കി.

Advertisment

ഓരോ കുട്ടിക്കും നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും ഹൃദയഭേദകമായ കഥയുണ്ടെന്ന് അധിനിവേശ പലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള യൂണിസെഫിന്റെ കമ്മ്യൂണിക്കേഷന്‍ മേധാവി ജൊനാഥന്‍ ക്രിക്‌സ് പറഞ്ഞു

കുട്ടികള്‍ക്ക് പേരുകള്‍ പോലും പറയാന്‍ സാധിക്കാത്തതിനാലും, പരുക്കേറ്റും മറ്റും ആശുപത്രികളിലായതിനാലും കുട്ടികളെ കണ്ടെത്തുന്നത് പ്രയാസമേറിയ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. സംഘര്‍ഷത്തിന്റെ സമയത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ മറ്റു കുടുംബങ്ങള്‍ സംരക്ഷിക്കുന്നത് പതിവായെന്നും ക്രിക്‌സ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗാസയിലെ ഭക്ഷണം, വെള്ളം, അഭയം തുടങ്ങിയവയുടെ അഭാവം മൂലം സ്വന്തം കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് മറ്റൊരു കുട്ടിയെയും സംരക്ഷിക്കുന്നത് വെല്ലുവിളിയുയര്‍ത്തുന്നുണ്ടെന്നും ക്രിക്‌സ് വ്യക്തമാക്കി. 

ഗാസയിലെ ആക്രമണങ്ങള്‍ കുട്ടികളെ മാനസികമായി അലട്ടുന്നുണ്ടെന്നും അവരുടെ മാനസികാരോഗ്യത്തിന് പിന്തുണ നല്‍കണമെന്നും ക്രിക്‌സ് ആവശ്യപ്പെടുന്നു. ''നിരന്തരമായ ആകുലതകള്‍, ആസക്തി കുറവുകള്‍, ഉറക്കമില്ലായ്മ, ബോംബാക്രമണത്തിന്റെ ശബ്ദം കേള്‍ക്കുമ്പോഴുള്ള പരിഭ്രാന്തി തുടങ്ങി നിരവധി രോഗലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നുണ്ട്'', അദ്ദേഹം പറയുന്നു. ഈ സംഘര്‍ഷത്തില്‍ കുട്ടികള്‍ ഭാഗമല്ലാതിരുന്നിട്ടും ലോകത്ത് മറ്റൊരു കുട്ടിയും അനുഭവിക്കാത്ത പ്രശ്‌നങ്ങളാണ് ഗാസയിലെ കുട്ടികള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ നിന്നും വേര്‍പിരിഞ്ഞുപോയ കുട്ടികളുടെ കൃത്യമായ കണക്കുകള്‍ കണ്ടെത്താനും അവരുടെ കുടുംബത്തെ കണ്ടെത്താനും അവര്‍ക്ക് മാനസിക പിന്തുണ നടത്തുന്നതിനും വെടിനിര്‍ത്തല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment