Advertisment

2023 - ൽ യു കെയിലെത്തിയ വിദേശ വിദ്യാർത്ഥികളിൽ നാലിലൊന്നും ഇന്ത്യക്കാർ; നിയന്ത്രണങ്ങൾ കടുപ്പിച്ചപ്പോൾ പ്രതിസന്ധിയിലായത് വിദ്യാർത്ഥികളും യൂണിവേഴ്സിറ്റികളും

New Update
uk study.jpg

യു കെ: പഠന - തൊഴിൽ നിയമങ്ങളിലെ നയമാറ്റങ്ങളെ തുടർന്നുണ്ടായ ആശങ്കകളിൽ പതറി യു കെ യിലേക്ക് കുടിയേറുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ സാരമായ കുറവ് രേഖപ്പെടുത്തി. വിദ്യാർത്ഥി വിസ അനുവദിക്കുന്നതിൽ കുറവുണ്ടായതായാണ് ഹോം ഓഫീസ് ഡാറ്റ വിഭാഗത്തില്‍ നിന്നും പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 കാലഘട്ടത്തിൽ 4,57,673 പഠന വിസകൾ ആണ് അനുവദിക്കപ്പെട്ടത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 5.5% കുറവാണ്. എന്നാൽ ഇത് ഒരു കലണ്ടർ വർഷത്തിൽ അനുവദിക്കപ്പെട്ട വിസകളിലെ ഉയർന്ന രണ്ടാമത്തെ നിരക്കാണ്. 2019 - ലെ പാൻഡെമിക് വർഷത്തേക്കാൾ 70% കൂടുതലാണെന്നും ഹോം ഓഫീസ് വ്യക്തമാക്കി.

Advertisment

uk university.jpg

വിദേശീയരുടെ എക്കാലത്തെയും സ്വപ്ന രാജ്യമാണ്‌ യു കെ. അതുകൊണ്ട് തന്നെ അടുത്തിടെയായി ധാരാളം വിദ്യാർത്ഥികളാണ് മെച്ചപ്പെട്ട പഠനം ലക്ഷ്യമിട്ട് ഇങ്ങോട്ട് എത്തുന്നത്. 2023 - ൽ മൊത്തം 6,01,000 സ്‌പോൺസേർഡ് സ്റ്റുഡന്റസ് വിസകൾ നൽകിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 നെ അപേക്ഷിച്ച് 3% - ത്തിന്റെ നാമമാത്ര കുറവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യൻ വിദ്യാർത്ഥികളുടെ വൻ കുത്തൊഴുക്ക് രേഖപ്പെടുത്തിയ 

2022 വർഷത്തെ അപേക്ഷിച്ച് 14% കുറവുണ്ടായിട്ടും, 2023 - ൽ അനുവദിക്കപ്പെട്ട വിദ്യാർത്ഥി വിസകളിൽ മുൻ സ്ഥാനം ഇന്ത്യ  നിലനിർത്തി. 1,20,110 സ്റ്റുഡൻ്റ് വിസകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിച്ചത്. രാജ്യത്ത് മൊത്തം അനുവദിച്ച വിസകളിൽ നാലിൽ ഒന്നും ഇന്ത്യക്കാർക്കായിരുന്നു. 

uk university12.jpg

ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചൈന ഏകദേശം 1,09,564 വിദ്യാർത്ഥി പെർമിറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 6 ശതമാനം വർധനവാണ് ചൈന രേഖപ്പെടുത്തിയത്. 42,167 വിസകളുമായി നൈജീരിയ മൂന്നാം സ്ഥാനം നേടി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 28 % കുറവാണ്. പാക്കിസ്ഥാനും (31,165), യുഎസ്എ (14,633) എന്നീ രാജ്യങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. മുൻ കലണ്ടർ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇരു രാജ്യങ്ങളും വിസകളുടെ എണ്ണത്തില്‍ വർധന രേഖപ്പെടുത്തി.

uk study 2.jpg

കുടിയേറ്റനിരക്കിലെ ക്രമാതീതമായ വർധനവും തദ്ദേശീയരിൽ നിന്നും സർക്കാരിന് നേരിടേണ്ടി വന്ന കടുത്ത എതിർപ്പും കണക്കിലെടുത്ത് പൊതുതെരഞ്ഞെടുപ്പിന് മുൻപ് വിദേശ വിദ്യാർത്ഥികളുടെ വിസ നയങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തി. വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ ആശ്രിതരെ യു കെയിലേക്ക് കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതുൾപ്പടെയുള്ള കടുത്ത നയങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയത്. പിഎച്ച് ഡി വിദ്യാർത്ഥികള്‍ക്കും രണ്ടു വർഷത്തെ ബിരുദാനന്തര വിദ്യാർത്ഥികള്‍ക്കും മാത്രമാണ് ഇളവുകളുള്ളത്. അതോടെ പലരുടെയും യു കെ പഠന മോഹങ്ങൾ അസ്തമിച്ചു. കാനഡ നടപ്പിലാക്കിയത് പോലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം വേണമെന്ന തരത്തിലുള്ള അഭിപ്രായങ്ങളും യു കെയിൽ ശക്തമാണ്. ഇത്രയധികം നയ മാറ്റങ്ങൾ നടപ്പിലായ സ്ഥിതിക്ക് യു കെയിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ വരവ് ഗണ്യമായി കുറയുമെന്നും അത് യൂണിവേഴ്സിറ്റികളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് വിദ്ഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

Advertisment