Advertisment

പാകിസ്ഥാനില്‍ 900 അടി ഉയരത്തില്‍ കേബിള്‍ കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

New Update
pakistan

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മലയിടുക്കില്‍ കേബിള്‍ കാറില്‍ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തി. 15 മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനമാണ് അവസാനിപ്പിച്ചത്. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരായിരുന്നു കേബിള്‍ കാറില്‍ കുടുങ്ങിയത്. വളരെയധികം വൈദഗ്ധ്യം വേണ്ടിവന്ന രക്ഷാപ്രവര്‍ത്തനമായിരുന്നു ഇതെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. 

Advertisment

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു കേബിള്‍ കാര്‍ അപകടത്തില്‍പ്പെട്ടത്. ദിവസം മുഴുവന്‍ അപകടകരമായ നിലയില്‍ അത് തൂങ്ങിക്കിടക്കുകയായിരുന്നു. ' എല്ലാ കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി' കെയര്‍ടേക്കര്‍ പ്രധാനമന്ത്രി അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍, എക്സിലെ ഒരു പോസ്റ്റില്‍ അറിയിച്ചു. സൈന്യം, രക്ഷാപ്രവര്‍ത്തകര്‍, ജില്ലാ ഭരണകൂടം, പ്രദേശവാസികള്‍ എന്നിവരുടെ സംയുക്ത പ്രവര്‍ത്തനമായിരുന്നു ഇതെന്നും അദ്ദേഹം കുറിച്ചു. 

'വളരെ ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണ്ണവുമായ ഒരു ഓപ്പറേഷന്‍ പാകിസ്ഥാന്‍ സൈന്യം വിജയകരമായി പൂര്‍ത്തിയാക്കി' പാക് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. കുടുങ്ങിക്കിടന്ന എല്ലാ ആളുകളെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഭരണകൂടവും നാട്ടുകാരും ഈ രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തുവെന്നും അവര്‍ പറഞ്ഞു. 

'വളരെ സാവധാനം ചെയ്യേണ്ടതും അപകടസാധ്യതയുള്ളതുമായ ഒരു ഓപ്പറേഷനായിരുന്നു ഇത്. ഒരാള്‍ സ്വയം കയറുകൊണ്ട് ബന്ധിച്ച് ചെറിയ ചെയര്‍ ലിഫ്റ്റില്‍ പോയി ഓരോരുത്തരെയായി രക്ഷിക്കുകയായിരുന്നു' പ്രദേശവാസിയായ അബ്ദുള്‍ നാസിര്‍ ഖാന്‍ പറഞ്ഞു.

Advertisment