യുഎസ്: സിറിയയിലും ഇറാഖിലും ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ നടത്തിവരുന്ന ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാന്‍ യുഎസ് തീരുമാനിച്ചു. സൈനിക നീക്കത്തിനുള്ള പദ്ധതി അമേരിക്ക അംഗീകരിച്ചു.
സിറിയന്‍ അതിര്‍ത്തിക്കു സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 41പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് യുഎസ് തീരുമാനം.ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റസിസ്റ്റന്‍സ് ഇന്‍ ഇറാഖ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണ്‍ നിര്‍മിച്ചത് ഇറാനിലാണെന്നും അമേരിക്കന്‍ സൈന്യം ആരോപിക്കുന്നു. എന്നാല്‍, അമേരിക്കന്‍ ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. ഇറാന്‍ മണ്ണില്‍ പ്രത്യാക്രമണം നടത്തണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡന് സമ്മര്‍ദമുണ്ട്. എന്നാല്‍, ഇറാഖിലും സിറിയയിലും നടത്തുന്ന ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ മതിയെന്നാണ് തീരുമാനം. ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഈ സാഹചര്യത്തില്‍ ദോഷം ചെയ്യുമെന്നും അമേരിക്ക വിലയിരുത്തുന്നു.