Advertisment

ഭൂമിയേക്കാൾ പത്തിരട്ടി വലിപ്പമുള്ള സൗരജ്വാല എആർ3663 എന്ന സൺസ്‌പോട്ടിൽ രൂപപ്പെട്ടു, ഭൂമിയെ ലക്ഷ്യമിട്ടെത്തുന്ന കാന്തിക പ്രവാഹം വാർത്താവിനിമയ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കും, മുന്നറിയിപ്പുമായി വിദ​ഗ്ധർ

മെയ് മൂന്ന്, നാല് തീയതികളിലാണ് സൂര്യനിൽ ശക്തമായ എക്‌സ് 1.6 ക്ലാസ് സൗരജ്വാല രൂപപ്പെട്ടത്

New Update
sun-releases-2-powerful-solar-storms

യുഎസ്: സൂര്യനിൽ അതിശക്തമായ രണ്ട് സൗരജ്വാലകൾ രൂപപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി വിദ​ഗ്ധർ. സൂര്യനിലുണ്ടായ ശക്തമായ എക്‌സ് 1.6 ക്ലാസ് സൗരജ്വാലയുടെ ഫലമായി ഭൂമിയിലേക്ക് ശക്തമായ രണ്ട് കാന്തികപ്രവാഹങ്ങൾ എത്തുമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.

Advertisment

ഈ കാന്തിക പ്രവാ​ഹം ഭൂമിയിലെ വാർത്താവിനിമയ സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെയ് മൂന്ന്, നാല് തീയതികളിലാണ് സൂര്യനിൽ ശക്തമായ എക്‌സ് 1.6 ക്ലാസ് സൗരജ്വാല രൂപപ്പെട്ടത്.

എആർ3663 എന്ന സൺസ്‌പോട്ടിലാണ് സൗരജ്വാല രൂപപ്പെട്ടത്. ഭൂമിയേക്കാൾ പത്തിരട്ടി വലിപ്പമുള്ളതാണ് ഇത്. ശക്തമായ വിസ്‌ഫോടനങ്ങളാണ് ഇവിടെ നടക്കുന്നത്. നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി ഇതിന്റെ ദൃശ്യം പകർത്തിയിട്ടുണ്ട്. ഭൂമിയ്ക്ക് അഭിമുഖമായിരിക്കുന്ന ഈ സൺസ്‌പോട്ടിൽ നിന്നുവരുന്ന കാന്തിക പ്രവാഹം നേരിട്ട് ഭൂമിയെ ലക്ഷ്യമാക്കിയെത്തും.

മേയ് മൂന്നിനാണ് എക്‌സ് 1.6 ക്ലാസ് എആർ3663 ൽ സൗരജ്വാല സൃഷ്ടിക്കപ്പെട്ടത്. മേയ് നാലിന് എം9.1 ക്ലാസ് സൗരജ്വാലയുമുണ്ടായി. ഇവയുടെ ഫലമായുണ്ടായ രണ്ട് കാന്തിക പ്രവാഹങ്ങളാണ് വരും ദിവസങ്ങളിൽ ഭൂമിയിലെത്തുക.

സൗരവാതം ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത് ഭൂമിയിലെ ഊർജ്ജ ശൃംഖലയേയും, ടെലികമ്മ്യൂണിക്കേഷൻ നെറ്റ് വർക്കുകളേയും, ഉപഗ്രഹങ്ങളുടെ വിവര വിനിമയ പ്രവർത്തനങ്ങളേയും ബാധിച്ചേക്കാം. വലിയ തോതിലുള്ള ധ്രുവദീപ്തി (അറോറ) ക്കും കാന്തികപ്രവാഹം കാരണമാകും.

മാർച്ചിൽ ഡബിൾ എക്‌സ് ക്ലാസ് സൗരജ്വാല സൂര്യനിലുണ്ടായതിനെ തുടർന്നുള്ള ശക്തമായ കാന്തിക പ്രവാഹം ഭൂമിയെ ലക്ഷ്യമിട്ടെത്തിയിരുന്നു. ഏറ്റവും ശക്തമായ സൗരജ്വാലകളെ എക്‌സ് ക്ലാസിലാണ് ഉൾപ്പെടുത്തുക. ഇതിനേക്കാൾ പത്തിരട്ടി ശക്തികുറഞ്ഞ ജ്വാലകളെ എം ക്ലാസിലും തൊട്ടുതാഴെുള്ളവ യഥാക്രമം സി ക്ലാസിലും ബി ക്ലാസിലും ഉൾപ്പെടുത്തും.

Advertisment