ഒറ്റപ്പാലം: പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ റെയില്‍വെ ജീവനക്കാരനടക്കം രണ്ടുപേര്‍ അറസ്റ്റിലായി. കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്.ആര്‍.കെ നഗര്‍ ചമ്ബക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. വല്ലപ്പുഴ റെയില്‍വേ ഗേറ്റിലെ ഗേറ്റ് കീപ്പറാണ് പിടിയിലായ അശോക് കുമാര്‍. പ്രതികള്‍ രണ്ടുപേരും സ്‌കൂള്‍കാലം മുതലുള്ള സുഹൃത്തുക്കളാണ്.
മുളഞ്ഞൂര്‍ മന്നത്ത് കാവുപറമ്പില്‍ ശേഖരന്റെ ഭാര്യ രമയുടെ രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ ഇവര്‍ പിടിച്ചു പറിച്ചത്. ഏപ്രില്‍ 18ന് ഉച്ചക്ക് 12നാണ് സംഭവം. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന വാഴത്തോട്ടം നനയ്ക്കാനായി രമ പോകുന്നതിനിടയില്‍ ബൈക്കിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു.
തുടര്‍ന്ന് പിന്നിലിരുന്ന അശോക് കുമാര്‍ മാല പിടിച്ചു പറിക്കുകയായിരുന്നു. രമ ഒറ്റപ്പാലം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി നിരീക്ഷണ ദൃശ്യങ്ങളും പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.