Advertisment

കനത്ത ചൂട്: സൂര്യാഘാതമേറ്റ് പശുക്കള്‍ ചത്തു വീഴുന്നു; മൂന്ന് മാസത്തിനിടെ ചത്തത് 497 കറവ പശുക്കള്‍

ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അടിയന്തര യോഗത്തില്‍ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
53535

തിരുവനന്തപുരം: കനത്ത ചൂടില്‍ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ 497 കറവ പശുക്കള്‍ ചത്തുവെന്ന് മൃഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.  പ്രതിദിന പാല്‍ ഉല്‍പ്പാദം കുത്തനെ കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അടിയന്തര യോഗത്തില്‍ പറഞ്ഞു.

Advertisment

സംസ്ഥാനത്ത് പച്ചപ്പുല്ലും വെള്ളവും കിട്ടാത്ത അവസ്ഥയാണ്. 44 പഞ്ചായത്തുകളില്‍ പൂര്‍ണമായും ശുദ്ധജലം ലഭിക്കുന്നില്ല. ഇതും പശുക്കള്‍ ചത്തൊടുങ്ങുന്നതിന് കാരണമായി. കൊല്ലത്ത് മാത്രം 105 കറവ പശുക്കളാണ് ഇതുവരെ ചത്തത്. രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ കന്നുകാലികളെ തുറസായ പ്രദേശത്ത് മേയാന്‍ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാല്‍ ഈ സമയത്തു മേയാന്‍ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നതുമായ ക്ഷീര കര്‍ഷക മേഖലകളില്‍ ജില്ലാ ഓഫീസര്‍മാര്‍ കലക്ടര്‍മാരുമായി നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികള്‍ക്ക് ജലലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

നിര്‍ദ്ദേശങ്ങള്‍: 

തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കണം. ഫാന്‍ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹകരമാവും. സൂര്യഘാതം ഏറ്റവും കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള രാവിലെ മുതല്‍ വൈകിട്ട് നാലുവരെ പൊള്ളുന്ന വെയിലില്‍ തുറസായ മേയാന്‍ വിടുന്നത് ഒഴിവാക്കുക. ശുദ്ധമായ തണുത്ത കുടിവെള്ളം 24 മണിക്കൂറും ലഭ്യമായിരിക്കണം. മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി പരിമിതപ്പെടുത്തുക. ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാന്‍ ശ്രദ്ധിക്കുക.

കനത്ത ചൂട് മൂലം കന്നുകാലികളില്‍ കൂടുതല്‍ ഉമിനീര്‍ നഷ്ടപ്പെടുന്നതിനാല്‍ ദഹനക്കേടും വയറിളക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം.വേനല്‍ ചൂട് മൃഗങ്ങളുടെ ശരീര സമ്മര്‍ദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും.

ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേന്‍, ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാല്‍ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്,ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ആയതിനാല്‍ ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ കൂടി കര്‍ഷകര്‍ സ്വീകരിക്കണം.

 

Advertisment