Advertisment

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വളർത്ത് പക്ഷികളെ വെളളിയാഴ്ച കൊന്നൊടുക്കും; 'കളളിങ്' നടപടി കേന്ദ്ര സർക്കാരിൻെറ ആക്ഷൻ പ്ലാന്‍ പ്രകാരം; പക്ഷിപ്പനി റിപോർട്ട് ചെയ്ത പ്രദേശങ്ങളിൽ മാംസം, മുട്ട വിൽപ്പന നിരോധിക്കും ! പക്ഷിപ്പനി സ്ഥിരീകരിച്ചത് എടത്വ, ചെറുതന പഞ്ചായത്തുകളിൽ

ജനങ്ങൾ അനാവശ്യമായി ഭീതിപ്പെടേണ്ട കാര്യമില്ല. നിലവിൽ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ല. വെളളിയാഴ്ച കളളിങ് നടത്താനാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ വള‍ർത്തു പക്ഷികളെ കൊന്നൊടുക്കും

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
bird flu1

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ വള‍ർത്തു പക്ഷികളെ കൊന്നൊടുക്കും. വളർത്ത് പക്ഷികളെ വെളളിയാഴ്ച കൊന്നൊടുക്കാനാണ് (കളളിങ്) തീരുമാനം. ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച  സാഹചര്യത്തിൽ ജില്ലാ കളക്ടർ വിളിച്ചുചേർത്ത  ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വളർത്ത് പക്ഷികളെ സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കളളിങ് നടത്താൻ തീരുമാനിച്ചത്.

Advertisment

പക്ഷിപ്പനി റിപോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്ന എടത്വാ, ചെറുതന പഞ്ചായത്ത് പരിധിയിൽ  താറാവ്, അവയുടെ മാംസം, മുട്ട , കാഷ്ഠം തുടങ്ങിയവയുടെ വിപണനം നിർത്തിവെയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്,

ബുധനാഴ്ചയാണ്  ജില്ലയിലെ എടത്വാ,  ചെറുതന പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. എടത്വാ ഗ്രാമപഞ്ചായത്തിലെ  ഒന്നാം വാർ‍ഡിൽ വിളക്കുമരം പാടശേഖരത്തിലും ചെറുതന ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് വളർത്തു താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. എടത്വയിലെ കൊടുപ്പുന്ന ഭാഗത്താണ് പക്ഷിപ്പനി ആദ്യം കണ്ടെത്തുന്നത്.

കൊടുപ്പുന്ന വരമ്പിനകം  പാടത്ത് തീറ്റയ്ക്ക് എത്തിച്ച താറാവുകളിൽ, ഏതാനും താറാവുകൾ മയങ്ങിയും തൂങ്ങിയും വീണു പോയിരുന്നു. താറാവുകളിൽ പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെ   താറാവ് ഉടമ കണ്ടങ്കരി കുറ്റിയിൽ കൊച്ചുമോൻ എടത്വ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു. താറാവുകളുടെ  സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.


 ഭോപ്പാലിലെ ഹൈ  സെക്യൂരിറ്റി ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരണം ഉണ്ടായത്. തിരുവല്ലയിലെ  അനിമൽ ഹസ്ബൻഡറി ഡയറക്ടറേറ്റ് ലാബറട്ടറിയിലെ പക്ഷിപ്പനി ബാധ കണ്ടെത്തിയിരുന്നു.


സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് താറാവുകളെ ബാധിച്ചിരിക്കുന്നത് ഏവിയൻ ഇൻഫ്ളുവൻസാ അഥവാ എച്ച്5എന്‍1 ആണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിൻെറ  ആക്ഷൻ പ്ലാൻ പ്രകാരം പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ  ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള  നടപടികൾ തുടങ്ങാൻ ജില്ല കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്. ദ്രുത കർമസേനയും അനുബന്ധ ഒരുക്കങ്ങളും എത്രയും വേഗം മൃഗസംരക്ഷണ വകുപ്പ് പൂർത്തിയാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി ഭീതിപ്പെടേണ്ട കാര്യമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിലവിൽ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നും ആരോഗ്യ വിദഗ്ധരുടെയും ജില്ലാ ഭരണകൂടത്തിൻെറയും അറിയിപ്പ്. ദ്രുത കർമസേനയും അനുബന്ധ ഒരുക്കങ്ങളും പൂർത്തിയാകുന്ന മുറയ്ക്ക് വെളളിയാഴ്ച കളളിങ് നടത്താനാണ് തീരുമാനം. രോഗബാധ സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ വേണ്ട ക്രമീകരണം ഒരുക്കുന്നതിന് വേണ്ടിയാണ് ഒരു ദിവസത്തെ സാവകാശം അനുവദിച്ചത്.

രോഗ ബാധ സ്ഥിരീകരിച്ച എടത്വാ പഞ്ചായത്തിലെ വിളക്കുമരം പാടശേഖരം പ്രധാന റോഡിൽ നിന്ന് അകലെയാണ്.രോഗബാധയുളള താറാവുകളെ അവിടെ തന്നെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. അവിടെയെത്താനും കളളിങ് നടത്താനുളള അനുയോജ്യമായ സ്ഥലം കണ്ടെത്താനും കൊന്ന് ഒടുക്കുന്ന വളർത്ത് താറാവുകളെ ദഹിപ്പിച്ച് കളയുന്നതിനുളള വിറക്, കളളിങ് നടത്തേണ്ട തൊഴിലാളികൾ എന്നിങ്ങനെ ഉളള ക്രമീകരണങ്ങൾ ഒരുക്കേണ്ടത് അതത് ഗ്രാമപഞ്ചായത്തുകളുടെ ഉത്തരവാദിത്തമാണ്.

പഞ്ചായത്തുകൾ ഈ സൗകര്യങ്ങൾ ഒരുക്കുന്നതിന് സമാന്തരമായി രണ്ട് പ്രദേശങ്ങളിലും  കളളിങ് നടത്തേണ്ട ദ്രുത കർമ്മസേനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് രൂപം നൽകും. വ്യഴാഴ്ച വൈകിട്ടോടെ ദ്രുതകർമ്മ സേനാംഗങ്ങളുടെയും കളളിങ് നടത്തുന്ന സ്ഥലങ്ങളുടെയും കാര്യത്തിൽ വ്യക്തത വരുത്തും.


പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വാ, ചെറുതന ഗ്രാമപഞ്ചായത്തുകളിൽ വ്യാഴാഴ്ച ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. കളളിങ് നടപടികൾക്കുളള ക്രമീകരണം ഒരുക്കുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്.  


 രോഗബാധ സ്ഥിരീകരിച്ച എടത്വയിലും ചെറുതനയിലും വെളളിയാഴ്ച തന്നെ  കളളിങ് നടത്താനാണ് ധാരണ. രോഗബാധ പടരുന്നത് തടയുന്നതിന് വേണ്ടിയാണ് പക്ഷിപ്പനി ബാധയുണ്ടായ പ്രദേശങ്ങളിലെ വളർത്ത് പക്ഷികളെ കൊന്നൊടുക്കുന്നത്. ഇതിനൊപ്പം ഈ പ്രദേശങ്ങളിലെ വളർത്ത് പക്ഷികളുടെയും മാംസത്തിൻെറയും മുട്ടയുടെയും പക്ഷി കാഷ്ഠത്തിൻെറയും വിൽപ്പന കൂടി നിയന്ത്രിക്കണമെന്നാണ് ആക്ഷൻ പ്ലാന്‍ അനുശാസിക്കുന്നത്. അത് പാലിച്ച് വളർത്ത് താറാവുകളുടെയും മാംസം, മുട്ട എന്നിവയുടെ വിൽപ്പന  നിശ്ചിതകാലത്തേക്ക് നിയന്ത്രിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

താറാവിനും മുട്ടയ്ക്കും നല്ല വിലയും വിൽപ്പനയും നടക്കുന്ന ഈസ്റ്റർ, ചെറിയ പെരുന്നാൾ, വിഷു ഉത്സവങ്ങൾ കഴിഞ്ഞാണ് ഇത്തവണ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് പക്ഷിപ്പനി ആശങ്കയില്ലാതെ ഉത്സവസീസൺ കഴിഞ്ഞുപോയത്. അതുകൊണ്ട് തന്നെ ഇത്തവണ കുട്ടനാട്ടിലെ താറാവ് കർഷകർക്ക് നല്ല വില ലഭിച്ചിരുന്നു. സീസൺ കഴിഞ്ഞാണ് രോഗബാധ ഉണ്ടായത് എന്നതിനാൽ കർഷകർക്ക് വലിയ ആശങ്കയില്ല. അടുത്ത സീസൺ ലക്ഷ്യമാക്കി താറാവുകളെ വളർത്തുന്നതിന് ഇടയിലാണ് രോഗബാധ റിപോർട്ട് ചെയ്തത്. കളളിങ് നടത്തുന്ന താറാവുകൾക്ക് മൃഗസംരക്ഷണ വകുപ്പ് നഷ്ടപരിഹാരം നൽകും. താറാവ് ഒന്നിന് 180 രൂപ നിരക്കിലായിരുന്നു മുൻകാലത്ത് നൽകിയിരുന്നത്.എന്നാൽ നഷ്ടപരിഹാരം കൂട്ടണമെന്നാണ് കർ‍ഷകരുടെ ആവശ്യം.

                                                           

Advertisment