Advertisment

തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയിലെ സി.പി.എമ്മിൽ ഏറ്റുമുട്ടൽ; പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ നടന്ന തമ്മിൽത്തല്ലിൽ എച്ച് .സലാം എം.എൽ.എയുടെ സ്റ്റാഫംഗത്തിന് പരിക്കേറ്റു; പരിക്കേറ്റത് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ അജ്മൽ ഹസന്; നാട്ടിൽ  തർക്കത്തിനും  ഏറ്റുമുട്ടലിനും വഴിവെച്ചത് അംഗൻവാടി നിയമനത്തെ ചൊല്ലി പ്രവാസിയായ സി.പി.എം പ്രവ‍ർത്തകൻ ഗൾഫിൽ നിന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്‌

പാർട്ടി വഴി നടക്കുന്ന നിയമനങ്ങളിൽ തന്നെ നേതാക്കളുടെയും പാർശ്വവർത്തികളുടെയും ബന്ധുക്കൾക്കും മറ്റുമാണ് ജോലി കിട്ടുന്നതെന്ന ആരോപണവും സജീവമാണ്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
cpim1

ആലപ്പുഴ : തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ സി.പി.എമ്മിന് തലവേദനയായി പ്രവർത്തകരുടെ ഏറ്റുമുട്ടൽ. പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ പ്രവർത്തക‍ർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയപ്പോൾ അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാമിൻെറ സ്റ്റാഫംഗത്തിന് പരിക്കേറ്റു. സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ  ജില്ലാ ജോയിൻ്റ് സെക്രട്ടറിയും കൂടിയായ അജ്മൽ ഹസനാണ് പരിക്കേറ്റത്. ഏറ്റുമുട്ടിയ പ്രവർത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്

Advertisment

തമ്മിൽതല്ലിനിടയിൽ മുഖത്ത് ഇടികൊണ്ട അജ്മലിൻെറ ചുണ്ട് പൊട്ടിയിട്ടുണ്ട്. പുറക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിലായിരുന്നു പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. അംഗൻവാടി വ‍ർക്കർ തസ്തികയിലേക്ക് നടന്ന നിയമനത്തെ ചൊല്ലി പ്രവാസിയായ സി.പി.എം പ്രവ‍ർത്തകൻ ഗൾഫിലിരുന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് നാട്ടിൽ  തർക്കത്തിനും  ഏറ്റുമുട്ടലിനും വഴിവെച്ചത്.

പ്രവാസിയുടെ ബന്ധു അംഗൻവാടി വർക്ക‍ർ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിൻെറ പിന്തുണയില്ലാതിരുന്നത് കൊണ്ട് അവർക്ക് ജോലി ലഭിച്ചില്ല.ഇതാണ് സി.പി.എം പ്രവർത്തകനായ പ്രവാസി ഗൾഫിലിരുന്ന് ഫേസ് ബുക്ക് പോസ്റ്റ് ഇടാൻ കാരണം.

നിയമനത്തിൽ ക്രമക്കേടുണ്ടെന്നും പാർട്ടി ഇടപെടൽ ഉണ്ടെന്നും ആരോപിക്കുന്നതായിരുന്നു പോസ്റ്റ്. പാർട്ടി പ്രവർത്തകൻെറ പോസ്റ്റ് നാട്ടിൽ ചർച്ചയായതോടെ ഇതേപ്പറ്റി അദ്ദേഹത്തിൻെറ വീട്ടിൽ പോയി ചോദിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ചോദിക്കേണ്ടെന്ന നിലപാടാണ് മറുവിഭാഗം സ്വീകരിച്ചത്.

ഇതേച്ചൊല്ലിയുളള തർക്കം മുറുകുന്നതിനിടെയാണ് വീട്ടിൽ പോയി ചോദിക്കുന്ന കാര്യം ചർച്ച ചെയ്യാൻ ലോക്കൽ കമ്മിറ്റി ഓഫീസ് വേദിയാക്കാൻ ധാരണയായത്. ഇങ്ങനെ ചർച്ചക്ക് എത്തിയപ്പോഴാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ ഉണ്ടായത്. തിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ പ്രശ്നമായി വളർന്ന ഏറ്റുമുട്ടൽ ജില്ലയിലെ സി.പി.എം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

ഐ.സി.ഡി.എസിൻെറ റാങ്ക് ലിസ്റ്റ് വരുന്നത് വരെ അംഗൻവാടിയിലെ വർക്കർമാരെ നിയമിക്കാൻ  ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയിരുന്നു. ഇതിൻെറ ചുവട് പിടിച്ച് ജില്ലയിലെമ്പാടും ഒഴിവുളള അംഗൻവാടികളിൽ നിയമനം നടന്നു വരികയാണ്. സി.പി.എം ഭരണത്തിലിരിക്കുന്നതിനാൽ പാർട്ടി ഓഫീസുകളിൽ നിന്ന് നൽകുന്ന പട്ടിക അനുസരിച്ചാണ് നിയമനമെന്ന് ആക്ഷേപമുണ്ട്. പാർട്ടി വഴി നടക്കുന്ന നിയമനങ്ങളിൽ തന്നെ നേതാക്കളുടെയും പാർശ്വവർത്തികളുടെയും ബന്ധുക്കൾക്കും മറ്റുമാണ് ജോലി കിട്ടുന്നതെന്ന ആരോപണവും സജീവമാണ്.

Advertisment