Advertisment

ആദായ നികുതി വകുപ്പിൻെറ നോട്ടീസ് ലഭിച്ചതോടെ സി.പി.ഐയും 'ക്രൗഡ് ഫണ്ടിങ്ങിന്' ! പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രചരണത്തിന് പണം കണ്ടെത്താൻ ജനങ്ങളിൽ നിന്ന് പിരിക്കും; പണപ്പിരിവ് പ്രതിപക്ഷ പാർട്ടികളെ നിശബ്ദമാക്കാനുളള കേന്ദ്രസർക്കാരിനെതിരായ രാഷ്ട്രീയ പ്രതിരോധം; പിരിവിന് ആദ്യം തന്നെ കളത്തിലിറങ്ങി തിരുവനന്തപുരത്തെ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ; പിരിവിന്  നേതൃത്വം കൊടുക്കാൻ മന്ത്രിമാർ മുന്നിട്ടിറങ്ങും

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്ന സന്ദേശത്തിൽ പണം അയക്കേണ്ട  ബാങ്ക് അക്കൗണ്ട് നമ്പരും യു.പി.ഐ ഐഡി നമ്പരും ഉൾപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
cpi1

തിരുവനന്തപുരം: കോൺഗ്രസിന് പിന്നാലെ ആദായ നികുതി നോട്ടീസ്  ലഭിച്ച സി.പി.ഐയും കോൺഗ്രസ് മാതൃകയിൽ ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു. പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിന്ന് പ്രചരണ പ്രവർത്തനങ്ങൾക്കായി ജനങ്ങളിൽ നിന്ന് പണം പിരിക്കാനാണ് തീരുമാനം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ഇല്ലായ്മ ചെയ്യാനുളള നീക്കത്തിനെതിരെ രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതിൻെറ ഭാഗമായാണ് പ്രചരണ ചെലവിന് ജനങ്ങളെ സമീപിക്കുന്നത്. പണത്തിനായി സമീപിക്കുമ്പോൾ അതിന് നി‍ർബന്ധിതമാക്കിയ രാഷ്ട്രീയ സാഹചര്യം കൂടി വിശദീകരിക്കും.

Advertisment

ജനങ്ങളിൽ നിന്ന് പണം പിരിക്കുന്ന തീരുമാനത്തിൻെറ ഭാഗമായി ആദ്യം രംഗത്ത് വന്നിരിക്കുന്നത് തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്ന സന്ദേശത്തിൽ പണം അയക്കേണ്ട  ബാങ്ക് അക്കൗണ്ട് നമ്പരും യു.പി.ഐ ഐഡി നമ്പരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് പന്ന്യൻെറ സന്ദേശത്തിൻെറ പൂർണ രൂപം.


 '' 2024 ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ താങ്കളുടെ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.തെരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.സ്നേഹപൂർവ്വം, സ്വന്തം പന്ന്യൻ രവീന്ദ്രൻ. Account Holder : Pannian Ravindran, Account Number : 40341101068144, IFSC  : KLGB0040341, Branch :  KERALA GRAMIN BANK, THIRUVANTHAPURAM MAIN .Account Type: SAVING BANK, Mobile & Google Pay   9447032655,UPI ID- ravindranpannian@oksbi. ''


പഴയ പാൻ കാർഡ് ഉപയോഗിച്ചാണ് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തതെന്ന് കാണിച്ചാണ് സി.പി.ഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. ഈയിനത്തിൽ പിഴയും പലിശയും അടക്കം 11 കോടിയോളം രൂപ അടയ്ക്കണമെന്നാണ് ആദായ നികുപ്പ് സി.പി.ഐക്ക് നൽകിയിരിക്കുന്ന നോട്ടീസിൽ പറയുന്നത്. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ പ്രതിപക്ഷ പാർട്ടികളെ വരിഞ്ഞ് മുറുക്കി നിശബ്ദരാക്കുക ലക്ഷ്യമിട്ടുളള നടപടികളായാണ് ആദായ നികുതി വകുപ്പിൻെറ നോട്ടീസിനെ സി.പി.ഐ കാണുന്നത്.

കോൺഗ്രസിനെയും സി.പി.ഐയെയും കൂടാതെ ഇൻഡ്യാ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസിനും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് കൊണ്ട് എതിർപക്ഷത്തെ നിശബ്ദരാക്കാനുളള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും  നേരിടാനാണ് സി.പി.ഐയുടെ തീരുമാനം. ഇതിൻെറ ഭാഗമായാണ് പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രചരണത്തിനായി ജനങ്ങളിൽ  നിന്ന് പണം പിരിക്കാൻ തീരുമാനിച്ചത്.

പാർട്ടി കൂടി ഉൾപ്പെട്ട മുന്നണി ഭരണത്തിലുളള സംസ്ഥാനമായ കേരളത്തിൽ ഇടതുമുന്നണിയുടെ ബാനറിൽ മത്സരിക്കുന്ന സി.പി.ഐക്ക് പണ ദൗർലഭ്യമില്ല. പാർട്ടി മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും പ്രചരണ പ്രവർ‍ത്തനങ്ങൾക്ക് മന്ത്രിമാരുടെ നേതൃത്വത്തിൽ തന്നെ പണസമാഹരണം നടന്നു വരികയാണ്.

മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവ‍ർത്തനങ്ങൾക്കുളള പണം സ്വരൂപിക്കാൻ എല്ലാ ജില്ലകളിലും മന്ത്രിമാ‍ർ നേതൃത്വം കൊടുക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്. പണപ്പിരിവിനായി മന്ത്രിമാർ ജില്ലകളിലായത് കൊണ്ടാണ് ഇന്നലെത്തെ മന്ത്രിസഭാ യോഗം തന്നെ മാറ്റിവെച്ചത്. സ്ഥാനാർത്ഥിയ്ക്കായി പണം കണ്ടെത്താൻ ക്രൗഡ് ഫണ്ടിങ്ങ് തുടങ്ങിയതോടെ സി.പി.ഐ മന്ത്രിമാർക്ക് ഇരട്ടിപ്പണിയായി. റവന്യു ഭക്ഷ്യ വകുപ്പുകൾ കൈയ്യിലുളളത് കൊണ്ട് പണപ്പിരിവിന് വലിയ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയില്ല. എന്നാൽ മന്ത്രിമാരെ കണ്ടാൽ ധനശേഷി ഉളള ആളുകൾ ഭയന്നോടുന്ന സ്ഥിതിയുണ്ട്.

നവംബർ മാസം മുതൽ ഇങ്ങോട്ട് ഓരോ മാസവും മന്ത്രിമാരുടെ നേതൃത്വത്തിലുളള പണപ്പിരിവാണ് കേരളത്തിൽ നടക്കുന്നത്. നവംബറിൽ കേരളീയത്തിന് സ്പോൺസർമാരെ തേടിയായിരുന്നു മന്ത്രിമാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും പാച്ചിലെങ്കിൽ ഡിസംബറിൽ നവകേരള സദസിന് വേണ്ടി പണം പിരിക്കാനാണിറങ്ങിയത്.

ജനുവരിയിൽ പിരിവിന് അൽപ്പം വേഗത കുറഞ്ഞെങ്കിലും ഫെബ്രുവരിയിൽ ആ കോട്ടം തീർത്തു. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ മുഖാമുഖത്തിന് പണം പിരിക്കലായിരുന്നു മന്ത്രിമാരുടെയും അവരുടെ വകുപ്പിൻെറയും ജോലി. മാർച്ചിൽ തിരഞ്ഞെടുപ്പ് പിരിവിന് കൂടി ഇറങ്ങിയതോടെ സ്പോൺസർമാരെ കണ്ടെത്തലും പണ പിരിവുമാണ് മന്ത്രിമാരുടെ പ്രധാന ജോലിയെന്ന് സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.

Advertisment