Advertisment

പി.ജെ. ജോസഫിന്‍റെ അനാരോഗ്യം മുതലെടുത്ത് പാര്‍ട്ടി പിടിക്കാന്‍ മോന്‍സ് ജോസഫും അപു ജോസഫും; കേരള കോണ്‍ഗ്രസില്‍ അസംതൃപ്തരുടെ എണ്ണം കൂടുന്നു; രണ്ടാഴ്ചയ്ക്കിടെ രാജി വച്ചത് മൂന്ന് മുതിര്‍ന്ന നേതാക്കള്‍; ഒടുവില്‍ ജോസഫ് ഗ്രൂപ്പ് വിട്ടത് 45 വര്‍ഷം ജോസഫിനൊപ്പം അടിയുറച്ചു നിന്ന ഏറ്റവും വിശ്വസ്തനായ നേതാവ്; ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തിലും അമര്‍ഷം !

ജോസഫ് വിഭാഗത്തില്‍ കടുത്ത അതൃപ്തിയാണ് പുതിയ നേതൃത്വങ്ങള്‍ക്കെതിരെ ഉയരുന്നത്. മോന്‍സ് ജോസഫിന്‍റെയും അപു ജോസഫിന്‍റെയും ഇടപെടലുകളില്‍ അതൃപ്തരായ നേതാക്കളുടെ എണ്ണം പെരുകുകയാണ്. ചിലര്‍ ഇതിനോടകം തന്നെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു.

New Update
pj joseph monce joseph apu francis george

കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഉടലെടുത്ത അസംതൃപ്തി മറനീക്കി പുറത്തേയ്ക്ക്. കോട്ടയം ജില്ലാ പ്രസിഡന്‍റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പന്‍ രാജിവച്ച് ബിജെപി സഖ്യത്തിലേയ്ക്ക് പോയ പിന്നാലെയാണ് കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ പ്രസിഡന്‍റും ഉന്നതാധികാര സമിതി അംഗവുമായിരുന്ന അറയ്ക്കല്‍ ബാലകൃഷ്ണപിള്ളയും ഇന്ന് സീനിയര്‍ വൈസ് ചെയര്‍മാന്‍ വിസി ചാണ്ടി മാസ്റ്ററും രാജിവച്ച് പുറത്തേയ്ക്ക് പോയിരിക്കുന്നത്.

Advertisment

സജിയും അറയ്ക്കല്‍ ബാലകൃഷ്ണപിള്ളയും മാണി വിഭാഗത്തില്‍ നിന്ന് അടുത്തിടെ മാത്രം ജോസഫ് വിഭാഗത്തില്‍ എത്തിയവരായിരുന്നെങ്കില്‍ ചാണ്ടി മാസ്റ്റര്‍ കഴിഞ്ഞ 45 വര്‍ഷമായി പിജെ ജോസഫിനൊപ്പം അടിയുറച്ചു നിന്ന വിശ്വസ്തനായ നേതാവായിരുന്നു. രാജി ഘട്ടത്തില്‍പോലും പിജെ ജോസഫിനെ കുറ്റപ്പെടുത്താതെയാണ് ചാണ്ടി മാസ്റ്ററുടെ രാജി എന്നതാണ് ശ്രദ്ധേയം.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിലവിലെ ശാപം മോന്‍സ് ജോസഫിന്‍റെയും പിജെയുടെ മകന്‍ അപു ജോസഫിന്‍റെയും പക്വതയില്ലാത്ത അപ്രമാദിത്വമാണെന്നതാണ് ചാണ്ടി മാസ്റ്ററുടെ ആരോപണം. മോന്‍സും അപുവും പാര്‍ട്ടി കൈയ്യടക്കി വച്ചിരിക്കുകയാണ്. പിജെ ജോസഫ് നിസഹായനാണ്. പാര്‍ട്ടിയില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് - ചാണ്ടി മാസ്റ്റര്‍ പറഞ്ഞു.

കോട്ടയത്ത് പാര്‍ട്ടിക്ക് മല്‍സരിക്കാന്‍ സീറ്റ് കിട്ടിയപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിനേപ്പോലെ വിശ്വസ്തനല്ലാത്ത ഒരാളെ മത്സരിപ്പിക്കരുതെന്ന്‌ ഉന്നതാധികാര സമിതി യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും ചാണ്ടി മാസ്റ്റര്‍ പറ‍ഞ്ഞു.

ഏതാണ്ട് സമാന ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം രാജി വച്ച അറയ്ക്കല്‍ ബാലകൃഷ്ണ പിള്ളയും ഉന്നയിച്ചിരിക്കുന്നത്. സജി മഞ്ഞക്കടമ്പനും മോന്‍സ് ജോസഫിന്‍റെ അപ്രമാദിത്യത്തില്‍ പ്രതിഷേധിച്ചാണ് രാജി വച്ചത്. മോന്‍സിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സജി മഞ്ഞക്കടമ്പന്‍ ഉന്നയിച്ചത്.


ജോസഫ് വിഭാഗത്തില്‍ കടുത്ത അതൃപ്തിയാണ് പുതിയ നേതൃത്വങ്ങള്‍ക്കെതിരെ ഉയരുന്നത്. മോന്‍സ് ജോസഫിന്‍റെയും അപു ജോസഫിന്‍റെയും ഇടപെടലുകളില്‍ അതൃപ്തരായ നേതാക്കളുടെ എണ്ണം പെരുകുകയാണ്. ചിലര്‍ ഇതിനോടകം തന്നെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു.


മാണി വിഭാഗത്തില്‍ നിന്നും ജോസഫ് വിഭാഗത്തിലെത്തിയ ജോയ് എബ്രാഹം ഉള്‍പ്പെടെയുള്ള നേതാക്കളൊക്കെ ജോസഫ് ഗ്രൂപ്പില്‍ നിലവില്‍ അസംതൃപ്തരാണ്. മടങ്ങി ചെന്നാല്‍ കേരള കോണ്‍ഗ്രസ് - എം തിരിച്ചെടുക്കില്ലെന്നതിനാലാണ് ഒരു മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള പലരും ഇപ്പോഴും നിശബ്ദരായി പാര്‍ട്ടിയില്‍ തുടരുന്നത്.

 പിജെ ജോസഫ് അനാരോഗ്യം കാരണം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്താതെ വന്നതോതെ മകന്‍ അപു ജോസഫും മോന്‍സ് ജോസഫും പാര്‍ട്ടിയില്‍ പിടി മുറുക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മുതിര്‍ന്ന നേതാക്കളോട് ഉള്‍പ്പെടെ ധാര്‍ഷ്ഠ്യവും അഹങ്കാരവും നിറഞ്ഞ പെരുമാറ്റമാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് രാജിവച്ച നേതാക്കളുടെ വെളിപ്പെടുത്തല്‍.

Advertisment