Advertisment

ഗവർണറുടെ കളികൾ സർക്കാർ കാണാനിരിക്കുന്നതേയുള്ളൂ. ചാൻസലർ പദവി ഒഴിവാക്കാനുള്ള ബില്ലുകൾ രാഷ്ട്രപതി തള്ളിയതോടെ കരുത്തനായി ഗവ‌ർണർ. ഒഴിവുള്ളിടത്തെല്ലാം വൈസ്ചാൻസലർമാരെ സ്വന്തം നിലയിൽ നിയമിക്കും. തെറ്റു കണ്ടാൽ ഉടനടി നടപടി. സർവകലാശാലകളിൽ സർക്കാർ ഇടപെടലും രാഷ്ട്രീയ അതിപ്രസരവും ഇല്ലാതാക്കാനും നടപടി. രാജ്ഭവനിലെ ചായകുടി കണ്ട് മഞ്ഞുരുകിയെന്ന് നിനച്ചവർക്ക് തെറ്റി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Governor

തിരുവനന്തപുരം: കഴിഞ്ഞ 2ദിവസം രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങുകൾക്കെത്തിയ മുഖ്യമന്ത്രി ഗവർണറുമായി ചായകുടിച്ച് ചിരിച്ചപ്പോൾ ഇരുവർക്കുമിടയിലെ മഞ്ഞുരുകിയെന്ന് വിലയിരുത്തിയവർക്ക് തെറ്റുപറ്റി.

Advertisment

സർക്കാരിന്റെ ഇഷ്ടക്കാരായ രണ്ട് വൈസ്ചാൻസലർമാരെ പുറത്താക്കി ആഞ്ഞടിച്ച ഗവർണർ, സർക്കാർ നേരിട്ട് നിയമിച്ച ഡിജിറ്റൽ, ഓപ്പൺ യൂണിവേഴ്സിറ്റികളുടെ വി.സിമാരെ പുറത്താക്കാൻ യു.ജി.സിയുടെ പച്ചക്കൊടി കാത്തിരിക്കുന്നു. ഒരു മാസത്തിനകം 2 വി.സിമാരെക്കൂടി പുറത്താക്കി സർക്കാരിന് കനത്ത തിരിച്ചടി നൽകാനാണ് ഗവർണറുടെ തീരുമാനം.


ഗവർണറെ പൂട്ടാൻ സർക്കാർ കൊണ്ടുവന്ന ബില്ലുകൾ രാഷ്ട്രപതി തടഞ്ഞതോടെ ഗവർണർ സർവകലാശാലാ കാര്യങ്ങളിൽ കൂടുതൽ കരുത്തനായി


ഗവർണറുടെ ചാൻസലർ പദവിയൊഴിവാക്കാനുള്ള ബിൽ, വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ 3ന് പകരം 5അംഗങ്ങളെ ഉൾപ്പെടുത്തുന്ന ബിൽ, ഗവർണറെ ഒഴിവാക്കി യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനം സർക്കാരിന് നടത്താവുന്ന ബിൽ എന്നിവയാണ് രാഷ്ട്രപതി തള്ളിയത്.

ഇതോടെ സർവകലാശാലാ കാര്യങ്ങളിൽ ഗവർണർ സർവാധികാരിയായി മാറി. വൈസ്ചാൻസലർ നിയമനത്തിൽ സർക്കാർ ഇടപെടരുതെന്നും ഗവർണർക്ക് മാത്രമാണ് അധികാരമെന്നും നേരത്തേ സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു.

വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി പ്രതിനിധിയെ നൽകാതെ നിയമനം തടയുകയായിരുന്നു സർക്കാർ ഇതുവരെ ചെയ്തിരുന്നത്. ഗവർണർക്ക് പരമാധികാരമായതോടെ ഇനി സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാതിരിക്കാൻ യൂണിവേഴ്സിറ്റികൾക്ക് കഴിയില്ല. സെർച്ച് കമ്മിറ്റിയിൽ ചാൻസലർ, യു.ജി.സി, സർവകലാശാലാ പ്രതിനിധികളാണുള്ളത്.

യു.ജി.സിയുടെയും തന്റെയും പ്രതിനിധികളെക്കൊണ്ട് തനിക്ക് താത്പര്യമുള്ളവരുടെ പേര് അന്തിമ പാനലിൽ ഉൾപ്പെടുത്താനും അവരെ നിയമിക്കാനും ഗവർണർക്ക് കഴിയും. ഇതാണ് സർക്കാരിനെയും ആശങ്കപ്പെടുത്തുന്നത്. ഇതുവരെ ചീഫ്സെക്രട്ടറിയെയോ സർക്കാർ പ്രതിനിധിയെയോ കൊണ്ട് സർക്കാരിന് വേണ്ടപ്പെട്ടവരെ പാനലിൽ ഉൾപ്പെടുത്തുകയായിരുന്നു പതിവ്.

സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരവും സർക്കാരിന്റെ അനാവശ്യ ഇടപെടലുകളും ഗവർണർ ഇനി വകവച്ചു കൊടുക്കില്ല. തെറ്റുകണ്ടാൽ അപ്പോൾ ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യാനാണ് നീക്കം.

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെതുട‌ർന്ന് വെറ്ററിനറി സർവകലാശാലാ വി.സിയെ ഗവർണർ പൊടുന്നനേ സസ്പെൻഡ് ചെയ്തത് ഇതിനുള്ള ഉദാഹരണം മാത്രം. ഇനിയും ഇത്തരം ശക്തമായ തീരുമാനങ്ങൾ ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു.

Advertisment