Advertisment

മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു.‍ ടി. തോമസും പുതിയ പാർട്ടിയുണ്ടാക്കുന്നു; നേതാക്കളെ പുതിയ നീക്കത്തിന് നിർബന്ധിതരാക്കിയത് പ്രജ്വൽ രേവണ്ണ ലൈംഗിക വിവാദം ! ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന അഴകൊഴമ്പൻ സമീപനം തുടർന്നാൽ രാഷ്ട്രീയ അസ്ഥിത്വം തന്നെ ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം; സംസ്ഥാന പാർട്ടി രൂപീകരിക്കുന്നതും ഇടത് മുന്നണിയിലെ ചെറു പാ‍ർട്ടികളുമായി ലയിക്കുന്നതും പരിഗണനയിൽ

സംസ്ഥാന പാർട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാർട്ടിയിൽ ലയിക്കണമെന്ന അഭിപ്രായത്തിനാണ് ഇപോൾ മുൻതൂക്കം. പുതിയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് വേണ്ടിയാണ് നേതൃയോഗം വിളിച്ചിരിക്കുന്നത്.

New Update
k krishnankutty mathew t thomas

തിരുവനന്തപുരം: ബി.ജെ.പി സഖ്യത്തിൽ പങ്കാളിയായതിന് പിന്നാലെ എച്ച്.ഡി.ദേവെഗൗ‍ഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണ ലൈംഗിക വിവാദത്തിൽ കൂടി ഉൾപ്പെട്ടതോടെ ഭാവി പരിപാടികൾ ആലോചിക്കാൻ ജനതാദൾ( എസ്) സംസ്ഥാന ഘടകത്തിലെ നേതാക്കളുടെ യോഗം നാളെ (ബുധനാഴ്ച)  ചേരും. ദേവെഗൗഡയും കൂട്ടരും ബി.ജെ.പി സഖ്യത്തിൽ ചേർ‍ന്നപ്പോൾ പുതിയ പാ‍ർട്ടി രൂപീകരിക്കാതെ ദേശീയ നേതൃത്വവുമായുളള ബന്ധം വിഛേദിച്ച് സ്വതന്ത്രമായി നിൽക്കുമെന്ന അഴകൊഴമ്പൻ സമീപനം സ്വീകരിച്ച ജെ.ഡി.എസ് സംസ്ഥാന ഘടകം ലൈംഗിക വിവാദം കൂടി വന്നതോടെ ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതമായിരിക്കുകയാണ്.

Advertisment

പുതിയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് വേണ്ടിയാണ് നേതൃയോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാന പാർട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാർട്ടിയിൽ ലയിക്കണമെന്ന അഭിപ്രായത്തിനാണ് ഇപോൾ മുൻതൂക്കം. ഇടത് മുന്നണിയിലെ ചെറുപാർട്ടികളെല്ലാം കൂടി ലയിച്ച്  ഒറ്റപാർട്ടി ആയി മാറണമെന്ന  അഭിപ്രായവും ഉണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാകുമെന്ന് സംശയമുണ്ട്.


 എൻസിപി, കേരള കോൺഗ്രസ് ബി, ആർഎസ്.പി (ലെനിനിസ്റ്റ്) എന്നീ പാർ‍ട്ടികളുമായി ജനതാദൾ എസ് സംസ്ഥാന ഘടകം ലയിക്കുന്നതാണ് പരിഗണനയിലുളളത്.


 ഇതിൻെറ ഭാഗമായി  എൻ.സി.പി സംസ്ഥാന നേതൃത്വവുമായി ജെ.ഡി.എസ് നേതാക്കൾ  പ്രാഥമിക ചർച്ച നടത്തി. എന്നാൽ വ്യത്യസ്ത നയസമീപനങ്ങളും പ്രവർത്തനശൈലിയും നേതൃഘടനയുമുളള പാർട്ടികളെ ലയിപ്പിച്ച് എങ്ങനെ ഒറ്റക്കൂടാരത്തിന് കീഴിലാക്കും എന്നതാണ് പ്രശ്നം. അതിൻെറ പ്രായോഗികതയിൽ സംശയമുളളതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അംഗീകാരത്തിൻെറയും ചിഹ്നത്തിൻെറയും പ്രശ്നങ്ങളും നേരിടുന്ന എൻ.സി.പി കേരള ഘടകവുമായി ചർച്ച ചെയ്ത് അവരുമായി മാത്രം ലയിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

സംസ്ഥാന നേതൃയോഗത്തിലെ ചർച്ചകൾക്ക് ശേഷമാകും അടുത്ത നീക്കങ്ങൾ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരക്കാണ് നേതൃയോഗം. എന്നാൽ ജെ.ഡി.എസ് സംസ്ഥാന ഘടകത്തിന് യോജിക്കാനാവുന്ന എം.വി. ശ്രേയാംസ് കുമാറിൻെറ പുതിയ പാർട്ടിയായ ആർ.ജെ.ഡിയുമായി ലയിക്കുന്നത് പരിഗണയിലില്ല എന്നത് ശ്രദ്ധേയമാണ്. ജെ.ഡി.എസ് സംസ്ഥാന ഘടകത്തിൽ നിന്ന് വിഘടിച്ച് പോയി സോഷ്യലിസ്റ്റ് ജനതയും പിന്നീട് എൽ.ജെ.ഡിയുമായി മാറിയ ശ്രേയാംസ് കുമാറും ഒപ്പമുളളവരും,അടുത്തിടെയാണ് ലാലു പ്രസാദ് യാദവ് നേതൃത്വം നൽകുന്ന ആർ.ജെ.ഡിയിൽ ലയിച്ചത്.


ശ്രേയാംസിൻെറ നേതൃത്വം അംഗീകരിക്കാൻ ജെ.ഡി.എസ് സംസ്ഥാന ഘടകത്തിൻെറ പ്രസിഡന്റ് മാത്യു.ടി.തോമസിനും ഒപ്പമുളളവർക്കും കഴിയാത്തത് കൊണ്ടാണ് ആർ.ജെ.ഡിയുമായുളള യോജിപ്പ് ആലോചിക്കുക പോലും ചെയ്യാതിരിക്കുന്നത്.


എന്നാൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ശ്രേയാംസിനോട് താൽപര്യമുണ്ട്. ജെ.ഡി.എസ് സംസ്ഥാന നേതൃത്വം കടുത്ത നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമർശനം ഉന്നയിച്ച് പുറത്തുപോയ ഡോ. എ. നീലലോഹിതദാസിനെ ആർ.ജെ.ഡി കൂടെക്കൂട്ടിയിട്ടുണ്ട്. ഇടഞ്ഞ് നിൽക്കുന്ന മറ്റൊരു നേതാവായ സി.കെ.നാണുവിനെ കൂടി ആർ.ജെ.ഡി കൂടാരത്തിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുമുണ്ട്. അക്കാര്യം ശ്രേയാംസ് കുമാർ തന്നെ വ്യക്തമാക്കുകയും ചെയ്തു.

ജെ.ഡി.എസ് ദേശിയ നേതൃത്വവും കർണാടക ഘടകവും ബി.ജെ.പിയുടെ സഖ്യകക്ഷിയായപ്പോൾ , ദേശീയ നേതൃത്വവുമായുളള എല്ലാ ബന്ധവും വിഛേദിച്ചെന്നായിരുന്നു  സംസ്ഥാന നേതാക്കളുടെ പ്രഖ്യാപനം. എന്നാൽ  സാങ്കേതികമായി കേരളത്തിലെ പാർട്ടിയും എംഎൽഎമാരും ദേശീയ നേതൃത്വത്തിൻെറ ഭാഗമായിരുന്നു. കൂറുമാറ്റ നിരോധന നിയമത്തിൻെറ കുരുക്കിൽ പെടുമെന്ന ആശങ്കയിലാണ് ഇങ്ങനെയൊരു അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയത്.

എന്നാൽ പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല ദൃശ്യ വിവാദം വന്നതോടെ ഇനിയും ഇങ്ങനെ തുടർന്നാൽ രാഷ്ട്രീയ അസ്ഥിത്വം തന്നെ അപകടത്തിലാകുമെന്ന് ജെ.ഡി.എസ് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. അതാണ് കടുത്ത സമ്മർദ്ദമുണ്ടായപ്പോൾ പോലും തയാറാകാതിരുന്ന പുതിയ പാർട്ടി രൂപികരണത്തിന് ഇപ്പോൾ മുൻകൈ എടുക്കാൻ കാരണം. ദേശീയ നേതൃത്വം ഒപ്പിട്ട് അനുവദിച്ച ചിഹ്നത്തിൽ മത്സരിച്ച് നിയമസഭാംഗമായതിനാൽ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിനും മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും പുതിയ പാർട്ടിയിൽ അംഗത്വം പോലും എടുക്കാനാവില്ല. എടുത്താൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാവാൻ സാധ്യതയുണ്ട്.                        

Advertisment