Advertisment

ധൃതിയില്ല ! ഹൈക്കമാന്‍ഡ് എപ്പോള്‍ നിര്‍ദ്ദേശിക്കുന്നുവോ, അപ്പോള്‍ മാത്രമേ കെപിസിസി അധ്യക്ഷ പദവി തിരികെ ഏറ്റെടുക്കൂവെന്ന് കെ. സുധാകരന്‍; താന്‍ അതൃപ്തനെന്നത് വ്യാജപ്രചരണം; പിന്നില്‍ പാര്‍ട്ടി ശത്രുക്കളെന്നും വിശദീകരണം

ഇത് തികച്ചും വ്യാജവും പാർട്ടിയെയും തന്നെയും അപകീർത്തിപെടുത്താൻ വേണ്ടി പാർട്ടിയുടെ ശത്രുക്കൾ ചമച്ച തെറ്റായ പ്രചാരണമാണ്. കോൺഗ്രസ്‌ പാർട്ടി കേരളത്തിൽ നേടാൻ പോകുന്ന വൻ വിജയത്തിൽ അസ്വസ്ഥരായവരാണ് ഈ പ്രചാരണത്തിന് പിന്നിൽ. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
k sudhakaran-5

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി തിരികെ ലഭിക്കാത്തതില്‍ അതൃപ്തനെന്ന വാര്‍ത്തകള്‍ തള്ളി കെ. സുധാകരന്‍. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഇലക്ഷൻ കാലഘട്ടത്തിൽ കെപിസിസി അധ്യക്ഷന്റെ ചുമതലയിൽ നിന്ന് താത്കാലികമായി മാറിനിൽക്കാമെന്നുള്ള തീരുമാനം താനുൾപ്പെടെയുള്ള നേതൃത്വം കൂട്ടായെടുത്തതായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.

Advertisment

അതിനു കോൺഗ്രസ്‌ ഹൈക്കമാൻഡ് അംഗീകാരം നൽകുകയും എംഎം ഹസ്സൻ ഇലക്ഷൻ കാലം വരെ ആക്ടിങ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളിൽ വാസ്തവ വിരുദ്ധമായ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണെന്നാണ് സുധാകരന്റെ വിശദീകരണം.

അധ്യക്ഷ പദവിയിലേക്ക് പോളിങ് കഴിഞ്ഞ ഉടൻ തന്നെ തിരികെ എത്തണം എന്ന ഒരാവശ്യവും താൻ ഉന്നയിച്ചിട്ടില്ല. നിരവധി ദിനങ്ങൾ നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം പാർട്ടി വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ സ്ഥാനാർത്ഥി എന്ന നിലയിൽ താൻ പങ്കെടുത്തിരുന്നു. തുടർന്ന്‌ വ്യക്തിപരമായ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലുമാണ്. ഇതിനിടയിലാണ് താൻ സ്ഥാനം തിരികെ ആവശ്യപ്പെട്ടു എന്നും, തിരികെ ലഭിക്കാത്തത്തിൽ അതൃപ്തിയുണ്ടെന്നും, ഇത് സംബന്ധിച്ച പ്രതിഷേധം കോൺഗ്രസ്‌ ഹൈകമാന്റിനെ അറിയിച്ചു എന്ന തരത്തിലുള്ള, അഭ്യുഹങ്ങളും വ്യാജ വാർത്തകളും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സുധാകരന്‍ പ്രതികരിച്ചു.

കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ എനിക്കും കേരളത്തിലെ പാർട്ടിക്കും എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പോലും അനാവശ്യമായി ഈ വിഷയങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടാണ്  വാർത്തകൾ പ്രചരിപ്പിക്കുന്നത്.

ഇത് തികച്ചും വ്യാജവും പാർട്ടിയെയും തന്നെയും അപകീർത്തിപെടുത്താൻ വേണ്ടി പാർട്ടിയുടെ ശത്രുക്കൾ ചമച്ച തെറ്റായ പ്രചാരണമാണ്. കോൺഗ്രസ്‌ പാർട്ടി കേരളത്തിൽ നേടാൻ പോകുന്ന വൻ വിജയത്തിൽ അസ്വസ്ഥരായവരാണ് ഈ പ്രചാരണത്തിന് പിന്നിൽ. 

കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ പണയം വെച്ച് പതിറ്റാണ്ടുകൾ പ്രവർത്തിച്ച  ഒരു പ്രവർത്തകനായ താൻ ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല. കെപിസിസി അധ്യക്ഷ പദവിയുൾപ്പടെയുള്ള മുഴുവൻ സ്ഥാനങ്ങളും തനിക്ക് തന്റെ പ്രസ്ഥാനം നൽകിയിട്ടുള്ളതാണ്. കോൺഗ്രസ്‌ ഹൈകമാന്റിൽ തനിക്ക് പരിപൂർണ്ണ വിശ്വാസമാണുള്ളത്. എപ്പോഴാണോ തന്നോട് കെപിസിസി അധ്യക്ഷ പദവി തിരികെ ഏറ്റെടുക്കുവാൻ കോൺഗ്രസ്‌ ഹൈകമാൻഡ് നിർദ്ദേശിക്കുന്നത് അപ്പോൾ മാത്രമേ ആ പദവി താൻ ഏറ്റെടുക്കുകയുള്ളു. ഇക്കാര്യത്തിൽ തനിക്ക് യാതൊരു ആശങ്കയോ ധൃതിയോ ഇല്ല എന്ന കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Advertisment