Advertisment

വോള്‍ട്ടേജ് ക്ഷാമത്തെ തുടര്‍ന്നു രാത്രിയും പകലും ഒരു ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നില്ല; മക്കള്‍ക്കൊപ്പം കെഎസ്ഇബി ഓഫിസിലേക്കു താമസം മാറ്റി ദമ്പതികള്‍

പ്രതിഷേധത്തിനൊടുവില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് കെ.എസ്.ഇ.ബി

New Update
voltage kseb.jpg

കടുത്തുരുത്തി: ആറു മാസമായി വീട്ടില്‍ വോള്‍ട്ടേജില്ലാത്തതിനാൽ കോണ്‍സന്‍ട്രേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന പിതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ പ്രതിഷേധ സൂചകമായി മക്കള്‍ക്കൊപ്പം കെഎസ്ഇബി ഓഫിസിലേക്കു താമസം മാറ്റി ദമ്പതികള്‍.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ കടുത്തുരുത്തി കെഎസ്ഇബി ഓഫിസിലാണു നാടകീയ സംഭവങ്ങള്‍.

Advertisment

എഴുമാന്തുരുത്ത് കറ്റുരുത്ത് കുഴിമറ്റം മ്യാലില്‍ ബിബിന്‍ (40), ഭാര്യ ചിഞ്ചു(36) മക്കളായ ജോര്‍ജി (6), മിക്കി(3) എന്നിവരാണു പായും തലയിണയുമായി കെഎസ്ഇബി ഓഫിസില്‍ എത്തി താമസം ആരംഭിച്ചത്. ആറുമാസമായി താനും കുടുംബവും കെഎസ്ഇബിയുടെ അനാസ്ഥ മൂലം ദുരിതം അനുഭവിക്കുകയാണെന്നും പരിഹാരമുണ്ടാക്കാതെ തങ്ങള്‍ പോകില്ലെന്നും ബിബിന്‍ പറഞ്ഞു. മാത്താങ്കരിയില്‍ നിന്നുള്ള ട്രാന്‍സ് ഫോമറില്‍ നിന്നാണ് ഇവരുടെ വീട്ടിലേക്കു വൈദ്യുതി ലൈന്‍ വലിച്ചിരിക്കുന്നത്.

ഇവര്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ക്കു വോള്‍ട്ടേജ് പ്രശ്‌നമുണ്ട്. രാത്രിയും പകലും ഒരു ഉപകരണങ്ങളും പ്രവര്‍ത്തിക്കില്ല. മുഖ്യമന്ത്രിക്കും കെഎസ്ഇബി അധികൃതര്‍ക്കും പരാതി നല്‍കി ബിബിന്‍ ആറ് മാസമായി കെ.എസ്.ഇ.ബി ഓഫിസ് കയറി ഇറങ്ങുകയാണ്. ഇപ്പോള്‍ ശരിയാക്കി തരാം എന്നായിരുന്നു അധികൃതരുടെ മറുപടിയെന്നു ബിബിന്‍ പറയുന്നു. ഏതാനും ദിവസങ്ങളായി വീട്ടില്‍ ഒട്ടും വോള്‍ട്ടേജ് ഇല്ലാത്ത സ്ഥിതിയാണ്.

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിനാല്‍ പിതാവ് ജോസിന്റെ ജീവന്‍ അപകടത്തിലാണ്. ശ്വാസം കിട്ടാത്ത അവസ്ഥ കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും നിവൃത്തിയില്ലാതെയാണു രാത്രി കടുത്തുരുത്തി കെഎസ്ഇബി ഓഫിസില്‍ ഭാര്യയും കുഞ്ഞുങ്ങളുമായി എത്തിയത്. പ്രശ്‌നത്തിനു പരിഹാരം കാണാതെ ഇവിടെ നിന്നു പോകില്ലെന്നും ബിബിന്‍ പറഞ്ഞതോടെ ഉദ്യേഗസ്ഥര്‍ക്കും മറ്റു മാര്‍ഗമില്ലന്നായി.   നിലവില്‍ കോപ്പര്‍ ലൈനുകളിലാണു കണക്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതുമൂലമാണു വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്നത്. ഈ ലൈന്‍ മാറ്റി അലുമിനിയം ലൈനുകള്‍ സ്ഥാപിക്കുമെന്ന് കെഎസ്ഇബി ജീവനക്കാര്‍ ഉറപ്പു നല്‍കിയ ശേഷമാണ് പ്രശ്‌ന പരിഹാരമായത്.

Advertisment