Advertisment

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം സുന്നികളുടെ പിന്തുണ ഇടതുമുന്നണിക്ക്; പിന്തുണ ആർക്കെന്ന സൂചന നൽകി കാന്തപുരത്തിൻെറ മകനും എസ്.വൈ.എസ് ജനറൽ സെക്രട്ടറിയുമായ എ.പി.അബ്ദുൽഹക്കീം അസ്ഹരിയുടെ വീഡിയോ അഭിമുഖം; ആരെ പിന്തുണയ്ക്കണമെന്ന നിർദേശം സംഘടനാ സംവിധാനം വഴി പ്രവർത്തകരിലേക്ക് എത്തിച്ചതായും അസ്ഹരി മാധ്യമങ്ങളോട്

ലോകസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കണമെന്ന് അഭിപ്രായപ്പെടുന്ന കാന്തപുരം അബൂബക്കർ മുസലിയാരുടെ വീഡിയോ മലബാർ മേഖലയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്കാര്യത്തിലും അബ്ദുൽ ഹക്കീം അസ്ഹരി വ്യക്തത വരുത്തുന്നുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kanthapuram ap aboobacker musliyar Abdul Hakeem Azhari

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുളള സുന്നിവിഭാഗത്തിൻെറ പിന്തുണ ഇടത് മുന്നണിക്ക്. കാന്തപുരം വിഭാഗത്തിൻെറ രാഷ്ട്രീയകാര്യ സമിതി ചേർന്നാണ് ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ തീരുമാനിച്ചത്. പിന്തുണ ആർക്കെന്ന് പരസ്യമാക്കുന്ന പതിവ് കാന്തപുരം വിഭാഗത്തിന് ഇല്ലെങ്കിലും പുറത്തുവിട്ട സൂചനകളിൽ നിന്ന് രാഷ്ട്രീയ ചായ് വ് ഇടതുപക്ഷത്തോടാണെന്ന് ഏറെക്കുറെ വ്യക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന സന്ദേശം സുന്നി സംഘടനാ സംവിധാനം വഴി പ്രവർത്തകരിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

Advertisment

സംസ്ഥാനത്താകെയും ചില മണ്ഡലങ്ങളിൽ പ്രത്യേകമായും നിർദേശങ്ങൾ ഉണ്ടാകാമെന്ന് കാന്തപുരം വിഭാഗത്തിൻെറ വരും കാല നേതാവായി കണക്കാക്കപ്പെടുന്നയാളും കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ മകനുമായ എ.പി.അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജനറൽ സെക്രട്ടറി കൂടിയാണ് അബ്ദുൽ ഹക്കീം അസ്ഹരി.


ലോകസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കണമെന്ന് അഭിപ്രായപ്പെടുന്ന കാന്തപുരം അബൂബക്കർ മുസലിയാരുടെ വീഡിയോ മലബാർ മേഖലയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്കാര്യത്തിലും അബ്ദുൽ ഹക്കീം അസ്ഹരി വ്യക്തത വരുത്തുന്നുണ്ട്.


വർഷങ്ങൾക്ക് മുൻപ് കാന്തപുരം എ.പി അബൂബക്കർ മുസലിയാർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കാലത്ത്  വ്യാപകമായി പ്രചരിക്കുന്നത്. മുൻ നിലപാടുകൾക്ക് ഇപ്പോൾ ഒരു പ്രസക്തിയും ഇല്ലെന്നും ഓരോ തിരഞ്ഞെടുപ്പ് കാലത്തും പ്രത്യേകം നിലപാടുണ്ടെന്നും എസ്.വൈ.എസ് ജനറൽ സെക്രട്ടറി എ.പി അബ്ദുൽ ഹക്കീം അസ്ഹരി വ്യക്തമാക്കി. ഇതോടെയാണ് കാന്തപുരം വിഭാഗത്തിൻെറ പിന്തുണ ഇടത് മുന്നണിയ്ക്ക് തന്നെയാണെന്ന കാര്യം വ്യക്തമായത്.

അസ്ഹരിയുടെ യുട്യൂബ് ചാനലിൽ ഇന്നലെ അപ്ലോഡ് ചെയ്ത അഭിമുഖത്തിലും പിന്തുണ ഇടത് മുന്നണിയ്ക്കാണ് എന്ന് അർത്ഥം വരുന്ന സൂചനകൾ ഉണ്ടായിരുന്നു. കാന്തപുരം നേതൃത്വം നൽകുന്ന സുന്നി വിഭാഗം, അതിൻെറ രൂപീകരണം മുതൽ ഇടതുപക്ഷത്തെ പിന്തുണച്ചു പോരുന്നവരാണ്. അങ്ങനെയാണ് കാന്തപുരം സുന്നികൾക്ക് അരിവാൾ സുന്നികൾ എന്ന വിളിപ്പേര് വീണത്. സമസ്ത പ്രസ്ഥാനം പിളർന്ന് കാന്തപുരവും ഒപ്പമുളളവരും പുതിയ വിഭാഗം രൂപീകരിച്ചപ്പോഴും മുസ്ളിം ലീഗിൻെറ പിന്തുണ മാതൃസംഘടനയായ സമസ്തക്ക് തന്നെയായിരുന്നു. ഇതോടെയാണ് കാന്തപുരം വിഭാഗം ഇടതുപക്ഷത്തോട് ചേർന്ന് പോകാൻ തുടങ്ങിയത്.

നിർണായകമായ ഈ തിരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗത്തെ ഒപ്പം നിർത്താൻ മുഖ്യമന്ത്രി,  ശക്തമായ ഇടപെടൽ നടത്തി. കോഴിക്കോട് കേന്ദ്രമാക്കി മുസ്ളിം സംഘടനകളുമായി ആശയവിനിമയം നടത്തുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസും കാന്തപുരം വിഭാഗത്തെ ഒപ്പം നിർത്താൻ പ്രയത്നിച്ചിട്ടുണ്ട്. ഇടത് സർക്കാരിൽ നിന്ന് നല്ല പരിഗണന ലഭിക്കുന്നത് കണക്കിലെടുത്തും കേന്ദ്രത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്തെ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്നുളള വിലയിരുത്തലിലുമാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കാൻ ധാരണയിലെത്തിയത്.


 ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കാമെന്ന് പറയുന്ന കാന്തപുരത്തിൻെറ വീഡിയോ പ്രചരിച്ചത് സ്വന്തം വിഭാഗത്തിൽ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഇത് തന്നെയാണോ ഇപ്പോഴത്തെ നിലപാട് എന്ന് ഉറപ്പുവരുത്താൻ പലരും നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു.


അത്തരത്തിൽ ചോദിച്ച് വ്യക്തത വരുത്താൻ പ്രവർത്തകർ തയാറായതിനെയും നേതൃത്വം പൊസീറ്റീവായിട്ടാണ് കാണുന്നത്. അബ്ദുൽ ഹക്കീം അസ്ഹരിയുടെ യുട്യൂബ് ചാനലിലെ വിഡീയോയിൽ അതിനെ അഭിനന്ദിക്കുന്ന തരത്തിലുളള പ്രതികരണങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കണം, ആരെ പിന്തുണക്കാം എന്ന് തീരുമാനിക്കുന്നതിനുളള മാനദണ്ഡങ്ങൾ എന്താണ് എന്നതിനെ കുറിച്ചും എസ്.വൈ.എസ് ജനറൽ സെക്രട്ടറി എ.പി.അബ്ദുൽ ഹക്കീം അസ്ഹരി വീഡിയോയിൽ വിശദീകരിക്കുന്നു. പിന്തുണ നൽകുന്നതിന് അടിസ്ഥാനപരമായി പരിഗണിക്കുന്നത് ഇന്ത്യൻ ഭരണഘടനയോട് ഒപ്പം നിൽക്കുന്നുണ്ടോ എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മുസ്ളിം സമുദായത്തിന് പൊതുവിലും പ്രത്യേകിച്ച് മർക്കസ്, സുന്നി പ്രസ്ഥാനത്തിന് ഗുണപരമായി നിൽക്കുന്നത് ആരാണെന്നതും കൃത്യമായി പരിഗണിക്കും. ഏതെങ്കിലും നേതാവിനെ വ്യക്ത്യാധിഷ്ഠിതമായി പരിഗണിക്കുന്ന രീതിയില്ല, മുന്നണികളെ തന്നെയാണ് പിന്തുണക്കുന്നകാര്യം ആലോചിക്കുമ്പോൾ പരിഗണിക്കുന്നത് എന്നും അബ്ദുൽഹക്കീം അസ്ഹരി വിശദീകരിച്ചു.

" ഇന്ത്യയിലെ സ്ഥിതിവിശേഷം നോക്കുമ്പോൾ,  വർഗീയതക്ക് എതിരെയും മതം തിരിച്ചുകൊണ്ടുളള വിവേചനം കൊണ്ടുവരുന്നതിനെയും, ഇപ്പോ ഈ അടുത്ത് വന്നിട്ടുളള സി.എ.എ, എൻ.ആർ.സി പോലുളള വിഷയങ്ങൾ അത്തരം വിഷയങ്ങളിലൊക്കെ, ആരാണ് അതിനെ പ്രതിരോധിക്കാൻ മുന്നിൽ നിൽക്കുന്നത്, അത്തരം ആളുകൾ , അവർക്ക് നിലപാടെടുക്കാൻ കഴിയുന്നുണ്ടോ, പെർഫോം ചെയ്യാൻ കഴിയുന്നുണ്ടോ , അതിനുളള സാഹചര്യം അവരുടെ പാർട്ടിയിലും മുന്നണിയിലും ലഭിക്കുന്നുണ്ടോ, വ്യക്തികൾക്ക് അതിന് കഴിയുന്നുണ്ടോ എന്നെല്ലാമുളള കാര്യങ്ങളെല്ലാം വിലയിരുത്തി കൊണ്ടാണ് നമ്മളൊരു തീരുമാനം എടുക്കുന്നത്.അപ്പോൾ പാർലമെൻറിൽ അത്തരം ആളുകൾ എത്തിച്ചേരാനുളള സാഹചര്യം ഉണ്ടാക്കണം, അവരുടെ പ്രസൻസ് അവിടെ ഉണ്ടാകാനുളള സാഹചര്യം ഉണ്ടാക്കണം എന്നെല്ലാം നോക്കിയാണ് തീരുമാനം എടുക്കുക.ആ തീരുമാനം സംഘടനാ റൂട്ടിലൂടെ ആളുകളിലേക്ക് കൃത്യമായി എത്തിക്കുകയും അത് മനസിലാക്കികൊണ്ട് അവർ വോട്ട് ചെയ്യുകയും ചെയ്യും'' എ.പി.അബ്ദുൽഹക്കീം അസ്ഹരി വീഡിയോ അഭിമുഖത്തിൽ വിശദീകരിച്ചു.

ഈ വിശദീകരണത്തിന് ശേഷമാണ് പ്രസ്ഥാനത്തിൻെറ പിന്തുണ ആരോടാണെന്ന് വിശദമാക്കുന്ന പ്രതികരണങ്ങൾ വരുന്നത്.

''അഞ്ചുകൊല്ലത്തിൽ ഒരിക്കൽ  ഒരാളെ തിരഞ്ഞെടുത്തു. അഞ്ചുകൊല്ലം കഴിഞ്ഞ് അയാളെ വീണ്ടും കാണുക, അല്ലെങ്കിൽ ജനങ്ങൾക്ക് ഇടയിൽ അദ്ദേഹം കൂടുതൽ പ്രത്യക്ഷപ്പെടുന്നു എന്നതൊന്നും യഥാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പിൽ മാനദണ്ഡമാക്കാൻ പറ്റിയ കാര്യങ്ങളല്ല.അദ്ദേഹത്തിൻെറ രാഷ്ട്രീയ പരമായ കഴിവും , കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാനുളള പ്രാപ്തിയും അതിന് പാർട്ടിയിൽ നിന്ന് കിട്ടുന്ന സാഹചര്യവും എല്ലാം കൃത്യമായി പരിശോധിക്കേണ്ടതാണ്'' അബ്ദുൽഹക്കിം അസ്ഹരി  വ്യക്തമാക്കി.

കേരളത്തിലെ മുസ്ളിം സമൂഹത്തിൽ സാമാന്യം വലിയ വോട്ട് ബാങ്കാണ് കാന്തപുരം നയിക്കുന്ന സുന്നികൾ. പ്രവർത്തനത്തിൽ കേഡർ സ്വഭാവം പുലർത്തുന്നതിനാൽ വോട്ട് കൃത്യമായി വഴിതിരിച്ചുവിടാൻ സംഘടനക്ക് ശേഷിയുണ്ട്. ഇതാണ് കാന്തപുരത്തിൻെറ പിന്തുണ തേടി മുന്നണികൾ കാരന്തൂരിലെ മർക്കസിൽ എത്താൻ കാരണം.                        

Advertisment