Advertisment

ഗതാഗത കമ്മീഷണറുടെ പ്രവർ‍ത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ; അതൃപ്തി വ്യക്തമാക്കി മന്ത്രിയുടെ ഓഫിസിൻെറ വാ‍ർത്താകുറിപ്പ്; അതൃപ്തി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന നിർദ്ദേശം നടപ്പാക്കാത്തതിൽ ! മന്ത്രി നേരിട്ട്  യോഗം വിളിച്ച് നൽകിയ നി‍ർദ്ദേശങ്ങൾ അതേ ഗൗരവത്തിൽ നടപ്പിൽ വരുത്തിയില്ലെന്ന് വിമ‍ർശനം; മന്ത്രി വിദേശത്ത് നിന്ന് മടങ്ങിവന്ന ശേഷം കൂടുതൽ നടപടിക്ക് സാധ്യത

ഇന്ന് കഴക്കൂട്ടത്ത് യുവതിയുടെ തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങിയ പശ്ചാത്തലത്തിലാണ് നടപടികളിൽ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പ് ഇറക്കിയത്.

New Update
ganesh kumar

തിരുവനന്തപുരം: ഗതാഗത കമ്മീഷണറുടെ പ്രവ‍ർത്തനത്തിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടിപ്പർ‍ ലോറികളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന നി‍ർദ്ദേശം അവഗണിച്ചതിലാണ് മന്ത്രിക്ക് അതൃപ്തി. മന്ത്രി നേരിട്ട്  യോഗം വിളിച്ച് നൽകിയ നി‍ർദ്ദേശങ്ങൾ അതേ ഗൗരവത്തിൽ നടപ്പിൽ വരുത്തിയില്ലെന്ന് മനസിലാക്കിയ സാഹചര്യത്തിൽ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട്  അടിയന്തിരമായി വിശദീകരണവും തേടിയിട്ടുണ്ട്.

Advertisment

സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റി അമിത വേഗതയില്‍ ഓടിച്ച് മനുഷ്യരെ കൊല്ലുന്നതിനെതിരെ നടപടി സ്വീകരിക്കുവാന്‍ അലംഭാവം കാട്ടിയിട്ടുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാറിൻെറ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നുണ്ട്.


ഇന്ന് കഴക്കൂട്ടത്ത് യുവതിയുടെ തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങിയ പശ്ചാത്തലത്തിലാണ് നടപടികളിൽ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പ് ഇറക്കിയത്.


ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരങ്ങളെ തുടർന്ന് പ്രതിഷേധം ശക്തമായി വന്നിട്ടും സർക്കാ‍ർ നടപടികളെ ന്യായീകരിക്കാനും സമരത്തെ നേരിടാനും ട്രാൻസ്പോർട്ട് കമ്മീഷണ‍ർ തയാറായിട്ടില്ല. ഇക്കാര്യത്തിലും ഗതാഗത മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. ഡ്രൈവിങ്ങ് ടെസ്റ്റ് നവീകരിച്ച് കുറ്റമറ്റ രീതിയിൽ ലൈസൻസ് നൽകാനുളള നടപടികളെ ഗതാഗത കമ്മീഷണറും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ആ അർത്ഥത്തിൽ കണ്ടിട്ടില്ലെന്നാണ് മന്ത്രിയുടെയും ഓഫീസിൻെറയും വിമർശനം.

സർ‍ക്കാർ എന്തോ തെറ്റായ കാര്യം നടപ്പിലാക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മോട്ടോർ വാഹന വകുപ്പിനും പങ്കുണ്ടെന്ന് സംശയവുമുണ്ട്. ഗണേഷ് കുമാർ അധികാരമേറ്റതിന് പിന്നാലെ ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തുമായി തെറ്റിയിരുന്നു. വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ തുടങ്ങിയ ഭിന്നത, പിന്നീട് യോഗത്തിൽ വെച്ച് പരസ്യമായി ഏറ്റുമുട്ടുന്നതിൽ വരെയെത്തി. കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റിയതിന് ഒപ്പം ട്രാൻസ്പോ‍ർട്ട് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും നടന്നില്ല.

എന്നാൽ പരസ്യ ഏറ്റുമുട്ടലിന് ശേഷം ട്രാൻസ്പോർട്ട് കമ്മീഷണർ അൽപ്പം ഉൾവലിഞ്ഞാണ് പ്രവർത്തിക്കുന്നത്. ഗതാഗത കമ്മീഷണറേറ്റിൽ പൊതുവേ മെല്ലെപ്പോക്കുമുണ്ടെന്ന് ആക്ഷേമുണ്ട്. ഇതാണ് ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന മന്ത്രിയുടെ നിർദ്ദേശത്തിലും സത്വര നടപടി ഉണ്ടാവാത്തതിൻെറ കാരണമായി പറയപ്പെടുന്നത്. അത് മനസിലാക്കിയാണ് ഗതാഗത കമ്മീഷണറേറ്റിൻെറ പ്രവ‍ർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഓഫിസിനെ കൊണ്ട് വാ‍ർത്താകുറിപ്പിറക്കിച്ചത്.

 ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ വിദേശത്തായതിനാലാണ് ഓഫീസിൽ നിന്ന് വാർത്താകുറിപ്പിറക്കിയത്. മന്ത്രിയുടെ ഓഫിസിൻെറ വാ‍ർത്താകുറിപ്പിൻെറ പൂർണരൂപം ഇതാണ്.

 " ടിപ്പർ ലോറികളുടെ അമിതവേഗതയും മരണപ്പാച്ചിലും അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരോട് ബഹു. മന്ത്രി  ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഓരോ ദിവസവും അപകടങ്ങളും മരണവും പെരുകിവന്ന പശ്ചാത്തലത്തില്‍ മെയ് 2 ന് ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ മന്ത്രി തന്നെ നേരിട്ട്  അക്കമിട്ട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍,  അക്കാര്യത്തില്‍ ഗൗരവപൂര്‍വ്വമായ നടപടികള്‍ ഇനിയും സ്വീകരിച്ചിട്ടില്ലെന്ന് മനസ്സിലാക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട്  അടിയന്തിരമായി വിശദീകരണം തേടി സമര്‍പ്പിക്കുവാന്‍ ബഹു. മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ആവശ്യപ്പെടുന്നു. ഇന്ന് കഴക്കൂട്ടത്ത് ടിപ്പര്‍ ലോറിയിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അടിയന്തിര പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതാണ്.

സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റി അമിത വേഗതയില്‍ ഓടിച്ച് മനുഷ്യരെ കൊല്ലുന്നതിനെതിരെ നടപടി സ്വീകരിക്കുവാന്‍ അലംഭാവം കാട്ടിയിട്ടുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിര്‍ദ്ദേശാനുസരണം അറിയിക്കുന്നു''. മന്ത്രി ഗണേഷ് കുമാർ വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മോട്ടോർ വാഹന വകുപ്പിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്.                                                                              

Advertisment