Advertisment

ലോഡ് കൂടിയതോടെ കെ.എസ്.ഇ.ബിയ്ക്കു  നഷ്ടം 60 ട്രാന്‍സ്‌ഫോര്‍മര്‍ ഒരു ട്രാസ്‌ഫോര്‍മര്‍ നന്നാക്കാന്‍ വേണ്ടത് രണ്ടു ലക്ഷം രൂപ രാത്രിയും പകലും പ്രവര്‍ത്തിച്ചിട്ടും ഉപഭോക്താക്കളില്‍ നിന്നു ചീത്തവിളിയും ഉപരോധവും നേരിടുന്നതില്‍ പരാതിയുമായി ഉദ്യോഗസ്ഥരും

New Update
kseb mUntitled.jpg

കോട്ടയം:  ചൂടു താങ്ങാനാവാതെ രാത്രിയും പകലും വീടുകളിലെ മുഴുവന്‍ ഫാനും എ.സിയും ഉപയോഗിച്ചു തുടങ്ങിയതോടെ പിടിച്ചു നില്‍ക്കാനാവാതെ കെ.എസ്.ഇ.ബിയും. അമിത വൈദ്യുത ഉപയോഗം താങ്ങാനാകാതെ ജില്ലയില്‍ തകരാറിലായത് 60 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍. ചൂട് ക്രമാതീതമായി വര്‍ധിച്ചു തുടങ്ങിയതിനു പിന്നാലെയാണു ട്രാന്‍സ്‌ഫോര്‍മറുകള്‍ തുടര്‍ച്ചയായി അടിച്ചുപോകുന്നത്. രണ്ടു ലക്ഷം വീതം  ചെലവഴിച്ചാലേ ഓരോ ട്രാന്‍സ്‌ഫോര്‍മറും പൂര്‍വസ്ഥിതിയിലാകൂ. ഒരു കോടിയിലേറെ രൂപ ഈ ഇനത്തില്‍ മാത്രം കെ.എസ്.ഇ.ബിക്കു നഷ്ടമായി.

Advertisment

മാര്‍ച്ച് പകുതി മുതലാണു കെ.എസ്.ഇ.ബിയ്ക്കു കനത്ത നഷ്ടമുണ്ടായി തുടങ്ങിയത്. വേനല്‍ മഴ പെയ്തതിനു ശേഷമാണ് വൈദ്യൂതി ഉപയോഗം കുത്തനെ ഉയര്‍ന്നു തുടങ്ങിയതെന്ന് അധികൃതര്‍ പറയുന്നു. സംസ്ഥാനത്താകമാനം ഉപയോഗത്തില്‍ 14 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പതിവു വൈദ്യൂതി ഉപയോഗത്തിനു പുറമേ, രാത്രി മുഴുവന്‍ ഫാനും എ.സിയും ഉപയോഗിച്ചു തുടങ്ങിയതോടെ ഉപയോഗ വര്‍ധന ക്രമാതീതമാകുകയായിരുന്നു.

രാത്രിയില്‍ എ.സിയും ഫാനും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നതിനൊപ്പം ഇലക്ട്രിക്കല്‍ വാഹനങ്ങളുടെ ചാര്‍ജിങ്ങും വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോര്‍ ഉപയോഗിക്കുന്നതും വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതുമൊക്കെ ഉപയോഗം വര്‍ധിപ്പിച്ചു. ഇതോടെ, കെ.എസ്.ഇ.ബിയുടെ പല  ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും പ്രസരണം താങ്ങാന്‍ കഴിയാതെ വരികയായിരുന്നു. വര്‍ഷങ്ങളായി  ഉപയോഗിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറുകളുടെ പോലും പ്രവര്‍ത്തനം നിലച്ചു.

ഇത്തരത്തില്‍ തകരാറിലാകുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കു പകരം പള്ളത്തു നിന്നു ട്രാന്‍സ്‌ഫോര്‍മര്‍ പകരം നല്‍കുന്നതാണു പതിവ്.

എന്നാല്‍, തകരാറിലാകുന്നവയുടെ എണ്ണം വര്‍ധിച്ചതോടെ അങ്കമാലി ടെല്‍കില്‍ എത്തിച്ച് തകരാര്‍ പരിഹരിക്കേണ്ട അവസ്ഥയാണ്. ഇതു കാലതാമസത്തിനൊപ്പം വൈദ്യൂതി വിതരണം കൂടുതല്‍ തകരാറിലാകുന്നതിനും കാരണമാകുന്നു.

ഇതിനൊപ്പം വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ മിന്നലും കാറ്റും പലയിടങ്ങളിലും കെ.എസ്.ഇ.ബിയ്ക്കു നഷ്ടമുണ്ടാക്കി. മിന്നലില്‍ ട്രാന്‍സ്‌ഫോര്‍മര്‍ തകരുകയും കാറ്റില്‍ മരം വീണു ലൈനുകള്‍ പൊട്ടുകയും പോസ്റ്റുകള്‍ ഒടിയുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായി. വൈദ്യുതി നിലയ്ക്കുമ്പോള്‍ ഓഫീസിലേക്കും ജീവനക്കാര്‍ക്കും നേരെയുണ്ടാകുന്ന പ്രതിഷേധങ്ങളും കെ.എസ്.ഇ.ബിയുടെ നടുവൊടിക്കുകയാണ്.

Advertisment