Advertisment

ബസ് തടഞ്ഞ് ഡ്രൈവറെ ശകാരിച്ച സംഭവത്തിൽ തിരുവന്തപുരം മേയർക്കും ഭർ‍ത്താവ് സച്ചിൻ ദേവ് എം.എൽ.എക്കും തിരിച്ചടി. ഡ്രൈവർക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന ധാരണയിൽ കെ.എസ്.ആർ.ടി.സി. നടപടി വിശദമായി അന്വേഷിച്ച് റിപോർ‍ട്ട് ലഭിച്ച ശേഷം മാത്രം മതിയെന്ന് ഗതാഗത മന്ത്രി. ബസ് യാത്രക്കാരുടെ മൊഴി മേയറുടെയും ഭർത്താവിൻെറയും വാദങ്ങൾക്ക് എതിരാണെന്ന് സൂചന.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
arya-rajendran-sachindev-yadu-jpg.webp

തിരുവനന്തപുരം: കാറിന് സൈഡ് തരാത്തതിൽ പ്രകോപിതരായാണ്  തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ബാലുശേരി എം.എൽ.എയുമായ സച്ചിൻ ദേവും കെ.എസ്.ആർ.ടി.സി ബസിന് കാർ കുറുകെയിട്ട് തടഞ്ഞ സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. ബസിന് കുറുകെ കാർ ഇട്ട് തടസം ഉണ്ടാക്കിയതിന് പിന്നാലെ മേയറുടെ ഭർത്താവ് സച്ചിൻ ദേവ് ബസിലെ യാത്രക്കാരെ നടുറോഡിൽ ഇറക്കിവിട്ടതും വിവാദമായിട്ടുണ്ട്.

Advertisment

സിഗ്നലിൽ എത്തിയപ്പോഴാണ് ബസ് തടഞ്ഞതെന്ന മേയറുടെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡ്രൈവർക്ക് രാഷ്ട്രീയ തലത്തിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പിന്തുണയേറിയിട്ടുണ്ട്.സംഭവത്തിൽ മേയറെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു.

'' പൊതുപ്രവർത്തകർ കുറച്ചുകൂടി ജാഗ്രത പാലിക്കണം. മേയറും എംഎൽഎയും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. കെഎസ്ആർടിസി ഡ്രൈവർ നിരപരാധിയാണ്. ഡ്രൈവറിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. അദ്ദേഹത്തിൻറെ ഭാഗം കേൾക്കാൻ പോലും പോലീസ് തയ്യാറായില്ല'' ചെന്നിത്തല പ്രതികരിച്ചു.

 മേയർ ആര്യരാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയ്ക്കും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കെപിസിസി സെക്രട്ടറി അഡ്വ സി ആർ പ്രാണകുമാാണ് പരാതി നല്‍കിയത് . കെഎസ്ആർടിസി ബസ് തടഞ്ഞ് യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തിയെന്ന ആക്ഷേപം

ഉന്നയിച്ചാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മേയറുടെയും ഭർത്താവിന്‍റെയും നടപടി സുഗമമായി യാത്ര ചെയ്യാനുളള അവകാശത്തിന്റെ ലംഘനമാണ്. ഇരുവരുടെയും നടപടി തെറ്റായ സന്ദേശം നല്‍കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ ‍ട്രേഡ് യൂണിയനുകളും ഡ്രൈവർക്ക് പിന്തുണയുമായി രംഗത്തുണ്ട്.

മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്  കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തി. മേയറും എം എൽ എയും നടത്തിയ അതിക്രമങ്ങൾക്കെതിരെ കേസ് എടുക്കണമെന്ന് മാർച്ച് ഉൽഘാടനം ചെയ്ത  എം. വിൻസെന്റ് എം എൽ എ ആവശ്യപ്പെട്ടു. എ കെ ജി സെന്റെറിൽ സ്റ്റാമ്പ്‌ ഒട്ടിച്ചല്ല പോലീസ് ശമ്പളം വാങ്ങുന്നത് എന്ന് പോലീസ് തെളിയിക്കണം. ബസിൽ നിന്ന് യാത്രികരെ ഇറക്കിവിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. അഹങ്കാരത്തിൻെറ വിവർത്തനമായി കേരളത്തിലെ സി.പി.എം മാറിയെന്നും വിൻസന്റ് എം.എൽ.എ കുറ്റപ്പെടുത്തി. ബി.ജെ.പി അനുകൂല ട്രേഡ് യൂണിയനായ ബി.എം.എസും ഡ്രൈവറെ പിന്തുണച്ച് പ്രതികരണവുമായെത്തി.

മേയറുടേത് അധികാരമുണ്ടെങ്കിൽ ആരുടേയും നെഞ്ചത്ത് കയറാമെന്ന ധാർഷ്ട്യമാണ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ആദ്യം മേയർക്ക് എതിരെയാണ് കേസ് എടുക്കേണ്ടത്. ഡ്രൈവർ ലൈംഗികചേഷ്ട കാണിച്ചു എന്നത് പച്ചക്കള്ളമാണ്.

മേയറുടെ മനസികാവസ്ഥ പരിശോധിക്കണം. ഡ്രൈവറുടെ പരാതി സ്വീകരിക്കാൻ പോലീസ് സന്നദ്ധമാകണം. ഡ്രൈവർക്ക് നിയമപരമായ പിന്തുണ നൽകുമെന്ന് കെഎസ്.ടി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.രാജേഷ് പ്രസ്താവനയിൽ പറഞ്ഞു. നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെ ഇറക്കിവിട്ട സംഭവത്തിൽ കെ.എസ്.ആർ.ടി.സി നടപടി എടുക്കാത്തതും   മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കും തിരിച്ചടിയായിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകിയാൽ മതിയെന്നാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശം.

ബസിൽ റിസർവ് ചെയ്ത് യാത്രചെയ്തവരെ ഫോണിൽ ബന്ധപ്പെട്ട കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന ധാരണയിലെത്തിയത്. റിസർവ് ചെയ്ത യാത്രക്കാരുടെ മൊഴികൾ മേയറും ഭർത്താവും പറയുന്ന വാദങ്ങളെ ശരിവെയ്കുന്നതല്ല. ഇതാണ് തിടുക്കപ്പെട്ടുളള നടപടിയിൽ നിന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് പിന്മാറാൻ കാരണം. മേയറുടെ പരാതി അന്വേഷിച്ച്   ഇന്നലെ തന്നെ റിപ്പോർട്ട് നൽകാനായിരുന്നു ആദ്യം നിർദ്ദേശിച്ചത്. കെ.എസ്ആ.ർ.ടി.സി വിജിലൻസ് ഓഫീസറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകേണ്ടത്. ഗതാഗത മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് ഒരാഴ്ചക്ക് ഉള്ളിൽ നൽകണമെന്നാണ് പുതിയ നിർദ്ദേശം. റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പൊലീസുമായി സഹകരിക്കാനും നിർദ്ദേശമുണ്ട്. കേശവദാസപുരം മുതലുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ച ശേഷം റിപോർട്ട് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റമറ്റ റിപ്പോർട്ടാകണം സമർപ്പിക്കേണ്ടത്.

ഒരാഴ്ച സാവകാശം നൽകിയിട്ടുണ്ട് എങ്കിലും കഴിയുന്നത്ര വേഗം കൈമാറണെമന്നാണ് ഗതാഗത മന്ത്രി മാനേജ്മെൻെറിനെ അറിയിച്ചിരിക്കുന്നത്. ഡ്രൈവർ അശ്ലീല ചേഷ്ട കാണിച്ചത് കൊണ്ടാണ് കാർ ബസിന് കുറകെയിട്ട് തടഞ്ഞതെന്നാണ് മേയർ ആര്യാ രാജേന്ദ്രൻെറയും  എം.എൽ.എയായ ഭർത്താവ് സച്ചിൻ ദേവിൻെറയും വാദം.

ബസ് സിഗ്നലിൽ നിർത്തിയപ്പോൾ സംസാരിച്ചു എന്നും  മേയറും ഭർത്താവും വാദിച്ചിരുന്നു. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. സീബ്രാ ലൈനിൽ കാർ കുറുകെ നിർത്തിയാണ് ബസ് തടഞ്ഞതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.ഡ്രൈവർ ലഹരി ഉപയോഗിച്ചരുന്നു എന്നും മേയർ ആരോപിച്ചിരുന്നു. വൈദ്യ പരിശോധനയിൽ അതും തെറ്റാണെന്ന് തെളിഞ്ഞു. മേയറുടെ പരാതിയിൽ അതിവേഗം കേസ് എടുത്ത പൊലീസ് ജോലി തടസപ്പെടുത്തിയെന്ന് കാണിച്ച് ഡ്രൈവർ നൽകിയ പരാതിയിൽ ഇതുവരെ കേസ് ചാർജ് ചെയ്തിട്ടില്ല.പൊലീസ് കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഡ്രൈവർ എൽ.എച്ച്. യദുവിൻെറ നിലപാട്.

  രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെ തലസ്ഥാന നഗരത്തിൻെറ ഭരണ സാരഥ്യം ഏറ്റെടുത്ത ആര്യാ രാജേന്ദ്രൻ എന്നും വിവാദങ്ങളുടെ സഹയാത്രികയാണ്. ഭരണ പരിചയമില്ലായ്മയും നഗരസഭ കേന്ദ്രീകരിച്ച് തട്ടിപ്പുകൾ വ്യാപകമായതോടെ പ്രായം കുറഞ്ഞ മേയർ എന്ന പ്രതിഛായ നഷ്ടമായി. എസ്.സി - എസ്.ടി ഫണ്ട് തട്ടിപ്പ് പോലുളള പാർട്ടിക്കാർ‍ പങ്കാളിയായ തട്ടിപ്പുകളിൽ നടപടി എടുക്കാൻ മേയർക്കായില്ല. ഇതിന് പിന്നാലെ നഗരസഭയുടെ സോണൽ ഓഫീസുകൾ കേന്ദ്രീകരിച്ച് നികുതി പണം തട്ടിച്ചത് കൂടി പുറത്തുവന്നതോടെ മേയറുടെ നിയന്ത്രണത്തിന് അപ്പുറമാണ് കാര്യങ്ങളെന്ന് വ്യക്തമായി.

നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ നിയമനത്തിന് പട്ടിക തേടി സി.പി.എം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തായതോടെ മേയർ വിവാദത്തിൻെറ ആഴക്കടലിലേക്ക് എടുത്തെറിയപ്പെട്ടു. ഭരണ പരാജയം വ്യക്തമായതോടെ മേയറെ മാറ്റാൻ ശക്തമായ സമ്മർദ്ദം ഉണ്ടായെങ്കിലും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ എന്നിവരുടെ പിന്തുണയിൽ മേയർ രക്ഷപ്പെട്ടു.

കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ ഉണ്ടായ നടപടിയിലും പാർട്ടി നേതൃത്വം മേയർക്കൊപ്പമാണ്. വിവാദങ്ങൾ ആവർത്തിക്കുമ്പോഴും പ്രായം കുറഞ്ഞ മേയറെ തിരുത്താൻ നേതൃത്വം തയാറല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

Advertisment