Advertisment

മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസ്; വലിയ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്ന രീതി: വി ഡി സതീശൻ

New Update
vs satheesan kollam-2

കൊച്ചി: മാത്യുകുഴൽ നാടൻ എംഎൽഎയേയും കോൺഗ്രസ് ജില്ലാ കമ്മിറ്റി അദ്ധ്യക്ഷൻ ഷിയാസിനേയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അതിശക്തമായി തന്നെ പ്രതിഷേധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനകീയ പ്രശ്‌നത്തിലാണ് അവർ ഇടപെട്ടത്. ഒരു കുറ്റകൃത്യവും അവർ നടത്തിയിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. 

Advertisment

2024 ആരംഭിച്ച് മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ വനാതിർത്തിയിൽ ഏഴ് പേരെയാണ് ആന ചവിട്ടിക്കൊന്നത്. 2016മുതൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം 909 പേരായി. സർക്കാർ നിഷ്ക്രിയരായിരിക്കുകയാണ്. ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തേക്കോ ഒരു പദ്ധതിയും സർക്കാരിനില്ലെന്നും വിഡി സതീശൻ പറഞ്ഞു.

48കോടി രൂപമാത്രമാണ് ഇത്തവണത്തെ ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. ഒരു ഇലക്ട്രിക് ഫെൻസിങ് പോലും കെട്ടാനോ ട്രഫഞ്ച് കുഴിക്കാനോ ഒരു സംവിധാനവും പദ്ധതിയും സർക്കാരിന്റെ കീഴിൽ ഇല്ല. മനുഷ്യനേയും അവരുടെ സ്വത്തിനേയും വന്യ ജീവികളുടെ ദയാവായ്പ്പിന് വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ്. ജനങ്ങൾക്ക് എന്ത് സംഭവിച്ചാലും സർക്കാരിന് ഒരു പ്രശ്‌നവുമില്ല. വനംവകുപ്പിന്റെ ക്രൂരമായ നടപടിക്കെതിരായിട്ടുള്ള വൈകാരികമായിട്ടുള്ള പ്രതിഷേധമാണ് വയനാട്ടിലും കോതമംഗലത്തും നടന്നത്. സ്വാഭാവികമായും നടന്ന പ്രതിഷേധമാണതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

'ഇന്നലെ കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്. ബന്ധുക്കളുടെ പക്കൽ നിന്നും മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചാണ് ആംബുലൻസിൽ കയറ്റിക്കൊണ്ട് പോയത്. കൊലപാതക കുറ്റത്തിനേക്കാളും വലിയ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്ന രീതിയിലാണ് ഇന്നലെ ഡിസിസി പ്രസിഡന്റിനെ സമരം ചെയ്യുന്ന സ്ഥലത്തുനിന്ന് പിടിച്ചുകൊണ്ട് പോയത്. എന്തുകുറ്റമാണ് ചെയ്തത്. എന്തിനാണ് ഡിസിസി പ്രസിഡന്റിനെ ജീപ്പിൽ കറക്കിയത്. ടൂറുകൊണ്ടുപോയതാണോ, അറസ്റ്റ് ചെയ്തതാണോ. അറസ്റ്റ് ചെയ്ത്, മെഡിക്കൽ ചെക്കപ്പ് നടത്തി മജിസ്‌ട്രേറ്റ് മുന്നിൽ ഹാജരാക്കാനുള്ള നടപടി ലംഘിച്ചത് പൊലീസാണ്. എന്തിനാണ് ഡിസിസി പ്രസിഡന്റിനെ ഒന്നരമണിക്കൂർ പ്രദേശത്ത് മുഴുവൻ കറക്കിയതെന്ന് പൊലീസ് വ്യക്തമാക്കണെം' വിഡി സതീശൻ ആവശ്യപ്പെട്ടു.

എന്ത് കുറ്റം ചെയ്തിട്ടാണ് മാത്യുകുഴൽ നാടനെ അറസ്റ്റ് ചെയ്തതെന്നും വി ഡി സതീശൻ ചോദിച്ചു. മനഃപൂർവ്വമായി ചെയ്തതാണ്. ജില്ലാ കമ്മിറ്റി നേതാവിനെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിക്കൊണ്ടുപോവുക, എംഎൽഎയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുക. കിരാതമായ നടപടിയാണ്.

അതേ അവസരത്തിൽ എസ്എഫ്‌ഐയുടെ സെക്രട്ടറി പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻറെ പേരിൽ തിരുവനന്തപുരത്ത് സമരം നടത്തുകയാണ്. എറണാകുളം ലോകോളേജ് ഹോസ്റ്റലിൽ കെഎസ്‌യു നേതാവിനെ തട്ടിക്കൊണ്ടുപോയി രാത്രി കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ജാമ്യമില്ലാ കേസിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ക്രിമിനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കാംപസുകൾ മുഴുവൻ അഴിഞ്ഞാടൻ ഈ ക്രിമിനലുകളെ വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

 

Advertisment