Advertisment

കൃത്യം നടത്തിയത് സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍; കോതമംഗലത്ത് 72കാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

New Update
1416429-saramma-murderjpg-2.webp

കൊച്ചി: കോതമംഗലം കള്ളാട്ട് 72കാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. സ്വർണാഭരണം കവർച്ച ചെയ്യാൻ വേണ്ടിയാണു കൃത്യം നടത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സംഭവത്തിൽ അയൽവാസികളായ മൂന്ന് അസം സ്വദേശികളെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. മരിച്ച സാറാമ്മയുടെ പോസ്റ്റ്‌മോർട്ടം ഇന്നു നടക്കും.

Advertisment

ഇന്നലെ ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിലാണ് സാറാമ്മ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെ മരുമകൾ സ്‌കൂളിൽനിന്നു തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. തലയിൽ ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതായാണു പ്രാഥമിക നിഗമനം. നാല് വള, ഒരു മാല ഉൾപ്പെടെ ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും കാണാതായിരുന്നു.

മൃതദേഹം കടന്ന സ്ഥലത്ത് മഞ്ഞൾപ്പൊടി വിതറിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനും പ്രതികൾക്കു രക്ഷപ്പെടാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തിനു പിന്നാലെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ഇന്നലെ മുതൽ പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവരെ പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു. മൂന്നുപേരെയും ചോദ്യംചെയ്തുവരികയാണ്.

Advertisment