Advertisment

കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയതിൽ കോൺ​ഗ്രസിനകത്തെ കലാപം കെട്ടടങ്ങും മുമ്പ് സ്ഥാനാർത്ഥിയുടെ പാർട്ടിയായ കേരള കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ കോൺ​ഗ്രസിനുള്ളിൽ കടുത്ത അമർഷം. പ്രശ്നം പരിഹരിക്കാനുള്ള കോൺ​ഗ്രസ് നിർദേശം നടപ്പിലാക്കുന്നതിൽ ഫ്രാൻസിസ് ജോർജും മോൻസ് ജോർജും വീഴ്ച വരുത്തിയതായും വിമർശനം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
saji_manjakadambil.jpg

കോട്ടയം: തിരഞ്ഞെടുപ്പ് പര്യടനം സജീവമാകുന്നതിനിടെ സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പാർട്ടി ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്പന്റെ രാജി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളിൽ ഞെട്ടി യുഡിഎഫും കോൺ​ഗ്രസും. കോട്ടയം സീറ്റ് കോൺ​ഗ്രസ് ഏറ്റെടുക്കണമെന്ന് ജില്ലയിലെ നേതൃത്വം ഒന്നാകെ ആവശ്യപ്പെട്ടിട്ടും ആളില്ലാ പാർട്ടിയായ കേരള കോൺ​ഗ്രസിന് സീറ്റ് അനുവദിച്ചതിൽ ജില്ലയിലെ കോൺ​ഗ്രസിനകത്തെ കലാപങ്ങൾ‌ കെട്ടടങ്ങും മുമ്പാണ് സ്ഥാനാർ‌ത്ഥിയുടെ സ്വന്തം പാർട്ടിക്കുള്ളിലെ കലാപം പുറത്തു വന്നിരിക്കുന്നത്.

പ്രചരണത്തിനിടെയുണ്ടായ പൊട്ടിത്തെറി മുന്നണിക്ക് തിരഞ്ഞെടുപ്പിൽ വലിയ നാണക്കേടായി മാറുമെന്ന് ഉറപ്പാണ്. കോട്ടയത്ത് നാമമാത്ര ആൾബലമുള്ള കേരള കോൺഗ്രസിൽ മോൻസ് ജോസഫ് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രവർത്തക പിന്തുണയുള്ള നേതാവാണ് സജി മഞ്ഞക്കടമ്പൻ. സജിയുമായുള്ള പ്രശ്നങ്ങൾ‌ ഉടൻ പരിഹരിക്കണമെന്ന് മോൻ‌സ് ജോസഫിന് കോൺ​ഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതേ നിർ​ദേശം സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജിനും കോൺ​ഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു. എന്നാൽ പ്രശ്ന പരിഹാരത്തിന് പകരം വിഷയം വഷളാകുന്ന സമീപനമാണ് മോൻസും ഫ്രാൻസിസ് ജോർജും സ്വീകരിച്ചതെന്ന പരാതിയാണ് കോൺ​ഗ്രസിനുള്ളത്. 

പാലാ നിയോജക മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർ‌ത്ഥി പര്യടനം നടക്കുന്ന ദിവസം തന്നെയാണ് പാലായിൽ നിന്നുള്ള നേതാവ് കൂടിയായ സജി മഞ്ഞക്കടമ്പൻ രാജിവെച്ച ക്ഷീണം കോൺ​ഗ്രസിനെ അലട്ടുന്നത്.

Advertisment