Advertisment

പോള ശല്യം കൊണ്ട് പൊറുതി മുട്ടി ബോട്ട് യാത്രികർ; സ്ഥിരമായി ജോലിക്കു പോകാൻ പോലുമാകാതെ കോടിമത- കുമരകം- ആലപ്പുഴ ബോട്ട് സർവീസിനെ ആശ്രയിക്കുന്ന തൊഴിലാളികൾ

പോള നീക്കാൻ ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി ജനങ്ങൾ

New Update
boat

കുമരകം:  പോള ശല്യം കൊണ്ട് പൊറുതി മുട്ടി  ബോട്ട് യാത്രികർ. പോള നീക്കാൻ ശാശ്വത പരിഹാരം വേണമെന്ന് ജനങ്ങളും. കാഞ്ഞിരം, കുമരകം മേഖലയിൽ നിന്നുള്ള വിദ്യാർഥികളും നഗരത്തിൽ ജോലിക്കെത്തുന്നവരും ജലഗതാഗതത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. തോടുകളിൽ പോള നിറയുന്നതോടെ കോടിമത കുമരകം ആലപ്പുഴ  ബോട്ട് സർവീസിനെ ആശ്രയിക്കുന്നവർക്ക് സ്ഥിരമായി ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയാണ്.

Advertisment

പടിഞ്ഞാറൻ മേഖലയിൽ നിന്ന് കോട്ടയം നഗരത്തിലേക്ക് ബോട്ടിൽ എത്തുന്ന തൊഴിലാളികൾക്കാണ് ബോട്ട് മുടക്കം ബുദ്ധിമുട്ടാകുന്നത്. കോട്ടയത്ത് എത്തിയാലും തിരികെ വീട്ടിൽ എപ്പോഴെത്തുമെന്നതിൽ ഉറപ്പില്ല. സ്ത്രീ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.  പോളയിലൂടെയുള്ള സഞ്ചാരം ബോട്ടുകളുടെ പ്രൊപ്പല്ലറുകൾക്ക് കേടുപാടുണ്ടാക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.

കഴിഞ്ഞ ദിവസം പ്രൊപ്പല്ലറിന് കേടുപാട് സംഭവിച്ചതിനെത്തുടർന്ന് മൂന്ന് ദിവസത്തോളം യാത്രാ ബോട്ട് ഉണ്ടായിരുന്നില്ല. കോടിമത– ആലപ്പുഴ ജലപാതയിൽ കാഞ്ഞിരം മുതൽ  വെട്ടിക്കാട് വരെയാണ് പോള രൂക്ഷം. യാത്രാബോട്ടുകൾക്കു ജെട്ടിയിലേക്ക് എത്താൻ പ്രയാസമാണ്.

ദിവസേന 6 ബോട്ട് സർവീസുകളാണ് കോടിമതയിൽ നിന്നുള്ളത്. കോണത്താറ്റു പാലത്തിന്റെ പണി നടക്കുന്നതിനാൽ കുമരകം ഭാഗത്തു നിന്നുള്ള യാത്രക്കാർ കൂടുതലും ഇപ്പോൾ ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. തണ്ണീർമുക്കം ബണ്ടിൽ ഷട്ടറിടുമ്പോഴാണ് ഇവിടെ ജലാശയങ്ങളിൽ പോള കയറുന്നത്. കായലിൽ നിന്ന് ഉപ്പുവെള്ളം കയറുമ്പോൾ പോള നശിക്കുകയാണു പതിവ്. ഷട്ടർ തുറക്കാത്തതിനാൽ ഉപ്പുവെളളം എത്തുന്നില്ല.



 ഇതോടൊപ്പം മറ്റു മാലിന്യവും കൂടിക്കിടക്കുന്നതിനാൽ പോളയ്ക്കുള്ളിലൂടെയുള്ള സഞ്ചാരം പ്രയാസമാണെന്നാണ് ദിവസവുമുള്ള യാത്രക്കാരുടെ പരാതി. വിദേശ സഞ്ചാരികളുൾപ്പെടെ ഒട്ടേറെ ആളുകൾ ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ യാത്ര ചെയ്യാൻ എത്തുന്നുണ്ട്. സമാന അവസ്ഥയാണ് ഹൗസ് ബോട്ടുകളുടെതും. സവാരി പോകുന്ന ഹൗസ് ബോട്ടുകൾ പോളകൂട്ടത്തിൽ കുടുങ്ങുന്നതും പതിവാണ്.  

മുൻപ് കുമരകത്തെ പോള നീക്കം ചെയുന്നതിനായി യന്ത്രമടക്കം എത്തിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. തോടുകളിൽ നിറയുന്ന പോള നീക്കം ചെയ്യാൻ ശ്വാശ്വത പരിഹാരം കാണണമെന്നാണ് കുമരകത്തെ ജനങ്ങളുടെ ആവശ്യം.

Advertisment