Advertisment

കേരളത്തിൽ ഇത്തവണ നടക്കുന്നത് മുൻപൊരിക്കലുമില്ലാത്ത വാശിയേറിയ പോരാട്ടം; മൂന്ന് മണ്ഡലങ്ങളിൽ അതിശക്തമായ ത്രികോണപ്പോര് ! നാലിടത്ത് പ്രവചനങ്ങൾ അസാദ്ധ്യമായ തരത്തിലുള്ള നേർക്കുനേർ പോരാട്ടം; യുവവോട്ടുകൾ എങ്ങോട്ട് മറിയുമെന്ന് മുന്നണികൾക്ക് ആശങ്ക; അട്ടിമറി ഫലങ്ങൾക്ക് വഴിയൊരുക്കുമോ വോട്ടെടുപ്പ് ?

ത്രികോണ പോരാട്ടത്തിൽ തൃശ്ശൂരാണ് മുമ്പിൽ.  മോദി ഇഫക്ടിനപ്പുറത്ത് സുരഷ്‌ഗോപി ഉണ്ടാക്കിയ ജന സ്വാധീനം വലുതാണ്.  ഇടതു പക്ഷത്തെ സി.പി.ഐയുടെ സുനിൽകുമാറും വലത്ത് കെ.മുരളീധരനും കരുത്തരാണ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ldf udf bjp

തിരുവനന്തപുരം: പോളിംഗിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, ഇരുപത് മണ്ഡലങ്ങളിലും ആവേശം കത്തിക്കയറുകയാണ്. ഇതിൽ ഏഴ് മണ്ഡലങ്ങളിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ. മൂന്ന് മണ്ഡലങ്ങളിൽ ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ തമ്മിൽ അതിശക്തമായ ത്രികോണ പോരാട്ടമാണ്. ഇത്തവണത്തെ ഫലം ഈ മണ്ഡലങ്ങളിൽ പ്രവചനാതീതമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങൾ തൂത്തുവാരിയ യു.ഡി.എഫിൽ നിന്ന് ഇത്തവണ സീറ്റുകൾ ഒന്നാകെ പിടിച്ചെടുക്കുമെന്ന വാശിയിലാണ് എൽ.ഡി.എഫ്. അതേസമയം, യുവാക്കളുടെ വോട്ടുകൾ എങ്ങോട്ട് മറിയുമെന്ന ആശങ്കയിലാണ് മുന്നണികൾ.

Advertisment

മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വാശിയേറിയ ത്രികോണ മത്സരമാണ് കേരളത്തിൽ ചില മണ്ഡലങ്ങളിൽ ഇത്തവണ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവും ക്രിസ്ത്യൻ സഭകളുടെ വോട്ടുറപ്പിക്കാനുള്ള ശ്രമവുമെല്ലാം ത്രികോണ മത്സരത്തിന്റെ മൂർച്ച കൂട്ടുന്നു. തൃശൂരും തിരുവനന്തപുരത്തും ആറ്റിങ്ങലുമാണ് അതിശക്തമായ ത്രികോണ മത്സരമുളള്ളത്. വടകരയിലും കണ്ണൂരിലും ആലത്തൂരും  അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇവിടങ്ങളിൽ ഫലം പ്രവചനാതീതമായിരിക്കുമെന്നും ആർക്കായാലും വിജയം തീരെ ചെറിയ മാർജിനിലായിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ്.  


 പാനൂരിലെ ബോംബ്, ഇടത് സ്ഥാനാർഥി കെ.കെ.ശൈലജ യു.ഡി.എഫ് സ്ഥാനാർഥി ഷാഫിക്കെതിരെ ഉയർത്തിയ അപകീർത്തി പരാമർശം,  മുഖ്യമന്ത്രി പിണറായി രാഹുൽ ഗാന്ധിക്കെതിരേ നടത്തിയ പരാമർശങ്ങൾ, പൗരത്വ ബില്ലിനെതിരായ സമരം, കേരളാ സ്റ്റോറി സിനിമ,  സമസ്തയിലെ ഒരുവിഭാഗത്തിന്റെ എതിർപ്പ്, തൃശ്ശൂർ പൂരം കലക്കൽ, മോദിയുടെ രാജസ്ഥാൻ പ്രസംഗം എന്നിവയെല്ലാം തിരഞ്ഞെടുപ്പിന്റെ വിധിനിർണയിക്കുമെന്നുറപ്പാണ്.


 വടകരയിലെ അങ്കത്തട്ടിൽ പൂഴിക്കടകൻ പാറുകയാണ്. അതിനിടെ അവഹേളനം, മോർഫിംഗ്, ബോംബ്, 51 വെട്ട് തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളും. കഴിഞ്ഞ തവണ കെ.മുരളീധരന്റെ 84663 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.കെ.ശൈലജയ്ക്ക് മറികടക്കാനുള്ളത്. ഷാഫിയുടെ വ്യക്തിപ്രഭാവത്തിൽ വോട്ടുകൾ അപ്പാടെ പെട്ടിയിലെത്തുമെന്ന് യു.ഡി.എഫ് കണക്കാക്കുന്നു.

കണ്ണൂരിൽ സിറ്റിംഗ് എം.പി.കെ.സുധാകരനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും തമ്മിലെ പോരും പ്രവചനാതീതമാണ്. കഴിഞ്ഞ തവണ സുധകരനുവേണ്ടി വോട്ടുപിടിച്ച എം.രഘുനാഥ് എൻ.ഡി.എ സ്ഥാനാർത്ഥിയാണ്. കഴിഞ്ഞ തവണ പി.കെ.ശ്രീമതിയെ 94,559 വോട്ടുകൾക്ക് തോൽപിച്ചാണ് സുധാകരൻ വിജയിച്ചത്. ഇത്രയും വലിയ ഭൂരിപക്ഷമാണ് ഇത്തവണ ഇടതുപക്ഷത്തിന് മുന്നിലെ വെല്ലുവിളി. രമ്യാ ഹരിദാസിന് ഇത്തവണ ആലത്തൂരിൽ പാട്ടും പാടി ജയിക്കാനാവില്ല. സി.പി.എമ്മിലെ കരുത്തനും ജനകീയനും മന്ത്രിയുമായ കെ.രാധാകൃഷ്ണനാണ് ഇടുതു സ്ഥാനാർഥി. എവിടെ തോറ്റാലും ആലത്തൂരിൽ ജയം ഉറപ്പെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.

കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നതു തന്നെ വിജയം ഉറപ്പിക്കാനും ഭൂരിപക്ഷം ഉയർത്താനുമാണ് . കെസിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ആരിഫ് ശ്രമം നടത്തുകയും ചെയ്തു . പക്ഷേ അതെത്ര ഫലം കണ്ടു എന്ന് കണ്ടറിയണം. 2019ൽ കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞ് വീശിയപ്പോൾ ഇടതിന്റെ മാനം രക്ഷിച്ച മണ്ഡലമാണ് ആലപ്പുഴ. അതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും എൽ.ഡി.എഫിന്റെ അജൻഡയിൽ ഇല്ല. കോൺഗ്രസ് ദേശീയ നേതാവായ വേണുഗോപാലിന്റെ വ്യക്തി പ്രഭാവത്തിൽ ഭൂരിപക്ഷത്തിൽ റിക്കാർഡ് സൃഷ്ടിക്കാനാണ്  യു.ഡി.എഫ് നീക്കം . എന്നാൽ ആരിഫിന്റെ ജനകീയതയും വലുതാണ്. എൻ.ഡി.എ പക്ഷത്തും ചില്ലറക്കാരിയല്ല. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ തീപ്പാറിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലും ശക്തി തെളിയിക്കും എന്നുറപ്പാണ്.


ത്രികോണ പോരാട്ടത്തിൽ തൃശ്ശൂരാണ് മുമ്പിൽ. തൃശ്ശൂർ പൂരം കൂടി കലങ്ങിയതോടെ ത്രികോണത്തിന് അവിടെ ശക്തി കൂടിയിട്ടുണ്ട്.  മോദി ഇഫക്ടിനപ്പുറത്ത് സുരഷ്‌ഗോപി ഉണ്ടാക്കിയ ജന സ്വാധീനം വലുതാണ്.  ഇടതു പക്ഷത്തെ സി.പി.ഐയുടെ സുനിൽകുമാറും വലത്ത് കെ.മുരളീധരനും കരുത്തരാണ്.


 ബി.ജെ.പി ജയിക്കുമെന്ന് തോന്നിയാൽ വോട്ട് മറിക്കുന്ന പതിവുതന്ത്രം അതിനാൽ തന്നെ വിലപ്പോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുവട്ടമാണ് സുരേഷ്‌ഗോപിക്കായി തൃശ്ശൂരിലിറങ്ങിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന വയനാട്ടിനെപ്പോലും പരിഗണിക്കാതെ സുരേഷിനായി മോദി പറന്നിറങ്ങി. കഴിഞ്ഞതവണ പ്രതാപന്റെ ഭൂരിപക്ഷം 93,633 ആയിരുന്നു. ഇത്തവണ ആര് ജയിച്ചാലും വമ്പൻ ഭൂരിപക്ഷം ഉണ്ടാവില്ലെന്നുറപ്പാണ്.

തിരുവനന്തപുരത്തും ശക്തമായ ത്രികോണ പോരാട്ടമാണ്. ശശിതരൂരും രാജീവ് ചന്ദ്രശേഖറും പന്ന്യൻ രവീന്ദ്രനും മണ്ഡലം ഇളക്കിമറിക്കുന്നു. കേന്ദ്രമന്ത്രി എന്നനിലയിൽ രാജ്യത്തിനും തിരുവനന്തപുരത്തിനും താൻ നൽകിയ സംഭാവനയും രാജ്യത്തുടനീളം ആഞ്ഞുവീശുന്ന മോദി ഇഫക്ടും ചന്ദ്രശേഖർ പ്രചാരണ ആയുധമാക്കുന്നു. വിശ്വപൗരനെന്ന ഇമേജാണ് തരൂരിന്റെ ആയുധം. നായർ, നാടാർ, ഈഴവ, ക്രിസ്ത്യൻ, മുസ്ലീം വേട്ടുകളാവും മണ്ഡലത്തിലെ വിധി നിർണയിക്കുക. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് തിരുവനന്തപുരം. കുമ്മനത്തിനെതിരെ 99,989വോട്ടിന്റെ ഭൂരിപക്ഷം തരൂർ നേടിയപ്പോൾ ഇടത് സ്ഥാനാർഥി സി.ദിവാകരനേക്കാൾ 57,586 വോട്ട് കുമ്മനം നേടിയതാണ് ചന്ദ്രശേഖറിന്റെ ഇത്തവണത്തെ പ്രധാന പ്രതീക്ഷ.

ആറ്റിങ്ങലിലും ത്രികോണപ്പോര് കടുക്കുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരൻ  ഒരു വർഷമായി ആറ്റിങ്ങലിൽ വീടെടുത്ത് താമസിച്ച് മണ്ഡലത്തിന്റെ മുക്കുമൂലയും നിറഞ്ഞ പ്രചരണം നടത്തുകയാണ്.  ആറ്റിങ്ങലിൽ മുൻകാലങ്ങളിലൊന്നും കാണാത്ത തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബി.ജെ.പി നീങ്ങിയപ്പോൾ ഇടത്-വലത് സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പ് ഉയരുകയാണ്. കഴിഞ്ഞ തവണ 38,247ആയിരുന്നു എ.സമ്പത്തിനെതിരെ അടൂർപ്രകാശിന്റെ ഭൂരിപക്ഷം.  ഇടത് സ്ഥാനാർഥി സി.പി.എമ്മിന്റെ ജനകീയനായ നേതാവും നാട്ടുകാരനുമായ വി.ജോയിയാണ്.  മണ്ഡലത്തിൽ മറ്റൊരു അട്ടിമറി നടക്കുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നു.

Advertisment