Advertisment

കേരളം നാളെ പോളിങ്ങ് ബൂത്തിലേക്ക്; വീറും വാശിയും വിവാദങ്ങളും കൊണ്ട് സമ്പന്നമായിരുന്ന പരസ്യ പ്രചാരണത്തിന് ആവേശകരമായ  കൊടിയിറക്കം; നിശബ്ദ പ്രചാരണത്തിൻെറ ദിവസമായ ഇന്ന് വോട്ടർമാരെ ഒപ്പം നിർത്താനുളള അവസാന ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നണികൾ; പരസ്യ പ്രചരണം അവസാനിക്കുമ്പോഴും നിശബ്ദ തരംഗം ആഞ്ഞ് വീശുമോ എന്ന ആശങ്കയും മുന്നണികളെ വിട്ടൊഴിയുന്നില്ല

നിശബ്ദ പ്രചരണത്തിന്‍റെ മണിക്കൂറുകളാണ്. അവസാന വോട്ടും ഉറപ്പിക്കാനുളള അടവുകളാണ് ഇനി മുന്നണികള്‍ പയറ്റുക. പ്രചരണ കാലയളവില്‍ വിട്ടുപോയ ഇടങ്ങളിലെത്തിയും പ്രമുഖ വ്യക്തികളെ  ഒരിക്കല്‍ കൂടി കണ്ടും സ്ഥാനാർത്ഥികളും വോട്ടുറപ്പിക്കാൻ ശ്രമിക്കും

New Update
ldf udf nda

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. കേന്ദ്ര ഭരണത്തിൽ ഹാട്രിക് തികയ്ക്കാൻ എല്ലാ അടവുകളും പയറ്റുന്ന ബി.ജെ.പിയും, മോദി സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന ഇന്ത്യാ സഖ്യവും തമ്മിൽ ഏറ്റുമുട്ടുന്ന  തിരഞ്ഞെടുപ്പിൽ കേരളം എങ്ങനെ വിധിയെഴുതും എന്നത് നിർണായകമാണ്. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്.

Advertisment

തൃശൂർ, ആലപ്പുഴ, ആറ്റിങ്ങൽ, പാലക്കാട്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ്. ബി.ജെ.പി കൂടി പ്രതീക്ഷ വെയ്ക്കുന്നതിനാലാണ് ഇവിടങ്ങളിൽ  ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയത്. തൃശൂരിലെയും തിരുവനന്തപുരത്തെയും ഫലമാണ്‌ കേരളം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഫലം അറിയാൻ ജൂണ്‍ നാലുവരെ കാത്തിരിക്കേണ്ടി വരും. അതുവരെ പെട്ടിയിലായ വോട്ടിൻെറ കണക്ക് കൂട്ടിയും കുറച്ചും ഇരിക്കാം. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണം വാനോളം ഉയർന്ന ആവേശത്തിലാണ്  കൊട്ടിക്കലാശിച്ചത്. റോഡ് ഷോ, പ്രകടനങ്ങൾ, റാലികൾ എന്നുവേണ്ട പ്രവർത്തകരുടെ ആവേശം ഉയർത്താൻ ഉതകുന്ന എല്ലാ മാർഗങ്ങളും പയറ്റിയാണ് പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയത്.


 നിശബ്ദ പ്രചാരണത്തിൻെറ ദിവസമായ ഇന്ന് വോട്ടർമാരെ ഒപ്പം നിർത്താനുളള അവസാന  വോട്ടോട്ടത്തിലാണ് എല്ലാ സ്ഥാനാർത്ഥികളും മുന്നണികളും ശ്രദ്ധ കേന്ദ്രീകരിക്കുക.


 നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതു യോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ സി.ആർ.പി.സി ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. പതിനെട്ടാം ലോക്സഭയിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പില്‍ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് ഒപ്പമാണ് കേരളത്തിലും പോളിങ്ങ് നടക്കുന്നത്.സംസ്ഥാനത്ത്  ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്  നടക്കുന്നത്. അന്തിമ വോട്ടര്‍പട്ടിക പ്രകാരം സംസ്ഥാനത്ത് 2,77,49,159 വോട്ടര്‍മാരാണുളളത്.  ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്.

ഒരുമാസത്തിലേറെ നീണ്ട കാടിളക്കിയുളള പ്രചരണത്തില്‍ സംസ്ഥാനത്ത് ഉടനീളം വലിയ ആവേശമാണ് പ്രകടമായത്. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടമായതിനാൽ പ്രചരണത്തിൽ വീറിനും വാശിക്കും ഒട്ടും കുറവുണ്ടായില്ല. പതിവ് പോലെ വിവാദങ്ങളും സജീവമായിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവ‍ർത്തിക്കാൻ  പരിശ്രമിക്കുന്ന യു.ഡി.എഫ് ഇത്തവണ 20 സീറ്റുകളിലും ജയിച്ച് കൊണ്ടുളള സമ്പൂർണ വിജയമാണ് ലക്ഷ്യമിടുന്നത്.ശബരിമല പ്രശ്നം ആഞ്ഞടിച്ച 2019ലെ സാഹചര്യം ഇപ്പോൾ ഇല്ലാത്തത് കൊണ്ടുതന്നെ, എൽ.ഡി.എഫും പരമാവധി സീറ്റുകൾ പ്രതീക്ഷിക്കുന്നു.

മുഖ്യമന്ത്രി മുന്നിൽ നിന്ന് നയിച്ച തിരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന വിജയം നേടാൻ ആകുമെന്നാണ് ഇടത് ക്യാംപിലെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉളള അക്കൗണ്ടും പൂട്ടി നിലകിട്ടാതെ നിൽക്കുന്ന ബി.ജെ.പിയും ഇത്തവണ വിജയം പ്രതീക്ഷിക്കുന്നു. കേരളം സംഘപരിവാർ രാഷ്ട്രീയത്തിന് അപ്രാപ്യമല്ലെന്ന് തെളിയിക്കാൻ കഴിയുമെന്ന് കരുതുന്ന ബി.ജെ.പി നാല് സീറ്റിൽ എങ്കിലും ഉറച്ച വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്.

പ്രചാരണത്തിൻെറ അവസാന ദിവസം കേരളത്തിലെത്തിയ ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും ഉറച്ച വിജയ പ്രതീക്ഷ ആണ് പ്രകടിപ്പിക്കുന്നത്. രാജ്യത്ത് സുരക്ഷയും വികസനവും ക്ഷേമവും ഉറപ്പാക്കാൻ മോദിക്ക് മാത്രമേ കഴിയുവെന്നും അതു കൊണ്ട് മോദി ഭരണം മൂന്നാമതും വരാൻ കേരളത്തിൻെറ പിന്തുണ വേണമെന്നായിരുന്നു അമിത് ഷാ ആലപ്പുഴ മണ്ഡലത്തിലെ പുന്നപ്രയിലെ പൊതുയോഗത്തിൽ നടത്തിയ അഭ്യർത്ഥന.


 പരസ്യ പ്രചരണം അവസാനിച്ചിട്ടും  മുന്നണികളുടെയും  സ്ഥാനാർത്ഥികളുടെയും  അവകാശ വാദങ്ങൾക്ക് ഒട്ടും കുറവില്ല. എന്നാൽ ഏതെങ്കിലും നിശബ്ദ തരംഗം പതിയിരിപ്പുണ്ടോ എന്ന ആശങ്ക എല്ലാ പാർട്ടികളുടെയും ചങ്കിടിപ്പേറ്റുന്നുണ്ട്.


ബി.ജെ.പി വിരുദ്ധ വികാരമോ അതോ സംസ്ഥാന സർക്കാരിന് എതിരായ ഭരണ വിരുദ്ധ വികാരമോ എന്താണ് ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വിധിയെഴുതുക എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. 2004 മുതൽ ഇങ്ങോട്ടുളള ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ചരിത്രം പരിശോധിച്ചാൽ നിഷേധ സ്വാഭാവത്തിലുളള വോട്ടിങ്ങ് ഒരു പൊതു പ്രവണതയായി കാണാം. അത് ഇത്തവണയും ആവ‍ർത്തിക്കുമോ എന്ന ആശങ്കയാണ് മുന്നണി നേതൃത്വത്തിൻെറ നെഞ്ചിടിപ്പേറ്റുന്നത്. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇത്തവണയും വിഷയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു.

എന്നാൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുളള പ്രചരണതന്ത്രമാണ് ഇടത്- വലത് മുന്നണികൾ പയറ്റിയത്. പ്രചാരണത്തിൽ ഉടനീളം ഉന്നയിക്കപ്പെട്ട പൗരത്വ നിയമ ഭേദഗതി വിഷയം തന്നെയായിരുന്നു  അതിൻെറ കേന്ദ്ര ബിന്ദു. പൗരത്വ നിയമഭേദഗതി വി‍ജ്ഞാപനത്തിന് എതിരെ മുസ്ലീം സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 5 ജില്ലകളിൽ റാലി നടത്തി കൊണ്ട്  പ്രചാരണ പരിപാടികളിലേക്ക് കടന്ന മുഖ്യമന്ത്രി തന്നെയാണ് പൗരത്വത്തെ പ്രചാരണത്തിലെ മുഖ്യ വിഷയമായി പ്രതിഷ്ഠിച്ചത്. പൗരത്വ വിഷയത്തിൽ നിലപാട് ഉണ്ടോ എന്ന് ചോദിച്ചും പാ‍ർലമെന്റിൽ വിഷയം വന്നപ്പോൾ കർശന സമീപനം സ്വീകരിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങൾ ഉയ‍ർത്തിയും കോൺഗ്രസിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം.

എന്നാൽ മുഖ്യമന്ത്രിയുടെ നീക്കം മുസ്ലീം വോട്ട് ബാങ്ക് മാത്രമാണെന്നും  ദേശീയതലത്തിൽ ദുർബലമായ ഇടതുപക്ഷത്തേക്കാൾ പൗരത്വ വിഷയത്തിലും ഏക സിവിൽ കോ‍ഡ് വിഷയത്തിലും ഇടപെട്ടത് കോൺഗ്രസാണെന്നും ചൂണ്ടിക്കാട്ടി ക്കൊണ്ട് കോൺഗ്രസ് ശക്തമായ തിരിച്ചടി നൽകി. അതോടെ രാഹുൽ ഗാന്ധിയിലേക്ക് കേന്ദ്രീകരിച്ച ഇടതുപക്ഷം മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന രാഹുലിൻെറ ചോദ്യം വിവാദമാക്കി.


 മുഖ്യമന്ത്രി നേരിട്ടും മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം ദേശീയ നേതാക്കളും രംഗത്ത് വന്നതോടെ വിവാദം ആളിപ്പടർന്നു. അതിൻെറ അലയൊലികൾ പ്രചരണം തീരുന്നത് വരെ തുടരുകയും ചെയ്തു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് വിമർശിക്കാൻ മടിയാണെന്ന വിഷയത്തിലായിരുന്നു പ്രചരണ രംഗത്ത് യു.ഡി.എഫ് കേന്ദ്രീകരിച്ചത്. കോൺഗ്രസ് തന്ത്രം കുറിക്കുകൊണ്ടുവെന്ന് വ്യക്തമാകുന്നതും പ്രചാരണത്തിൻെറ അവസാന ദിവസങ്ങളിൽ കണ്ടു. അതിൻെറ തെളിവായിരുന്നു  ഇതുവരെയില്ലാത്ത വിധം  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുളള മുഖ്യമന്ത്രിയുടെ അവസാന ദിവസങ്ങളിലെ പ്രസംഗങ്ങൾ.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന പി.വി.അൻവറിൻെറ പ്രസ്താവനയായിരുന്നു പ്രചരണത്തിൻെറ അവസാന ദിവസങ്ങളിൽ  കേരളം ചർച്ച ചെയ്തത്. രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത അൻവറിൻെറ പ്രസംഗത്തെ മുഖ്യമന്ത്രി പിന്തുണക്കുക കൂടി ചെയ്തതും ഇടത് മുന്നണിക്ക് ക്ഷീണമായി.

നിശബ്ദ പ്രചരണത്തിന്‍റെ മണിക്കൂറുകളാണ്. അവസാന വോട്ടും ഉറപ്പിക്കാനുളള അടവുകളാണ് ഇനി മുന്നണികള്‍ പയറ്റുക. പ്രചരണ കാലയളവില്‍ വിട്ടുപോയ ഇടങ്ങളിലെത്തിയും പ്രമുഖ വ്യക്തികളെ  ഒരിക്കല്‍ കൂടി കണ്ടും സ്ഥാനാർത്ഥികളും വോട്ടുറപ്പിക്കാൻ ശ്രമിക്കും. മുന്നണികള്‍ അവകാശ വാദങ്ങളാവർത്തിക്കുമ്പോഴും രാഷ്ട്രീയ  അടിയൊഴുക്കുകള്‍ തന്നെയാകും നിർണായകമാവുക.

                                                                            

Advertisment