Advertisment

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പിന് മുൻപേ വീണാ വിജയനിലെത്തുമോ ? ഇ.ഡി അന്വേഷണത്തെ ആശങ്കയോടെ നോക്കി സി.പി.എം ! വീണയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചാൽ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമോ എന്ന് ആശങ്ക; ചോദ്യം ചെയ്യലിൽ നിന്ന് മാറിനിന്ന കർത്തയെ വീട്ടിലെത്തി ചോദ്യം ചെയ്തത് അപായ സൂചന ?

പിടിച്ചെടുത്ത രേഖകളും ശേഖരിച്ച വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇഡിയുടെ അടുത്ത നടപടികൾ. തിരഞ്ഞെടുപ്പ് പ്രചരണം തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഇ.‍ഡിയുടെ അടുത്ത നീക്കം എന്തെന്നത് സംബന്ധിച്ച് ആകാംക്ഷയേറുകയാണ്.

New Update
veena exalogic

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രിയുടെ മകളും കരിമണൽ കമ്പനിയും ഉൾപ്പെട്ട മാസപ്പടി കേസിൽ ഇ.ഡി അന്വേഷണത്തെ ആശങ്കയോടെ നോക്കി സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയൻെറ മകൾ വീണാ വിജയനെയും അവരുടെ അടച്ചുപൂട്ടിയ കമ്പനിയായ എക്സാലോജിക്കിലെ മുൻ ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്ന അഭ്യൂഹങ്ങൾ പരക്കുന്നതാണ് തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിൻെറ നെഞ്ചിടിപ്പേറ്റുന്നത്. ചോദ്യം ചെയ്യലിന് രണ്ട് തവണ നോട്ടിസ് നൽകിയിട്ടും ഹാജരാകാതിരുന്ന സി.എം.ആർ.എൽ മാനേജിങ്ങ് ഡയറക്ടർ ശശിധരൻ കർത്തയെ വീട്ടിലെത്തി ചോദ്യം ചെയ്തതും സി.പി.എം നേതൃത്വം അപായ സൂചനയായി കാണുന്നുണ്ട്.

Advertisment

വീണാ വിജയൻെറ കമ്പനിയും കരിമണൽ കമ്പനിയും തമ്മിലുളള മാസപ്പടി ഇടപാട് പുറത്ത് വന്നപ്പോൾ പ്രസ്താവനയിറക്കി പ്രതിരോധിച്ചിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുതിയ സംഭവവികാസങ്ങളിൽ മൗനം പാലിക്കുകയാണ്. മാസപ്പടി ഇടപാടിൽ എസ്.എഫ്.ഐ.ഒ അന്വേഷണം ആരംഭിച്ചത് മുതലാണ് വിവാദത്തിൽ ഇടപെട്ട് അഭിപ്രായം പറയേണ്ടതില്ലെന്ന നിലപാടിലേക്ക് സി.പി.എം നേതൃത്വം എത്തിയത്.


എക്സാലോജിക്കും സി.എം.ആ‍ർ.എല്ലും തമ്മിൽ നടത്തിയ ഇടപാടിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻെറ പ്രതികരണം.


മാസപ്പടി ഇടപാടിലെ അന്വേഷണത്തിൻെറ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് മാത്രമായിരുന്നു ഇത് സംബന്ധിച്ച ആവർത്തിച്ചുളള ചോദ്യങ്ങൾക്ക് എം.വി.ഗോവിന്ദൻ നൽകിയ മറുപടി. രണ്ട് കമ്പനികൾ തമ്മിൽ നടന്ന സുതാര്യവും നിയമാനുസൃതവുമായ ഇടപാടിനെയാണ് മാസപ്പടിയായി ചിത്രീകരിക്കുന്നത് എന്ന മുൻനിലപാടിൽ നിന്നാണ് സി.പി.എം നേതൃത്വത്തിൻെറ ഈ എബൗട്ടേൺ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സുതാര്യമെന്നും നിയമാനുസൃതവും എന്നുമുളള ദുർബല പ്രതിരോധം ഉയർത്തി മാസപ്പടിയെ ന്യയീകരിക്കുമ്പോഴും അത് കേവലം ആരോപണമല്ല എന്നതാണ് വസ്തുത.

ഈ യാഥാർത്ഥ്യമാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് അഴിമതിക്കും സ്വജനപക്ഷ പാതത്തിനും എതിരെ ധീരവും സത്യസന്ധവുമായ നിലപാടെടുത്തിട്ടുളള സിപിഎമ്മിനെ തുറിച്ച് നോക്കുന്നത്. ആദായ നികുതി വകുപ്പ് 2019 ജനുവരി 25ന് ശശിധരൻ കർത്തയുടെ വീട്ടിലും സി.എം.ആർ.എൽ കമ്പനിയിലും നടത്തിയ പരിശോധനക്ക് ഒടുവിലാണ് മാസപ്പടി കണ്ടെത്തുന്നത്. ആദായനികുതി വകുപ്പിൻെറ തന്നെ ഇടക്കാല തർക്ക പരിഹാര ബോർഡ് നൽകാത്ത സേവനത്തിനാണ് സി.എം.ആർ.എൽ വീണാ വിജയൻെറ കമ്പനിക്ക്  1.72 കോടി രൂപ നൽകിയതെന്ന് തീർപ്പിലെത്തുകയും ചെയ്തു.

അപ്പീൽ പോകാൻ പോലുമാകാത്ത ഉത്തരവാണ് അർധ ജൂഡീഷ്യൽ അധികാരമുളള ഇടക്കാല തർക്ക പരിഹാര ബോർ‍ഡിൽ നിന്നുണ്ടായത്. അതാണ് കേവലം രാഷ്ട്രീയ ആരോപണങ്ങളിൽ നിന്ന് മാസപ്പടിയെ വേറിട്ട് നിർത്തുന്നത്. ഇത് കൂടാതെ കരിമണൽ കർത്തയുടെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും വീണയുടെ കമ്പനിക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. കരിമണൽ വ്യവസായവുമായോ അതിൻെറ മുല്യവർദ്ധിത ഉൽപ്പനങ്ങളുടെ നിർമ്മാണമോ ആയി പുല ബന്ധം പോലുമില്ലാത്ത വീണയുടെ കമ്പനിക്ക് ഈ സഹായം എല്ലാം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന പ്രിവിലേജിലാണ് എന്നും വ്യക്തമാണ്. ഇക്കാര്യം സി.പി.എം നേതാക്കളും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. അതാണ് മാസപ്പടി വിവാദം സി.പി.എമ്മിൻെറ വിശ്വാസ്യതക്ക് നേരെ വിരൽചൂണ്ടാനുളള കാരണം.

എക്സാലോജികുമായുള്ള ഇടപാടുകളുടെ വിവരങ്ങളും രേഖകളും കൈമാറാൻ സി.എം.ആർ.എൽ ജീവനക്കാർ വിസമ്മതിച്ചതോടെയാണ് ഇ.ഡി അപ്രതീക്ഷിത നീക്കം നടത്തിയത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ചോദ്യം ചെയ്ത് എൻഫോഴ്‌സ്മെന്റ് ഡയറക്റടറേറ്റ്  നിർണായക രേഖകൾ പിടിച്ചെടുത്തു എന്നാണ് പുറത്തുവരുന്ന സൂചന. ബുധനാഴ്ച ഉച്ചയോടെയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ആലുവയിലെ വീട്ടിൽ എത്തി ചോദ്യം ചെയ്തത്.


 തുടർച്ചയായി രണ്ട് തവണ ഇ.ഡി നോട്ടീസ് ലഭിച്ചിട്ടും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാതെ മാറിനിൽക്കുകയായിരുന്നു ശശിധരൻ കർത്ത. ഇതിനിടെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട്  ഹൈക്കോടതിയിൽ  ഹർജിയും നൽകിയിരുന്നു.


ഈ ഹർജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇ.ഡി വീട്ടിലെത്തി ചോദ്യം ചെയ്തത്.  എക്സാലോജിക്കുമായുള്ള കരാറിന്റെയും സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ ഹാജരാക്കാൻ നേരത്തെ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും സി.എം.ആർ.എൽ തയ്യാറായിരുന്നില്ല. ആവശ്യപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന്‍റെ ഇടക്കാല തർക്ക പരിഹാര ബോർഡ് പരിശോധിച്ച്  തീർപ്പാക്കിയത് ആണെന്നാണ് സി.എം.ആർ.എലിൻെറ  മറുപടി. രേഖകള്‍ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നും കൈമാറാൻ സാധിക്കില്ലെന്ന വാദവും ഉയർത്തി.

പിടിച്ചെടുത്ത രേഖകളും ശേഖരിച്ച വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇഡിയുടെ അടുത്ത നടപടികൾ. തിരഞ്ഞെടുപ്പ് പ്രചരണം തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഇ.‍ഡിയുടെ അടുത്ത നീക്കം എന്തെന്നത് സംബന്ധിച്ച് ആകാംക്ഷയേറുകയാണ്.

                                                                                             

Advertisment