Advertisment

പുതുപ്പള്ളി പള്ളി പെരുന്നാള്‍ നിറവില്‍; നികത്താനാവാത്ത വിടവായി ഉമ്മന്‍ ചാണ്ടിയുടെ അഭാവം ! വിശ്വാസികള്‍ മടങ്ങുന്നത് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കബറിടവും സന്ദര്‍ശിച്ച ശേഷം

ഇലക്ഷനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോഴും, നിയമസഭയില്‍ സാമാജീകനായും, മന്ത്രിയായും, മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യാന്‍ പോയപ്പോഴും പുണ്യവാളന്റെ അനുഗ്രഹങ്ങള്‍ അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു

New Update
oommen chandy puthuppally church

കോട്ടയം : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷ നിറവില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയും വിശ്വാസികളും നില്‍ക്കുമ്പോഴും നികത്താനാവാത്ത വിടവായി ഉമ്മന്‍ ചാണ്ടിയുടെ അഭാവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിനു ശേഷമുള്ള ആദ്യ പെരുന്നാള്‍ ദിനങ്ങളാണു കടന്നുപോകുന്നത്. പ്രിയ നേതാവിന്റെ വിയോഗത്തിനു ശേഷം നടക്കുന്ന പെരുന്നാളില്‍ പങ്കെടുക്കാനെത്തുന്നവര്‍ ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കബറിടത്തിലും സന്ദര്‍ശനം നടത്തിയാണു മടങ്ങുന്നത്.

Advertisment

മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെ പെരുന്നാള്‍ മുടക്കാന്‍ ആഗ്രഹിക്കില്ല. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും അദ്ദേഹം പെരുന്നാള്‍ ദിവസങ്ങളില്‍ പുതുപ്പള്ളിയില്‍ തന്നെ ഉണ്ടാകാന്‍ ശ്രമിക്കാറുണ്ട്. മാനവസേവ ഈശ്വരസേവ ആണെന്നു വിശ്വസിച്ചു ജീവിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി പള്ളിയിലെ ഒരു അംഗമെന്ന നിലയില്‍ എന്നും എന്നും ഇടവകയ്ക്ക് അദ്ദേഹം അഭിമാനമായിരുന്നു.

എന്റെ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണു പുതുപ്പള്ളി പള്ളിയും വിശുദ്ധ ഗീവര്‍ഗീസ് സഹദായും. ലോകത്തിന്റെ ഏതുകോണിലായിരുന്നാലും ഞായറാഴ്ച എന്നൊരു ദിവസം ഉണ്ടെങ്കില്‍ ആ ദിവസത്തിന്റെ ആരംഭം പുതുപ്പള്ളി പള്ളിയില്‍ നിന്നും ആരംഭിക്കുക എന്നതു പറഞ്ഞറിയിക്കാനാകാത്ത ആത്മസംതൃപ്തി ആണെന്ന് അദ്ദേഹം പലപ്പോഴും പറയുന്ന വാക്കുകളാണ്.

ഏതു ജീവിത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും പുതുപ്പള്ളി പുണ്യവാളന്റെ സൈ്ഥര്യവും, ധൈര്യവും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഏതെങ്കിലും കാര്യങ്ങള്‍ പുതുതായി ആരംഭിക്കുമ്പോള്‍ പുണ്യവാളന്റെ തിരുനടയില്‍ കുരിശിന്‍ തൊട്ടിയില്‍ തിരി തെളിയിച്ച് 18 പടികള്‍ കയറി പള്ളിയകത്ത് അദ്ദേഹം പ്രാര്‍ഥിച്ചിരുന്നു. ഇലക്ഷനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോഴും, നിയമസഭയില്‍ സാമാജീകനായും, മന്ത്രിയായും, മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യാന്‍ പോയപ്പോഴും പുണ്യവാളന്റെ അനുഗ്രഹങ്ങള്‍ അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

Advertisment