Advertisment

കെ. റെയിൽ അട്ടിമറിക്കാൻ വി.ഡി സതീശൻ 150 കോടി കോഴ വാങ്ങിയെന്ന പി.വി.അൻവറിന്റെ ആരോപണം തള്ളി വിജിലൻസ്; ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. അൻവറിനു പോലും പരാതിയില്ല. അതിനാൽ അന്വേഷിക്കാൻ കഴിയില്ലെന്നും വിജിലൻസ്; നിയമസഭയിൽ അൻവർ പൊട്ടിച്ച ആരോപണ ബോംബ് വിജിലൻസ് തന്നെ നിർവീര്യമാക്കുമ്പോൾ

അൻവർ തെളിവും യുക്തിയുമില്ലാതെയാണ് സഭയിൽ ആരോപണം ഉന്നയിച്ചത്. അൻവറിനോടും അതിന് അനുമതി നൽകിയവരോടും സഹതാപമാണുള്ളതെന്നും സതീശൻ സഭയിൽ പറഞ്ഞിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
vd satheesan pv anvar

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഉന്നയിച്ച അഴിമതി ആരോപണം അന്വേഷിക്കാൻ നിയമപരമായി കഴിയില്ലെന്ന് വിജിലൻസ്. തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലും വിജിലൻസ് നിയമോപദേശകൻ നൽകിയ നിയമോപദേശത്തിലുമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്. ഹർജിയിൽ ജഡ്ജി എം. വി. രാജകുമാര ആ മാസം ആറിന് വിധി പറയും. കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്.

Advertisment

നിയമസഭയിലാണ് പി.വി. അൻവർ ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തിന്റെ ഉറവിടത്തെ കുറിച്ച് അറിയണമെങ്കിൽ അൻവറിനെ ചോദ്യം ചെയ്യണം. നിയമസഭയിൽ ഉന്നയിച്ച ആരോപണമായതിനാലും അൻവർ സാമാജികനായതിനാലും പരിരക്ഷയുള്ളതിനാൽ അന്വേഷണം സാധ്യമല്ല. ഉന്നയിക്കപ്പെട്ട ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല.

വി. ഡി. സതീശന്‍ സാമാജികൻ എന്ന നിലയിൽ ഏതെങ്കിലും കാര്യം ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടെന്നോ സ്വീകരിച്ചെന്നോ ഹർജിക്കാരനോ പി. വി. അൻവറിനോ പരാതി ഇല്ല. ഇലക്ഷൻ ഫണ്ടിലേക്ക് പണം വാങ്ങി എന്നാണ് ആരോപണം. അത്തരം പരാതികൾ ഇലക്ഷൻ കമ്മിഷന് മുന്നിലാണ് സമർപ്പിക്കേണ്ടതെന്നും നിയമോപദേശത്തിൽ പറയുന്നു.


കെ. റെയിൽ അട്ടിമറിക്കാൻ ആന്ധ്രയിലെയും കർണാടകത്തിലെയും ഐ.ടി.പാർക്ക് ലാൻഡ് കോർപ്പറേറ്റ് ഭീമൻമാരിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലിവാങ്ങിയെന്നായിരുന്നു അൻവറിന്റെ ആരോപണം.


 നിയമസഭയിൽ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയ്ക്കിടെയാണ് അൻവർ ആരോപണം എഴുതിനൽകി ഉന്നയിച്ചത്. അൻവറിന്റെ ആരോപണം ഇങ്ങനെയായിരുന്നു-

കെ.റെയിൽ വന്നാൽ കേരളത്തിൽ യാത്രാസംവിധാനം മെച്ചപ്പെടും. അത് കൂടുതൽ ഐ.ടികമ്പനികൾ വരാനിടയാക്കും. വിവിധ കാരണങ്ങളാൽ തൊഴിൽ വിട്ട് നിൽക്കുന്ന യോഗ്യരായ നിരവധി ഐ.ടി ജീവനക്കാരായ വീട്ടമ്മമാർ കേരളത്തിലുണ്ട്. ഇവർ കുറഞ്ഞനിരക്കിൽ വീടിനടുത്തുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ തയ്യാറാകും. അത് മുന്നിൽ കണ്ട് നിരവധി ഐ.ടി.കമ്പനികൾ കേരളത്തിലെത്തും.

കർണാടകത്തിലും ആന്ധ്രയിലും ഐ.ടി.വികസനം മുന്നിൽ കണ്ട് റിയൽ എസ്റ്റേറ്റിലും മറ്റും വൻനിക്ഷേപം നടത്തിയ കോർപറേറ്റ് ഭീമൻമാർക്ക് അത് തിരിച്ചടിയാകും. അതൊഴിവാക്കാൻ അവർ കെ. റെയിൽ അട്ടിമറിക്കാൻ തീരുമാനിച്ചു. എ.ഐ.സി.സി നേതാവ് കെ.സി. വേണുഗോപാലുമായി സംസാരിച്ച് വി.ഡി. സതീശന് 150 കോടി കൈക്കൂലി നൽകി. പണം മത്സ്യവണ്ടിയിൽ തൃശ്ശൂരിൽ ചേറ്റുവയിൽ എത്തിച്ചു. പിന്നീട് ആംബുലൻസിൽ വി.ഡി. സതീശന്റെ ആളുകൾക്ക് കൈമാറി. ഇത് പിന്നീട് ബംഗളൂരുവിൽ കൊണ്ടുപോയി. അതുമായി ബന്ധപ്പെട്ട് സതീശൻ മാസത്തിൽ മൂന്ന് തവണ ബംഗളൂരുവിൽ പോകാറുണ്ടെന്നും അൻവർ ആരോപിച്ചു.

നിയമസഭയിൽ വച്ചുതന്നെ ആരോപണം സതീശൻ പുച്ഛിച്ചുതള്ളിയിരുന്നു. ഇത്രയും ബാലിശമായ ആരോപണങ്ങൾ പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിക്കാൻ അനുവദിച്ച മുഖ്യമന്ത്രിയോട് സഹതാപമാണുള്ളതെന്നും കാര്യങ്ങൾ കുറച്ചുകൂടി ഗൗരവത്തിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണമുന്നയിച്ചപ്പോൾ സതീശനെ വ്യക്തിപരമായി അവഹേളിക്കുന്ന ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന സ്പീക്കറുടെ നിർദ്ദേശം സതീശൻ നിരസിച്ചിരുന്നു.

സഭയിലില്ലാത്ത കെ.സി. വേണുഗോപാലിന്റെ പേര് ഒഴിവാക്കണം. മുഖ്യമന്ത്രിക്കെതിരെ മാസപ്പടിയുൾപ്പെടെയുള്ള ആരോപണം ഉന്നയിച്ചതിന്റെ പേരിലാണീ ബാലിശമായ ആരോപണം. കൃത്യമായ തെളിവോടെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. അതിന്റെ തുടർച്ചയായി കോടതിയെയും സമീപിച്ചിട്ടുണ്ട്. അൻവർ പക്ഷേ, തെളിവും യുക്തിയുമില്ലാതെയാണ് സഭയിൽ ആരോപണം ഉന്നയിച്ചത്. അൻവറിനോടും അതിന് അനുമതി നൽകിയവരോടും സഹതാപമാണുള്ളതെന്നും സതീശൻ സഭയിൽ പറഞ്ഞിരുന്നു.

Advertisment