Advertisment

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം.

New Update
delivary in 108 ambulance1.jpg

വയനാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. വയനാട് കാവുമന്നം പാറകണ്ടി കോളനിയിലെ 30 വയസ്സുകാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം എം.എൽ.എസ്.പി ജീവനക്കാരിയെ അറിയിക്കുകയും തുടർന്ന് ഇവർ 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. 

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് ശരത് എ.കെ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ദേവദർശൻ വി.പി എന്നിവർ ഉടൻ കോളനിയിലെത്തി യുവതിയുമായി കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് ഇടഗുനി എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ദേവദർശൻ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 9.45 ന് ദേവദർശന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 

ഉടൻ ദേവദർശൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് ശരത് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Advertisment