Advertisment

സൈബർ തട്ടിപ്പുകൾക്കായി കംബോഡിയയിൽ 5,000-ത്തിലധികം ഇന്ത്യൻ പൗരന്മാരെ ബന്ദികളാക്കിയതായി റിപ്പോർട്ട്

New Update
cyber crime

കംബോഡിയ: സൈബർ തട്ടിപ്പുകളിൽ ഉപയോഗപ്പെടുത്താനായി 5,000-ത്തിലധികം ഇന്ത്യൻ പൗരന്മാരെ കംബോഡിയയിൽ ബന്ദികളാക്കിയതായി റിപ്പോർട്ട്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളിൽ ഉപയോഗപ്പെടുത്താനാണ് ഇവരെ ബന്ദികളാക്കിയതെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിൽ 500 കോടിയോളം രൂപ തട്ടിയെടുത്തതായി അധികൃതർ കണക്കാക്കുന്നു.

കംബോഡിയയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഈ മാസം ആദ്യം, വിദേശകാര്യ മന്ത്രാലയം (MEA), ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) , ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (മെയിറ്റി), എന്നിവ മറ്റ് സുരക്ഷാ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സഹകരിച്ചാണ് കംബോഡിയയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സജീവ ശ്രമങ്ങൾ നടക്കുന്നത്. ഇത്തരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റിനെക്കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്.

” ഏജന്റുമാരുടെ വഞ്ചനയില്‍ അകപ്പെട്ടാണ്‌ ആളുകൾ കംബോഡിയയിൽ കുടുങ്ങിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളുകളെയാണ് ഇത്തരത്തിൽ കൂടുതൽ കംബോഡിയയിൽ എത്തിച്ചിട്ടുള്ളത്. ഡാറ്റാ എൻട്രി ജോലികൾക്ക്‌ എന്ന വ്യാജേനയാണ് ഏജന്റുമാർ ഇവരെ കയറ്റി അയക്കുന്നത്. എന്നാൽ പിന്നീട് ഇവരെ സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിക്കുകയും ബന്ദികൾ ആക്കുകയുമായിരുന്നെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment