Advertisment

കേരളത്തിൽ വിൽക്കുന്ന ആയുർവേദ മരുന്നിൽ ഇംഗ്ലീഷ് മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് റിപ്പോർട്ട്; ഞെട്ടിക്കുന്ന കണ്ടെത്തൽ ആയുർവേദ ഡ്രെഗ് കൺട്രോളർ നടത്തിയ പരിശോധനയിൽ

New Update
Ayurvedic medicine.jpg



കേരളത്തിൽ വിൽക്കുന്ന ആയുർവേദ മരുന്നിൽ  ഇംഗ്ലീഷ് മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് റിപ്പോർട്ട്. വാർത്ത പുറത്തെത്തിച്ചത് മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമമാണ്.   രാജസ്ഥാൻ ഹെർബൽ ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കേരളത്തിൽ വിതരണത്തിനെത്തിച്ച 15 ബാച്ച് മരുന്നുകളിലാണ് ഇംഗ്ലീഷ് മരുന്നുകൾ കണ്ടെത്തിയത്. ആയുർവേദ ഡ്രെഗ് കൺട്രോളർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ ഉള്ളതെന്നും ഈ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു . ഈ കമ്പനിയുടെ മരുന്നുകൾ രോഗികൾക്ക് നൽകരുതെന്ന് നിർദ്ദേശിച്ച് ആയുർവേദ ഡ്രെഗ് കൺട്രോളർ സർക്കുലർ ഇറക്കി.

Advertisment

 വേദനസംഹാരി, ജോയിൻ്റ് പെയിൻ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പെയിൻ നിവാരൺ ചൂർണ, ഡോക്ടർ റിലാക്സി ക്യാപ്സ്യൂൾ എന്നിവയുടെ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ പാരസെറ്റമോൾ, സൈക്ലോഫിനാക്ക് സോഡിയം എന്നിവയാണെന്ന് ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ (ആയുർവേദ) യുടെ റിപ്പോർട്ടിൽ പറയുന്നു.  ചുമയ്ക്കുള്ള ദമബുട്ടി ചൂർണ, അസ്തലെക്സ് കാപ്സുകൾ, എന്നിവയുടെ പ്രാധാന ഘടകം ഇംഗ്ലീഷ് മരുന്നുകളായ എൻ്റോഫില്ലിനും, തിയോഫൈലിനുമാണ്.

അതുപോലെ തന്നെ മദ്യാസക്തി മാറ്റാനുള്ള സുരാരി ചൂർണയുടെ പ്രധാന ഘടകവും ഇംഗ്ലീഷ് മരുന്ന് തന്നെ. ഡൈസലിഫിറം എന്ന ഇംഗ്ലീഷ് മരുന്നാണ് സുരാരി ചൂർണയുടെ പ്രധാന ഘടകം. ഫംഗസ് ബാധയ്ക്കെതിരിയ റാസ്റ്റോഫംഗ് എന്ന മരുന്നിൽ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ ക്ലൊട്രിമസോൾ ആണ്. മൂഡ് ഓൺ ഫോർ എവർ എന്ന ലൈംഗീക ഉത്തേജക മരുന്നിൻ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ സിൽഡെനാഫിൽ സിട്രേറ്റ്. കഫ് സിറപ്പായ ഹെൽബ് കഫ് സിറപ്പിന്റെ പ്രധാന ഘടകം ഇംഗ്ലീഷ് മരുന്നായ ഗൊയ്ഫിനിസിൻ ഇങ്ങനെ നീളുന്നു കണ്ടെത്തലുകൾ. 

നിരന്തരമായ പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു ആയുർവേദ ഡ്രഗ്കൺട്രോളർ സംഘം വ്യാപക പരിശോധന നടത്തിയത്. ഗുരുതര കണ്ടെത്തലിൻ്റെ സാഹചര്യത്തിൽ രോഗികൾക്ക് ഈ കമ്പനിയുടെ മരുന്നുകൾ നിർദ്ദേശിക്കുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷന് ഡെപ്യൂട്ടി ഡ്രെഗ് കൺട്രോളർ നിർദ്ദേശം നൽകി. കമ്പനിയുടെ നിർമ്മാണം തടയാനും, മരുന്നുകൾ നിരോധിക്കാനും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചിട്ടുണ്ട് എന്നും ഈ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട് .

രാജസ്ഥാൻ ഹെർബൽ ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മരുന്നുകൾ ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ നേതൃത്വം അറിയിച്ചു.

Advertisment