Advertisment

അഴിമതിയെ കുറിച്ചു പറയാനുള്ള വിശ്വാസ്യത രാഹുല്‍ ഗാന്ധിക്കില്ല: രാജീവ് ചന്ദ്രശേഖര്‍

New Update
rajeev chandra.jpg

തിരുവനന്തപുരം: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ വികസനത്തിന് ക്രിയാത്മകമായ ഒരു സംഭാവനയും നല്‍കാത്ത രാഹുല്‍ ഗാന്ധിയെ പോലുള്ളവരുടെ അസംബന്ധ പ്രസ്താവനകളെ സാമാന്യ ബുദ്ധിയുള്ളവര്‍ തള്ളിക്കളയണമെന്നും അതിന് പിന്നാലെ പോയി സമയം പാഴാക്കരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കണക്കില്‍പ്പെടാത്ത തിരഞ്ഞെടുപ്പു ഫണ്ടുകളെ കൃത്യമായി കണക്കുകളിലുള്‍പ്പെടുത്തി കൂടുതല്‍ സുതാര്യമാക്കുകയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിച്ചതിലൂടെ ചെയ്തത്. രാഷ്ട്രീയത്തിലെ കള്ളപ്പണ ഇടപാടുകള്‍ക്ക് തടയിടാന്‍ ഇതു സഹായിച്ചിട്ടുണ്ടെന്നും രാജീവ് ചൂണ്ടിക്കാട്ടി. ബോഫോഴ്‌സ് അഴിമതി പോലുള്ള സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ നേരിട്ട ഗാന്ധി കുടുംബത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യതയേയും രാജീവ് ചോദ്യം ചെയ്തു.

തിരഞ്ഞെടുപ്പിലേക്ക് അധികം ദിവസമില്ലാത്ത സാഹചര്യത്തിൽ, ഇരു മുന്നണികളെയും അവരുടെ ഭരണപരാജയത്തെയും നിശിതമായി വിമർശിച്ചു പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുകയാണ് രാജീവ് ചന്ദ്രശേഖർ. സംശുദ്ധമായ ഭരണത്തിനും സാമ്പത്തിക വികസനത്തിനും  പ്രതിജ്ഞാബദ്ധരായ മുന്നോട്ടു പോകുന്നത് ബിജെപിയാണെന്നും രാജ്യത്തിന്റെ പുരോഗതിക്ക് എൻഡിഎ അധികാരത്തിൽ വരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Advertisment