Advertisment

'തിരിച്ചറിയൽ പരേഡ് നടത്തണം'; സവാദ് റിമാൻഡിൽ, അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ ചോദ്യം ചെയ്യലിന് എൻഐഎ

ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ തീരുമാനം. 13 വര്‍ഷം ഒളിവില്‍ കഴിയാന്‍ സഹായം ചെയതവര്‍ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എന്‍ഐഎ അന്വേഷിക്കുന്നത്.

New Update
savad tj joseph.jpg

തൊടുപുഴയില്‍ മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെയാണ് സവാദിനെ കൊച്ചിയിലെ എന്‍ഐഎ കോടതി റിമാന്‍ഡില്‍ വിട്ടത്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തണമെന്ന എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനായി ഇയാളെ എറണാകുളം സബ് ജയിലിലേക്ക് അയക്കണമെന്നും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവം. ഇതിന് 13 വര്‍ഷത്തിന് ശേഷമാണ് മുഖ്യപ്രതിയെ പിടികൂടുന്നത്. 

Advertisment

ഒളിവിലായിരുന്ന സവാദിനെ ഇന്ന് രാവിലെ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരികയായിരുന്നു. എന്‍ഐഎയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ താമസിച്ച വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ ഷാജഹാന്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ തീരുമാനം. 13 വര്‍ഷം ഒളിവില്‍ കഴിയാന്‍ സഹായം ചെയതവര്‍ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എന്‍ഐഎ അന്വേഷിക്കുന്നത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടിയായ സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്.  കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് സജില്‍. കുറ്റകൃത്യത്തിനു ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് മൂന്നു പേര്‍. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീന്‍ കുഞ്ഞിനും അയൂബിനും 3 വര്‍ഷം വീതം തടവും ശിക്ഷിച്ചിരുന്നു.

കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി അനില്‍ ഭാസ്‌കറാണ് വിധി പറഞ്ഞത്. കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തെളിഞ്ഞതായി കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. അതേസമയം നാലാം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, ഏഴാം പ്രതി മുഹമ്മദ് റാഫി, എട്ടാം പ്രതി സുബൈര്‍, മന്‍സൂര്‍ എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.

ബികോം രണ്ടാം വര്‍ഷ ഇന്റേര്‍ണല്‍ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇതില്‍ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്ന ആരോപണത്തില്‍ പ്രൊഫസര്‍ ടി ജെ ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ അധ്യാപകനെ അക്രമി സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിറകെ കൈവെട്ടാന്‍ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവില്‍ പോകുകയിരുന്നു. വിവിധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. 

 

tj joseph savad
Advertisment