Advertisment

നമ്മുടെ നാട്ടിൽ വികസനവും വ്യവസായങ്ങളും വരില്ല എന്ന മനോഭാവം മാറ്റണം: രാജീവ് ചന്ദ്രശേഖർ

New Update
rajeev   tech1.jpg

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടു മുൻപ് ഇന്ത്യയിലെ ടെക്നോളജി നഗരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന തിരുവനന്തപുരം വ്യക്തമായ കാഴ്‌ചപ്പാടും മാസ്റ്റർ പ്ലാനും ഇല്ലാതയുള്ള വികസന സമീപനങ്ങൾ കാരണം രാജ്യത്തെ ഏറ്റവും പിൻ നിരയിൽ നിൽക്കുന്ന ടെക്നോളജി നഗരമായി ഇപ്പോൾ തിരുവനന്തപുരം മാറിയെന്ന് കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ജവഹർ നഗറിലെ ചേംബർ ഹൗസിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസവും, ഐ ടിയുമല്ലാതെ ഒരു വികസനവും ഇവിടെ സാധിക്കില്ല എന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പറയുന്നത്. എന്നാൽ, തൊട്ടടുത്ത സംസ്ഥാനങ്ങളിൽ വ്യവസായങ്ങൾ ധാരാളമായി വരുന്നു. കേരളത്തിന് മാത്രം അത് സാധിക്കാത്തത് എന്ത് കൊണ്ടാണ്? അദ്ദേഹം ചോദിച്ചു. നമ്മുടെ നാട്ടിൽ വ്യവസായശാലകളും നിക്ഷേപങ്ങളും വരില്ല എന്ന മനോഭാവമാണ് നമ്മൾ മാറ്റേണ്ടത്.  

2025ഓടെ ഐ ഫോണുകളുടെ ഇന്ത്യയിലെ നിർമ്മാണം 15 ശതമാനം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനെ 2021ൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ ഒരു ചെറിയ ശതമാനമെങ്കിലും തിരുവനന്തപുരത്ത് കൊണ്ട് വരാൻ തനിക്ക് സാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ഏതാണ്ട് പ്രവർത്തനസജ്ജമായി വരികയാണ്. നമ്മുടെ നാട്ടിൽ വ്യവസായ സ്ഥാപനങ്ങൾ ഇല്ലാതെ വരുമ്പോൾ ഈ പോർട്ടിന്റെ പ്രയോജനം ഇതര സംസ്ഥാനങ്ങൾ ഉപയോഗിക്കും. അതല്ല നമുക്ക് വേണ്ടതെന്ന് മനസ്സിലാക്കിയുള്ള പദ്ധതികളാണ് നമ്മൾ ആവിഷ്കരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി ടൂറിസം സാധ്യകളുള്ള പ്രദേശങ്ങളിലേക്ക് നേരിട്ട് വികസന ഫണ്ട് ലഭ്യമാക്കുന്ന ഡെസ്റ്റിനേഷൻ ഫണ്ടിങ് എന്ന പുതിയ രീതിയാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ഇതും തിരുവനന്തപുരത്തിന് മികച്ച അവസരമാണ് ഒരുക്കുന്നത്. ടൂറിസത്തിനും ഐടിക്കുമൊപ്പം ഡിജിറ്റൽ സ്റ്റാർട്ടപ്പുകൾ, ഇലക്ട്രോണിക്സ് സാമഗ്രികളുടെ നിർമ്മാണം, മികച്ച റിസർച്ച് സെന്ററുകൾ,  അതെ പോലെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ബ്ലൂ ഇക്കണോമി വിപുലീകരണമൊക്കെ തിരുവനന്തപുരത്ത് നടപ്പിലാക്കണം. ഇതെല്ലം ഒറ്റയടിക്ക് നടക്കുന്ന കാര്യമല്ലെന്ന് അറിയാം. എന്നാൽ ഇത്തരമൊരു വികസനം കാഴ്‌ചപ്പാടിലൂന്നിയ പ്രവർത്തനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Advertisment