Advertisment

മണിപ്പുരിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ട്; വിമർശിച്ച് ഇന്ത്യ

New Update
cc

ഡൽഹി: അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മണിപ്പുരിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നെന്ന അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടിനെ വിമർശിച്ച് ഇന്ത്യ.

റിപ്പോർട്ട് വലിയ മുൻവിധിയോടെ ഉള്ളതാണെന്നും ഇന്ത്യയെക്കുറിച്ചുള്ള തെറ്റായധാരണയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിന് വില കൽപ്പിക്കാൻ ഇന്ത്യ തയ്യാറല്ലെന്നും ജയ്സ്വാൾ വ്യക്തമാക്കി.

മണിപ്പുരിൽ മേയ് മൂന്നിനും നവംബർ 15-നും ഇടയിൽ 175 പേർ കൊല്ലപ്പെട്ടതായും അറുപതിനായിരം പേർക്ക് സ്ഥലം വിടേണ്ടിവന്നതായും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തതായി അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. അക്രമം തടയുന്നതിലും ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷിക്കുന്നതിലും മാനുഷികസഹായമെത്തിക്കുന്നതിലും വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ചുനൽകുന്നതിലും കേന്ദ്രസർക്കാരിനും മണിപ്പുർ സർക്കാരിനുമുണ്ടായ വീഴ്ചകളെ സുപ്രീംകോടതി വിമർശിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

Advertisment