Advertisment

ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു ശാപമോക്ഷം ഉണ്ടാകുമോ? വേനല്‍ ചൂടില്‍ നരകയാതനയുമായി യാത്രക്കാര്‍, ബസ് സ്റ്റാന്‍ഡ് പൊളിച്ചത് 2023 ജനുവരിയില്‍

New Update
changanassery ksrtc.jpg

ചങ്ങനാശേരി: ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് ശാപമോക്ഷം ഉണ്ടാകുമോ. ഉടനടി എല്ലാം ശരിയാക്കാം എന്ന  ഉറപ്പ് പലകുറി കേട്ടെങ്കിലും ഇതുവരെ ഒന്നും നടപ്പാകാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലാണ്.  ചുട്ടുപൊള്ളുന്ന വെയിലത്ത് നട്ടംതിരിയുന്ന യാത്രക്കാര്‍ ചോദിക്കുന്ന ചോദ്യമാണ്. പഴയ കെട്ടിടം പൊളിച്ചു മാറ്റിയപ്പോള്‍ ഉടന്‍ പുതിയ കെട്ടിടം പണിയും എന്ന യാത്രക്കാരുടെ വിശ്വാസമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

 പൊരിഞ്ഞ വെയിലത്ത് യാത്രക്കാര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നത് ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി യു.എ.ഇ ചാപ്റ്ററിന്റെ തണ്ണീര്‍ പന്തലാണ്. യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറേ മൂലയില്‍ ഇരിപ്പിടം ഉണ്ട്. എന്നാല്‍ അശാസ്ത്രീയമായി ഇതു തയ്യാറാക്കിയതിനാല്‍ സൂര്യപ്രകാശം നേരെ യാത്രക്കാരുടെ മേല്‍ പതിക്കുന്നതിനാല്‍ ആരും തന്നെ ഇവിടെ ഇരിക്കാറില്ല. 2023 ജനുവരി 5നാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെര്‍മിനല്‍ വാഗ്ദാനം ചെയ്താണ് പഴയ ടെര്‍മിനല്‍ പൊളിച്ചു മാറ്റിയത്. എന്നാല്‍ ഇതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. സ്റ്റാന്‍ഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. യാത്രക്കാരുടെ കാര്യമാണ് ഏറെ കഷ്ടം. ബസ് കാത്ത് എവിടെ നില്‍ക്കണമെന്ന് അറിയില്ല. കടന്നുവരുന്ന ബസുകളേതെന്ന് നോക്കി പരക്കം പായുകയാണ്. 

വെയിലും മഴയും കൊള്ളാതിരിക്കാന്‍ സ്റ്റാന്‍ഡിനുള്ളിലെ പഴയ ഡീസല്‍ പമ്പിന്റെ മേല്‍ക്കൂരയും സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ മരങ്ങളുമാണ് ആശ്രയം. സ്റ്റാന്‍ഡിന്റെ അറ്റത്ത് ബസ് കാത്തിരിപ്പു കേന്ദ്രമുണ്ടെങ്കിലും പ്രയോജനമില്ല. കാത്തിരിപ്പു കേന്ദ്രത്തിന് മുന്‍പില്‍ പലപ്പോഴും മറ്റ് ബസുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിലേക്ക് കടന്നു വരുന്ന ബസുകള്‍ കാണാന്‍ കഴിയില്ല. പ്രശ്‌നങ്ങള്‍ക്ക് അധികൃതര്‍  ഉടനടി പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്കു കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വേദിയാകുമെന്നു യാത്രക്കാര്‍ പറഞ്ഞു.

Advertisment