Advertisment

ജമ്മുകശ്മീരില്‍ ഭീകരരെ നേരിടാന്‍ എന്‍എസ്ജി കമാന്‍ഡോകൾ

New Update

Image result for nsg commandos

Advertisment

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരരെ നേരിടാന്‍ ദേശീയ സുരക്ഷാ സേനയിലെ (എന്‍എസ്ജി) കമാന്‍ഡോകളെ നിയോഗിക്കും. ഇവരെ ശ്രീനഗര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ വിന്യസിക്കാനും തീരുമാനമാിയി. റമസാനില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തിപ്പെടുത്തിയത്. അതേസമയം ഗവര്‍ണര്‍ എന്‍.എന്‍. വോറ ഇന്നു സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

ഭീകരരോട് വിട്ടുവീഴ്ചയില്ലെന്നു വ്യക്തമാക്കിക്കൊണ്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലുമായിരുന്ന കെ. വിജയകുമാറിനെ കഴിഞ്ഞ ദിവസം ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസേനാ തലവനായിരുന്ന വിജയകുമാര്‍ കശ്മീരില്‍ മുമ്പു പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍, കരസേന, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയാണു ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കശ്മീരില്‍ നേതൃത്വം നല്‍കുന്നത്. ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സംഘത്തെ വരും ദിവസങ്ങളില്‍ സംസ്ഥാനത്തു നിയോഗിക്കും. ആദ്യഘട്ടത്തില്‍ നൂറു പേരുള്‍പ്പെട്ട സംഘത്തെയാണു വിടുന്നത്. കഴിഞ്ഞ മാസമാണ് എന്‍എസ്ജി സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. കമാന്‍ഡോ യൂണിറ്റ് ശ്രീനഗറില്‍ ആരംഭിക്കുന്നതിന്റെ ആദ്യ പടിയാണിത്. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നതില്‍ വിദഗ്ധരായ രണ്ടു ഡസന്‍ കമാന്‍ഡോകള്‍ ശ്രീനഗറില്‍ നിലയുറപ്പിക്കും.

1984ലാണ് രാജ്യരക്ഷയ്ക്കായി പ്രത്യേക പരിശീലനം നേടിയ സായുധ സംഘം നിലവില്‍ വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സേനയിലെ കമാന്‍ഡോകള്‍ ഉപയോഗിക്കുന്നത് അത്യാധുനിക ആയുധങ്ങള്‍. ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിനു പുറമെ വിഐപികളുടെ സുരക്ഷയും ഉറപ്പാക്കുന്ന ഇവര്‍ ‘ബ്ലാക്ക് കാറ്റ്‌സ്’ (കരിമ്പൂച്ചകള്‍) എന്നും അറിയപ്പെടുന്നു.

Advertisment