Advertisment

പാലാരിവട്ടം പാലം പണി ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി; എട്ട് മാസത്തിനകം പൂര്‍ത്തിയാകും; ഇ. ശ്രീധരന്‍ മേല്‍നോട്ടം വഹിക്കും; റെഡ്ക്രസന്റ് ഇടപാടില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: എട്ടു മാസത്തിനുളളില്‍ പാലാരിവട്ടം പാലം പണി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്റെ നിര്‍മാണ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ ശ്രീധരനുമായി സംസാരിച്ചുവെന്നും നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment

publive-image

നിര്‍മ്മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഗതാഗതത്തിന് തുറന്ന് നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിളളലുകള്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പാലം പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് വിശദ പരിശോധനയ്ക്കായി ഇ. ശ്രീധരനേയും മദ്രാസ് ഐ.ഐ.ടിയേയും ചുമതലപ്പെടുത്തി.

പാലത്തിന് ബലക്ഷയമുണ്ടെന്നും കേവല പുനരുദ്ധാരണംകൊണ്ട് പാലത്തെ ശക്തിപ്പെടുത്താനാകില്ലെന്നും പൊളിച്ചുപണിയണമെന്നുമാണ് ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട്. ശ്രീധരന്റെ നിര്‍ദ്ദേശം സ്വീകരിച്ച് പാലത്തിന്റെ പൊളിച്ചുപണി ചുമതല അദ്ദേഹത്തെ തന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ചു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍തന്നെ അപൂര്‍വമായ സംഭവമാണ് പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ്. ഭരണകാലത്തെ അഴിമതികളില്‍ ഒന്നു മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

റെഡ് ക്രസന്‍റ് ഇടപാട് സംബന്ധിച്ച അഴിമതി ആരോപണത്തില്‍ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടക്കാ‍ഞ്ചേരിയിൽ റെഡ് ക്രസന്‍റ് നിർമ്മിക്കുന്ന കെട്ടിട്ടം സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നു. ഇരുപത് കോടിയുടെ കെട്ടിട്ട നിർമ്മാണത്തിൽ ഇടനിലക്കാർ കമ്മീഷണ് കൈപ്പറ്റി എന്ന ആരോപണമാണ് ഉയർന്നത്. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമയബന്ധിതമായി രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ഇനി അൻപതിനായിരം വീടുകളുടെ നി‍ർമ്മാണമാണ് നടക്കേണ്ടത്. ഇതുവരെ വീട് കിട്ടാത്തവര്‍ക്ക് ഇന്ന് വരെ അപേക്ഷ നൽകാൻ അനുമതി നൽകിയിട്ടുണ്ട്. ഇതാണ് ലൈഫ് പദ്ധതി. എന്നാൽ വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയ നിർമ്മാണത്തിൻ്റെ വിവാദത്തിൽ ലൈഫ് പദ്ധതിയെ ആകെ എതിർക്കാൻ ചിലർ തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷോഭത്തോടെ പ്രതികരിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും ഓഫീസും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും അടക്കം ആരോപണം നേരിടുന്നവരാണെന്നും മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജന്‍സി അന്വേഷിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്നുമുള്ള ചോദ്യത്തോടാണ് മുഖ്യമന്ത്രി ക്ഷോഭത്തോടെ മറുപടി നല്‍കിയത്.

നിങ്ങളുടെയൊക്കെ മാനസികാവസ്ഥയ്ക്കുള്ള തകരാറാണിത്. അന്വേഷണം നടത്തുന്നില്ല എന്നതായിരുന്നു ആദ്യത്തെ ആരോപണം. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ എന്തോ ഭയപ്പെട്ടുകൊണ്ടാണ് അന്വേഷണം നടത്തുന്നത് എന്നായി ആരോപണം. ഇവിടെ യഥാര്‍ഥത്തില്‍ ഉണ്ടായ പ്രശ്നത്തില്‍ അന്വേഷണം നടത്തുന്നു. ആ അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും വേണമെങ്കില്‍ അന്വേഷണ ഏജന്‍സി തന്നെ പറയും. ഇപ്പോള്‍ കേരളത്തില്‍ നടന്നു എന്നു പറയുന്ന കുറ്റകൃത്യത്തില്‍ ഇവിടത്തെ ഏജന്‍സിയെ വെച്ചാണ് അന്വേഷിക്കുക. അതില്‍ യാതൊരു തെറ്റും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment