Advertisment

ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനെത്തരുതെന്ന് ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ മുന്നറിയിപ്പ്

New Update

തിരുവനന്തപുരം: പമ്പാനദിയില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നത് കണക്കിലെടുത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തരുതെന്ന് ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്നറിയിപ്പ്. പമ്പയിലെ വിവിധ ഡാമുകള്‍ തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. ഇത് കണക്കിലെടുത്താണ് നിര്‍ദ്ദേശം.

Advertisment

publive-image

വെള്ളം കയറി പമ്പയിലുണ്ടായിരുന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ബോര്‍ഡ് പ്രസിഡന്റ് കെ. പദ്മകുമാര്‍  വ്യക്തമാക്കി. പമ്പാനദിയിലെ ജലനിരപ്പ് അപകടമാം വിധം ഉയരുകയായണ്. കക്കി, ആനത്തോട് ഡാമുകള്‍ ഉള്‍പ്പെടെ ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള ഡാമുകളുടെയെല്ലാം ഷട്ടറുകള്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നിരിക്കുകയാണ്. ഇതാണ് വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണം. പമ്പയിലും ത്രിവേണിയിലും വെള്ളം കയറി. പാലങ്ങള്‍ മുങ്ങി.

നിറപുത്തരി ആചാരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടതുറക്കും. എന്നാല്‍ പമ്പയിലേക്കും ശബരിമലയിലേക്കും തീര്‍ഥാടകരെ കടത്തിവിടേണ്ട എന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം. മുന്നറിയിപ്പ് അവഗണിച്ച് എത്തുന്ന തീര്‍ഥാടകരെ പമ്പയിലെത്തുന്നതിന് മുമ്പ് തടയും. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിലയ്ക്കലില്‍ താമസിക്കാനുള്ള സൗകര്യം ദേവസ്വംബോര്‍ഡ് ഒരുക്കി നല്‍കും. എന്നാല്‍ തീര്‍ഥാടകരെ തടയുമെങ്കിലും നിറപുത്തരി ആഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ല.

പത്തനംതിട്ടയിലെ മഴയുടെ തോതിനും മാറ്റമില്ല. പമ്പാ നദിയിലെ വെള്ളത്തിന്റെ അപകടാവസ്ഥയ്ക്ക് മാറ്റം വരാതെ അയ്യപ്പഭക്തരെ പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് കടത്തിവിടാനാകില്ല. പമ്പയില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചും വടം കെട്ടിയും അപകട മുന്നറിയിപ്പ് നല്‍കിയും അയ്യപ്പഭക്തര്‍ക്ക്  സ്ഥിതിഗതികള്‍ കൈമാറാന്‍ സജ്ജമാണ്.

അയ്യപ്പഭക്തര്‍ അപകട മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. അതേസമയം പമ്പയിലെ ദേവസ്വം ബോര്‍ഡിന്റെ മണ്ഡപത്തില്‍ വെള്ളം കയറിയിട്ടുണ്ട്. ശൗചാലയ സംവിധാനങ്ങള്‍ മുഴുവന്‍ വെള്ളം കയറിയും ചെളിനിറഞ്ഞും ഉപയോഗ ശൂന്യമായ അവസ്ഥയാണ്.

sabarimala
Advertisment