Advertisment

പിണറായിയും കോടിയേരിയും സ്ഥാനമൊഴിയണം !

New Update

publive-image

Advertisment

വ്യക്തികളോ അവരുടെ മഹത്വമോ അല്ല മറിച്ച് പ്രത്യയശാസ്ത്രമാണ് ഒരു യഥാർത്ഥ കമ്യൂണിസ്റ്റിന് മാർഗ്ഗനിർദ്ദേശമാകേണ്ടത് എന്നതാണ് തത്വം.

വ്യക്തിയിൽ അധിഷ്ഠിതമായ ബിംബങ്ങൾക്ക് അവിടെ സ്ഥാനമില്ല. വ്യക്തികൾക്ക് അതീതവും വർഗ്ഗരഹിതവുമായ സാമൂഹവ്യവസ്ഥിതി വാർത്തെടുക്കുകയാണ് കമ്യൂണിസ്റ്റുകൾ എക്കാലവും ലക്ഷ്യമിടുന്നത്.

എന്നാൽ ഇന്ത്യയിലെ മറ്റു കമ്യൂണിസ്റ്റുകൾക്ക് സംഭവിച്ച അപചയമാണ്‌ കേരളത്തിലെ മുതിർന്ന നേതാക്ക ളെയും പിടികൂടിയിരിക്കുന്നത്. ആത്യന്തികലക്ഷ്യം അധികാരം തന്നെയെന്ന നിലയിലേക്കവർ അധഃപതിച്ചു കൊണ്ടിരിക്കുകുകയാണ്.

അഴിമതിക്കെതിരേ അതിശക്തമായി പോരടങ്ങുമെന്ന് പ്രഖ്യാപിച്ച് അധികാര ത്തിലേറിയവർ അപ്പാടെ ഇന്ന് ആരും ഞെട്ടിപ്പോകുന്ന അഴിമതിയുടെ സംശയമുനയിലാണ്.

സിപിഐ എന്നും ജനപക്ഷത്ത് നിലകൊള്ളുന്ന ഒരു തിരുത്തൽശക്തിയായാണ് കണ്ടിരുന്നത്. വെളിയം ഭാർഗ്ഗവൻ, പന്ന്യൻ രവീന്ദ്രൻ, സി.കെ ചന്ദ്രപ്പൻ തുടങ്ങിയ സംശുദ്ധരായ നേതാക്കൾ അതിനെ നയിച്ചിരുന്ന ഒരു സുവർണ്ണകാലഘട്ടം ഉണ്ടായിരുന്നത് കാനത്തിന്റെ വരവോടെ ഇല്ലാതായോ എന്നൊരു പ്രതീതിയും ജനങ്ങൾക്കുണ്ട്.

പിണറായിയും ,കോടിയേരിയും മാത്രമല്ല അവർ ഇരുവരുടെയും മക്കളും സംശയത്തിന്റെ മറയിലാണ്. മകളുടെ കോടികൾ ആസ്തിയുണ്ടെന്ന് പറയപ്പെടുന്ന കമ്പനിയെപ്പറ്റിയും മകൻ യുകെ വിദ്യാഭ്യാസത്തിനുശേഷം ദുബായിൽ ചെയ്യുന്ന ജോലിയെപ്പറ്റിയും കോടിയേരിയുടെ മക്കളുടെ പേരിലുയർന്നുവന്ന ഗുരുതരമായ ആരോപണങ്ങളെപ്പറ്റിയും ഇരുവരും ജനങ്ങളോട് തുറന്നുപറഞ്ഞേ മതിയാകൂ. ഇല്ലെങ്കിൽ ഒരുപക്ഷേ പാർട്ടി അണികൾ പോലും കൂടെയുണ്ടാകില്ല.

കമ്യൂണിസ്റ്റുകൾ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ്. അവരുടെ ജീവിതവും പ്രവർത്തനങ്ങളുമെല്ലാം സുതാര്യവും സംശുദ്ധവും മാതൃകാപരവുമായിരിക്കണം.

പാർട്ടി പ്രവർത്തകർക്കും അണികൾക്കും മാതൃകയാകേണ്ടവർ സംശയത്തിന്റെ മറവിൽ തുടരുന്നത് അഭികാമ്യമല്ല. ബംഗാളയിലും ത്രിപുരയിലും ആന്ധ്രായിലുമൊക്കെ പ്രസ്ഥാനം ക്ഷയിച്ചതിനുള്ള കാരണവും സമാനമാണ്.

മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്ന കോടിയേരിയുടെ മക്കളുമായി ബന്ധപ്പെട്ടുള്ള കോടികളുടെ ഇടപാടു കളും, തർക്കങ്ങളും പിന്നീടവ നിശബ്ദമായി കെട്ടടങ്ങിയതും, നാടെല്ലാം പരസ്യമായ മകന്റെ ഇനിയും വെളിച്ചം കാണാത്ത ദുരൂഹമായ ഡിഎന്‍എ ടെസ്റ്റും ബീഹാർ സ്വദേശിനിയെയും കുഞ്ഞിനേയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കെട്ടടങ്ങിയത് എങ്ങനെയെന്ന ചോദ്യം കേരളീയ സമൂഹത്തിൽ ഇന്നും സജീവമാണ്.

publive-image

മുൻ ആഭ്യന്തരമന്ത്രിയും ഒപ്പം ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ മെമ്പറും ആയിട്ടുള്ള കോടിയേരി ഇക്കാര്യമൊന്നും അറിഞ്ഞില്ലെന്നും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

ഓർക്കുക പാർട്ടി മെമ്പർമാരിൽ മാത്രം ഒതുങ്ങുന്നതല്ല ജനവികാരം എന്ന പരമമായ സത്യം? മക്കളും ഞാനും തമ്മിൽ ഈ വിഷയത്തിൽ ബന്ധമില്ല എന്ന് പറഞ്ഞൊഴിഞ്ഞാൽ ചില രസികർ മൺട്രക്കാർ വിശ്വസിച്ചേക്കാം എന്നാൽ അരിയാഹാരം കഴിക്കുന്ന ഒരാൾക്കും അതുൾക്കൊള്ളാനാകില്ല.

പിണറായിയെ സംബന്ധിച്ചിടത്തോളം സോളാർ കേസിനെ താരതമ്യം ചെയ്തുകൊണ്ട് സ്വർണ്ണ കള്ളക്കടത്തും സ്‌പ്രിംഗ്‌ളറും, മകളുടെ കമ്പനി വിവാദവും ശിവശങ്കർ - സ്വപ്‍ന ബന്ധവും നിസ്സാരവൽക്കരിക്കാനാകില്ല.

കാരണം കമ്യൂണിസ്റ്റുകാർ ആദർശവാന്മാരാണെന്നും ഈ പാർട്ടിയെപ്പറ്റി മറ്റുള്ളവർക്ക് ഒരു ചുക്കുമറിയി ല്ലെന്നും നാഴികയ്ക്ക് നാൽപ്പതു വട്ടം വിളിച്ചുപറഞ്ഞവർ കോൺഗ്രസ് നടത്തിയ അഴിമതിയോട് തങ്ങളുടെ അഴിമതിയും താരതമ്യം ചെയ്യുന്നതുതന്നെ ഒരുതരത്തിലുള്ള കുറ്റസമ്മതമാണ്‌.

ഒന്നോ രണ്ടോ വ്യക്തിക ളിലേക്ക് ഭരണവും പ്രസ്ഥാനവും മൊത്തത്തിൽ ഒതുങ്ങുന്നത് ഒട്ടും അഭികാമ്യമല്ല. അത് നാടിനും പാർട്ടിക്കും ഒരിക്കലും ഗുണകരവുമല്ല.

പാർട്ടിയിൽ ഒരഗ്നിശുദ്ധി അനിവാര്യമായിരിക്കുന്നു. പിണറായി മുഖ്യമന്ത്രിപദവും കോടിയേരി പാർട്ടി സെക്രട്ടറിസ്ഥാനവും ഒഴിയുന്നതാണ് മാന്യത.

മറ്റൊരു വസ്തുതയുള്ളത് ആ സ്ഥാനങ്ങൾ മറ്റാർക്കുമല്ല സ്വന്തം പാർട്ടിക്കാർക്ക് തന്നെയല്ലേ നൽകുന്നത് എന്നതാണ്. പാർട്ടിയിൽ കഴിവുള്ള നേതാക്കൾ ധാരാളമുണ്ട്.

ശൈലജ ടീച്ചർ, ജി.സുധാകരൻ, ഐഷാ പോറ്റി, സുരേഷ് കുറുപ്പ് അങ്ങനെ എത്രയോ പേർ. അവർ മുന്നോട്ടുവരട്ടെ , ഭരണവും പാർട്ടിയും ഇനി അവർ നയിക്കട്ടെ.

പിണറായിയും കോടിയേരിയും സ്ഥാനമൊഴിയുന്നതുകൊണ്ട് അവർ ഒരിക്കലും അപമാനിതരാകുന്നില്ല.

ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്ന അഴിമതിയുടെ കാർമേഘങ്ങൾ പെയ്തൊഴിയുമ്പോൾ സംശുദ്ധരെങ്കിൽ അവർക്കിനിയും പാർട്ടിയിൽ അനിഷേധ്യരായി മടങ്ങാവുന്നതാണ്.

voices
Advertisment