Advertisment

മുഖ്യമന്ത്രിയായും മന്ത്രിയായും ഭരണചക്രം തിരിച്ച സെക്രട്ടേറിയറ്റിലേക്ക് നിശ്ചലനായി ഉമ്മൻചാണ്ടിയെത്തി. കൂട്ടായി തിരയടിച്ച് ജനസാഗരം. മഴയെ വകവയ്ക്കാതെ അനക്സ്-2 വരെ ക്യൂനിന്ന് ജനനായകനെ ഒരുനോക്ക് കണ്ട് ജനസമുദ്രം. ദർബാർ ഹാളിൽ പൊട്ടിക്കരഞ്ഞും അലമുറയിട്ടും മുദ്രാവാക്യം മുഴക്കിയും അതിവൈകാരികമായ നിമിഷങ്ങൾ. ഉമ്മൻചാണ്ടിയെ കാണാൻ കാൽമണിക്കൂർ മുന്നേയെത്തി പിണറായി

New Update

publive-image

Advertisment

തിരുവനന്തപുരം: രണ്ടുവട്ടം മുഖ്യമന്ത്രിയും മൂന്നു തവണ മന്ത്രിയുമായി ഭരണചക്രം തിരിച്ച സെക്രട്ടേറിയറ്റിലേക്ക് ഒരുവട്ടം കൂടി ഉമ്മൻചാണ്ടിയെത്തി. ഭരണസിരാകേന്ദ്രത്തിന്റെ ഹൃദയമായ ദർബാർഹാളിൽ, ഏറെ പ്രിയപ്പെട്ട ജനക്കൂട്ടത്തിന്റെ നടുവിൽ നിശ്ചലനായി അദ്ദേഹം കിടന്നു. പ്രശ്നങ്ങൾക്ക് ആശ്വാസം തേടിയും ഇല്ലായ്മകളിൽ സഹായം തേടിയും കാണാനെത്തിയിരുന്നവർ ഇന്നലെ വന്നത് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനാണ്. നിറകണ്ണുകളോടെ അവരെല്ലാം പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് യാത്രാമൊഴിയേകി. മഴയെ കൂസാതെ കാത്തുനിന്ന ഉന്നതഉദ്യോഗസ്ഥരടക്കം സമൂഹത്തിന്റെ നാനാതുറയിൽപെട്ടയാളുകൾ കണ്ണീരുമായി ഉമ്മൻചാണ്ടിക്ക് വിടനൽകി.

താൻ ഏറ്റവും ഭയപ്പെടുന്നത് ഏകാന്തതയെ ആണെന്ന് പലവട്ടം പറഞ്ഞ, ജനക്കൂട്ടത്തിൽ അലിഞ്ഞു ജീവിച്ച ഉമ്മൻചാണ്ടിക്ക് കൂട്ടായി സെക്രട്ടേറിയറ്റിലേക്ക് വൈകിട്ടുമുതൽ പുരുഷാരം ഒഴുകിയെത്തി. ഉമ്മൻചാണ്ടി ആഗ്രഹിച്ചതുപോലെ ജനസാഗരത്തിന്റെ നടുവിലേക്കായിരുന്നു അന്ത്യയാത്ര. ജനസമ്പർക്ക പരിപാടി, തൊഴിലില്ലായ്മ വേതന അടക്കം ഏറെ ജനോപകാര പദ്ധതികൾക്കും മെട്രോയും വിഴിഞ്ഞവുമടക്കം വികസന പദ്ധതികൾക്കും തുടക്കമിട്ട സെക്രട്ടേറിയറ്റിലേക്കുള്ള ഉമ്മൻചാണ്ടിയുടെ അവസാനയാത്ര വികാനിർഭരമായിരുന്നു. നിശ്ചയിച്ചതിലും നാലു മണിക്കൂർ വൈകി സന്ധ്യയ്ക്ക് ഏഴിന് ദർബാർ ഹാളിലെത്തിച്ചപ്പോൾ ഹൃദയഭാരത്തോടെ ആയിരക്കണക്കിനാളുകൾ ദർബാർഹാളിലേക്കെത്തി. സെക്രട്ടേറിയറ്റ് വളപ്പും കന്റോൺമെന്റ് ഗേറ്റും കടന്ന് ക്യൂ സെക്രട്ടേറിയറ്റ് അനക്സ്-2 വരെ നീണ്ടു. പൊട്ടിക്കരഞ്ഞും അലമുറയിട്ടും മുദ്രാവാക്യം മുഴക്കിയും അതിവൈകാരികമായ നിമിഷങ്ങളായിരുന്നു ദർബാർഹാളിൽ.

ഉമ്മൻചാണ്ടിയെ ഒരുനോക്കു കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറേമുക്കാലിനേ ദർബാർ ഹാളിലെത്തിയിരുന്നു. പിന്നാലെ മന്ത്രിമാരും എം.എൽ.എ- എം.പിമാരും രാഷ്ട്രീയനേതാക്കളും കൂട്ടമായെത്തി. അന്ത്യാജ്ഞലിയർപ്പിച്ച ശേഷം ഏഴേകാലിനാണ് മുഖ്യമന്ത്രി മടങ്ങിയത്. ചീഫ്സെക്രട്ടറി ഡോ.വി.വേണു, ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഉന്നത പൊലീസുദ്യോഗസ്ഥർ, എം.എൽ.എമാർ, വിരമിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം അന്ത്യാജ്ഞലിയർപ്പിച്ചു.

തിരക്ക് നിയന്ത്രണാതീതമായപ്പോൾ 7.50ന് പൊലീസ് ദർബാർ ഹാളിന്റെ എല്ലാ വാതിലുകളും അടച്ച് ഒരു വാതിലിലൂടെ മാത്രം ജനങ്ങളെ പ്രവേശിപ്പിച്ചു. ഇതോടെ പുറത്ത് ക്യൂ നീണ്ടു. വരിനിന്ന് മടുത്തവർ പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട് പൊലീസ് ഗോബാക്ക് മുദ്രാവാക്യം വിളിച്ചു. തിരക്ക് നിയന്ത്രിക്കാനായി, കാലങ്ങളായി തുറക്കാതിരുന്ന ദർബാർ ഹാളിന്റെ വാതിലുകൾ പൊലീസ് തുറന്നു. അതോടെ തിരക്ക് നിയന്ത്രണവിധേയമായി. 8.36ന് മഴ പെയ്തിട്ടും, അത് വകവയ്ക്കാതെ ആളുകൾ ക്യൂവിൽ തുടർന്നു. വരിനിന്ന അവസാനത്തെ ആളും കണ്ട ശേഷമാണ് മൃതദേഹം പുറത്തേക്ക് എടുത്തത്. ദർബാർഹാളിൽ മൃതദേഹം എത്തിച്ചപ്പോൾ മുതൽ ' കണ്ണേ കരളേ കുഞ്ഞൂഞ്ഞേ ആരു പറഞ്ഞു മരിച്ചെന്ന്. ഞങ്ങളെ ചങ്കിലെ റോസാപ്പൂവേ...' എന്നിങ്ങനെ തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളികളായിരുന്നു.

ഉമ്മൻചാണ്ടിയുടെ തലഭാഗത്ത് മകൻ ചാണ്ടി ഉമ്മന്റെ തോളിൽ തലവച്ച് ഭാര്യ മറിയാമ്മയും മക്കളായ മരിയയും അച്ചുഉമ്മനും ഇരുന്നു. ചാണ്ടി ഉമ്മൻ പൊട്ടിക്കരഞ്ഞുകൊണ്ട് എല്ലാവരേയും കൈകൂപ്പി തൊഴുതു. ചാറ്റൽ മഴയത്ത്, മൃതദേഹം കെ.എസ്.ആർ.ടി.സിയുടെ അലങ്കരിച്ച വാഹനത്തിലേക്ക് കയറ്റി. മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിൽ കടക്കുന്ന പ്രധാന വാതിലിലൂടെ 8.55ന് പുഷ്പാലംകൃതമായ വാഹനം ഉമ്മൻചാണ്ടിയുമായി സെക്രട്ടേറിയറ്റിന്റെ ഗേറ്റ് കടന്നു. അകമ്പടിയായി നിരവധി വാഹനങ്ങളും ജനക്കൂട്ടവും പാളയം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലേക്ക് നീങ്ങി. വിടപറഞ്ഞ് ഉമ്മൻചാണ്ടി അകന്നുപോകവേ, ജനങ്ങളോട് ആത്മബന്ധത്തിന്റെ ഇഴയടുപ്പം സൂക്ഷിച്ച നേതാവിനെയോർത്ത് ജനക്കൂട്ടം വിതുമ്പി.

Advertisment