Advertisment

ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ ചിത്രീകരിച്ചതാണെന്ന ദിലീപിന്റെ വാദം പൊളിക്കാന്‍ പൊലീസ്; ദൃശ്യങ്ങള്‍ ചോരാനും സാധ്യത; തെളിവ് കിട്ടിയാല്‍ നടന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും

New Update

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇരയെ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പൊലീസ്. ഈ സാഹചര്യത്തില്‍ പ്രതിയായ നടന്‍ ദിലീപിനെതിരേ നിലപാട് കടുപ്പിക്കും. ആവശ്യമെങ്കില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് ശ്രമിക്കും. ദിലീപ് ഫാന്‍സുകാരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇരയെ അപമാനിക്കുന്ന പ്രചരണങ്ങള്‍ നടക്കുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും പകര്‍പ്പുകള്‍ നല്‍കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നാകും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുക. ദൃശ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും വിശദീകരിക്കും.

Advertisment

publive-image

ഇരയുടെ ജീവിതത്തെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നുണ്ട്. ഇതിന് വേണ്ടി പലവിധ കഥകള്‍ ചമയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്നും അങ്കമാലി കോടതിയെ പൊലീസ് അറിയിക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചേക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികതയെപ്പറ്റി ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ച സംശയങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ശാസ്ത്രീയമായി തന്നെ ദിലീപിന്റെ ഈ വാദം പൊളിക്കാന്‍ പൊലീസ് ശ്രമിക്കും.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ ഒര്‍ജിനല്‍ പൊലീസിന് കിട്ടിയിട്ടില്ല. എഡിറ്റ് ചെയ്തതാണ് ലഭിച്ചത്. ഈ പഴുതുപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് പ്രതികള്‍ ഒര്‍ജിനല്‍ നശിപ്പിച്ചതെന്ന നിലപാടിലാണ് പൊലീസ്. അതുകൊണ്ട് തന്നെ ഓടുന്ന വണ്ടിയില്‍ അല്ല പീഡനമെന്ന വാദത്തെ പൊലീസ് ഗൗരവത്തോടെ എടുക്കും. വളരെ ആസൂത്രിതമായുള്ള നീക്കമാണ് പ്രതിഭാഗം നടത്തുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമോ എന്ന സംശയവും പൊലീസിനുണ്ട്. എല്ലാം പ്രോസിക്യൂഷന്‍ പറയുന്നതിന് നേര്‍ വിപരീതമാണെന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലും കൃത്യമായ മറുപടി പറയുന്നതിന് കൂടുതല്‍ സമയം പൊലീസ് ആവശ്യപ്പെടും.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറഞ്ഞതിന് വിപരീതമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഒന്നാംപ്രതിയായ പള്‍സര്‍ സുനിയും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടന്നിരിക്കുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രം അടങ്ങിയ മെമ്മറികാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് സ്ഥാപിക്കാന്‍ ശക്തമായ തെളിവുകളുമായിട്ടായിരിക്കും പൊലീസ് കോടതിയെ സമീപിക്കുന്നത്. കേസില്‍ മാര്‍ട്ടിന്റേതായി പുറത്തു വരുന്ന രഹസ്യ മൊഴിയും ഇരയ്ക്ക് എതിരാണ്. ബോധപൂര്‍വ്വം ചില ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം.

dileep
Advertisment