Advertisment

ഇറാനില്‍ ഇനി തല മറച്ചില്ലെങ്കില്‍ 10 വര്‍ഷം തടവ്, സ്വിറ്റ്സര്‍ലന്‍ഡില്‍ മുഖം മറച്ചാല്‍ ശിക്ഷ

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും സ്ത്രീകളും പൊതു സ്ഥലങ്ങളില്‍ ശിരോവസ്ത്രം കൊണ്ട് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണമെന്ന് ഇറാനില്‍ നിയമം പാസാക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
iran_switzerland

സൂറിച്ച്: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും സ്ത്രീകളും പൊതു സ്ഥലങ്ങളില്‍ ശിരോവസ്ത്രം കൊണ്ട് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണമെന്ന് ഇറാനില്‍ നിയമം പാസാക്കി. ഇതു ലംഘിക്കുന്നവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവും 360 ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ലഭിക്കുക.

Advertisment

നിര്‍ബന്ധിത ശിരോവസ്ത്രായ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് മാത്രമല്ല അവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കച്ചവടക്കാര്‍, സഹായിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ശിക്ഷ ലഭിക്കും. സമൂഹമാധ്യമങ്ങളിലൂടെ നഗ്നത പ്രോത്സാഹിക്കുന്നവര്‍ക്കും ഹിജാബിനെ പരിഹസിക്കുന്നവര്‍ക്കും ശിക്ഷ ബാധകമായിരിക്കും. 290 അംഗ കൗണ്‍സിലില്‍ 152 പേരുടെ പിന്തുണയോടെയാണ് നിയമം പാസ്സായത്.

2022 സെപ്റ്റംബര്‍ 16നാണ് 22 കാരിയായ അമിനി ശിരോവസ്ത്രം ധരിക്കാഞ്ഞതിന്‍റെ പേരില്‍ കൊല്ലപ്പെട്ടത്. അതിനു പുറകേ ഉണ്ടായ പ്രക്ഷോഭത്തില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെടുകയും 22,000 പേര്‍ അറസ്ററിലാവുകയുമുണ്ടായി. എന്നാല്‍ ഹിജാബ് നിയമം ഇസ്ളാമിക് റിപ്പബ്ളിക് എന്ന നിലയില്‍ രാജ്യത്തിന്‍റെ നെടും തൂണാണെന്നാണ് ഭരണാധികാരികള്‍ വാദിക്കുന്നത്.

ശിരോവസ്ത്രം ധരിക്കാത്തതിന്‍റെ പേരില്‍ മാഹ്സ അമിനി എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്‍റെ പേരില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തിയിരുന്നു. അമിനിയുടെ കൊലപാതകത്തിന്‍റെ ആദ്യ വാര്‍ഷികം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് പാര്‍ലമെന്‍റ് വിവാദ നിയമം പാസ്സാക്കിയിരിക്കുന്നത്. നിലവില്‍ ഹിജാബ് ധരിക്കാതിരുന്നാല്‍ രണ്ട് മാസം വരെ തടവോ 5000 മുതല്‍ 500,000 റിയാല്‍ വരെ പിഴയോ ആണ് ശിക്ഷയായി നല്‍കിയിരുന്നത്.

അതേസമയം, സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം പാര്‍ലമെന്റ് പാസാക്കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രമേയം 29ന് എതിരേ 151 വോട്ടുകള്‍ക്ക് സ്വിസ് പാര്‍ലമെന്‍റിന്‍റെ അധോസഭ പാസാക്കി. 2021ല്‍ പ്രമേയം ഉപരിസഭ പാസാക്കിയിരുന്നു.

വലതുപക്ഷ അടിത്തറയുള്ള സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ബുര്‍ഖ നിരോധനം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. ഇതുപ്രകാരം, ഇനി പൊതുസ്ഥലങ്ങളില്‍ നിഖാബ്, ബുര്‍ഖ, സ്കൈ മാസ്ക് തുടങ്ങി മുഖം മറയ്ക്കുന്ന ഒരു വേഷവും അനുവദിക്കില്ല. ലംഘിക്കുന്നവര്‍ക്ക് 1000 സ്വിസ് ഫ്രാന്‍സ് (1100 ഡോളര്‍) പിഴ. നിരോധനത്തിനെതിരേ ഇസ്ലാമിക സംഘടനകള്‍ രംഗത്തെത്തി.

നേരത്തേ, ഫ്രാന്‍സ്, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ജര്‍മനി, ഓസ്ട്രിയ, ബള്‍ഗേറിയ, നോര്‍വെ, സ്വീഡന്‍ തുടങ്ങി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ബുര്‍ഖ നിരോധിച്ചിരുന്നു. ഏഷ്യയില്‍ ചൈനയും ശ്രീലങ്കയും പൊതുസ്ഥലത്ത് മുഖംമറയ്ക്കുന്ന വസ്ത്രം നിരോധിച്ചിട്ടുണ്ട്.

iran hijab
Advertisment