Advertisment

പ്രവാസിയുടെ നൊമ്പരങ്ങൾ !..കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ഒന്ന് ചോദിച്ചോട്ടേ ? പ്രവാസികൾ വെയിൽകൊണ്ടതും വിയർപ്പൊഴുക്കിയതും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമായിരുന്നോ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നാളെമുതൽ 7 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളായ 3150 മലയാളികൾ 15 വിമാനങ്ങളിലായി നാട്ടിലെത്തുകയാണ്. ഇതിനുപുറമെയാണ് കപ്പലിൽ വരുന്നത്. ഏകദേശം 3 ലക്ഷമാളുകൾ നാട്ടിലേക്ക് മടങ്ങാൻ ക്യൂവിലാണ്.

Advertisment

publive-image

പ്രവാസികളിൽ പ്രത്യേകിച്ച് ഗൾഫ് മേഖലയിലുള്ള മലയാളികളിൽ 30 ശതമാനത്തിലധികം പേർക്കും ജോലി നഷ്ടമായിരിക്കുന്നു. രണ്ടു മാസമായി ജോലിയില്ലാതെ മുറികൾക്കുള്ളിൽ കഴിയുകയാണ് പലരും.

മടങ്ങിവരവിനുള്ള കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് പ്രവാസികൾ അതാത് രാജ്യങ്ങളിൽ സ്വന്തം ചെലവിൽ കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ മടക്കയാത്ര അനുവദിക്കുകയുള്ളു എന്നാണ്. അതുകൂടാതെ സർക്കാർ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് ചാര്ജും നൽകേണ്ടതാണ്. മടങ്ങിവന്നാൽ ക്വാറന്റൈൻ സ്വന്തം ചെലവിൽ കഴിയുകയും വേണം.ഇപ്പോഴത് കേരളസർക്കാർ വഹിക്കുമെന്ന് പറയുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ഒന്ന് ചോദിച്ചോട്ടേ ? പ്രവാസികൾ വെയിൽകൊണ്ടതും വിയർപ്പൊഴു ക്കിയതും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമായിരുന്നോ? ഇന്ന് നാം കാണുന്ന , അനുഭവിക്കുന്ന നാടിന്റെ സമൃദ്ധിയിൽ അവർക്കൊരു പങ്കുമില്ലായിരുന്നോ?

രാഷ്ട്രീയക്കാർ,രാഷ്ട്രീയ - സാമൂഹ്യ- സാംസ്കാരിക സംഘടനകൾ, അനാഥാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, സിനിമാക്കാർ,ഭരണകർത്താക്കൾ,അധികാരികൾ,സമുദായ സംഘടനകൾ അവരുടെ നേതാക്കൾ, പത്ര ദൃശ്യമാധ്യമങ്ങൾ, എഴുത്തുകാർ,സാഹിത്യകാരന്മാർ,ആരാധനാലയങ്ങൾ ഒക്കെ മിക്കതും ഒരിക്കലും വറ്റാത്ത കറവപ്പശുക്കളായിട്ടല്ലേ പ്രവാസികളെ കണ്ടിരുന്നത് ? അവരുടെ സഹായം സ്വീകരിക്കാത്ത ആരെങ്കിലുമുണ്ടാകുമോ നാട്ടിൽ?

ഇന്ന് പ്രവാസികളെ പലർക്കും അലർജിയാണ്. കറിവേപ്പിലപോലെ അവർ തിരസ്ക്കരിക്കപ്പെടുന്നു.ഇപ്പോഴും ഇങ്ങോട്ട് എന്തെങ്കിലും ലഭിക്കുമോ എന്നുറ്റുനോക്കുന്നവരും ധാരാളമാണ്.

പ്രവാസികളുടെ മടക്കയാത്ര സൗജന്യമാക്കേണ്ടത് 100 % അത്യാവശ്യമായിരുന്നു.ജോലി പോയവരും മടങ്ങിപ്പോയാലും ജോലിയുണ്ടാകുമോ എന്നുറപ്പില്ലാത്തവരുമാണ് മടങ്ങുന്നതിൽ ഭൂരിഭാഗവും. ഗൾഫിൽ ഇപ്പോഴും ജോലിക്ക് പ്രശ്നമില്ലാത്തവർ മടങ്ങാനിടയില്ല.

പെട്രോളിനും ,മദ്യത്തിനും അടിക്കടി വിലകൂട്ടി ഖജനാവ് നിറയ്ക്കുന്നവർ പ്രവാസികൾക്കായി മനപ്പൂർവ്വം കണ്ണടയ്ക്കുന്നത് നന്ദികേടാണ്. അവൻ്റെ ചോര നീരാക്കിയ പണമാണ് നമ്മുടെ നാടിന്റെ പട്ടിണിയകറ്റിയത്.

ടിക്കറ്റ് ചാർജ് 70 % കേന്ദ്രവും ബാക്കി സംസ്ഥാനവുമായിരുന്നു വഹിക്കേണ്ടിയിരുന്നത്.എന്നാൽ അതൊന്നും നടന്നില്ല. എന്താണ് സർക്കാരുകളുടെ കർത്തവ്യം എന്നുപോലും ചോദിച്ചുപോകുകയാണ്.പ്രവാസികൾ ഈ മണ്ണിന്റെ മക്കളാണ്. ഇവിടെ ഗതിയില്ലാതെയാണ് അവർ നാടുവിട്ടുപോയത്.

ലോക്ക് ഡൗൺ ഒന്നരമാസം പിന്നിടുമ്പോൾ സ്വാഭാവികമായും മനസ്സിലുയരുന്ന ഒരു ചോദ്യം കേന്ദ്രസർക്കാർ ജനങ്ങൾക്കായി എന്ത് ചെയ്തു എന്നാണ് ? ജൻധൻ അക്കൗണ്ടുകളിൽ 500 രൂപയും BPL കാർഡുകാർക്ക് 5 കിലോ അരിയും ഒരു കിലോ കടയുo മാത്രം മതിയോ ജീവിക്കാൻ ? എത്രയോ കോടി ജനങ്ങൾ രാജ്യത്ത് തൊഴിലി ല്ലാതെ കഴിയുന്നുണ്ട്?

ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയവരുടെ കോടികളും , സ്വിസ്സ് ബാങ്കുകളിലെ കള്ളപ്പണവും , രാഷ്ട്രീയ ക്കാരും അധികാരികളും ഇടനിലക്കാരും ചേർന്ന് നടത്തിയ അഴിമതികളുടെ അനേകായിരം കോടികളും ഒക്കെ ഈ നാടിന്റെ ഖജനാവിലെ പണമായിരുന്നു. ഭരണക്കാരുടെ പിടിപ്പുകേടോ ഒത്താശയോ മൂലമാണ് ഇതൊക്കെ നടന്നതെന്ന കാര്യത്തിൽ തർക്കമില്ല.

പാക്കേജുകൾ പാവപ്പെട്ടവന്റെ പട്ടിണിമാറ്റാൻ ഉതകുന്നതാകണം. ആപത്തിൽ അവനുപകാരപ്പെടുന്ന താകണം. വിലക്കുറവിന്റെ ആനുകൂല്യം പോലും ജനങ്ങൾക്ക് നൽകാതെ അതും ഖജനാവിലേക്ക് മുതൽക്കൂട്ടുന്നവർ ആ പണത്തിന്റെ ഒരംശമെങ്കിലും പാവപ്പെട്ടവന്റെ വിശപ്പടക്കാനായി വിനിയോഗിച്ചിരുന്നെങ്കിൽ ?

pravasi issue
Advertisment