Advertisment

ലണ്ടനില്‍ പ്രതിമാസം 3 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് പൗരോഹിത്യത്തിന്റെ വഴി സ്വീകരിച്ച ഫാ. കെന്‍സി ജോസഫ് കുവൈറ്റ് എസ്എംസിഎയിലെ ആദ്യ പുരോഹിതന്‍. അഭിമാനത്തോടെ കുവൈറ്റിലെ പ്രവാസി സമൂഹവും

New Update

publive-image

Advertisment

കുവൈറ്റ്:  കുവൈറ്റിലെ ഏറ്റവും വലിയ ആത്മീയ സംഘടനയായ എസ് എം സി എയുടെ അഭിമാനമാണ് കഴിഞ്ഞ ദിവസം പൗരോഹിത്യം സ്വീകരിച്ച ഫാ. കെന്‍സി ജോസഫ് മാമൂട്ടില്‍. യു കെയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തില്‍ പ്രതിമാസം ഏകദേശം മൂന്നുലക്ഷത്തോളം രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ഫാ. കെന്‍സി കഴിഞ്ഞ മാസം 30 ന് തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്.

കുവൈറ്റ് എസ് എം സി എയുടെ ആദ്യത്തെ ബാലദീപ്തി കോര്‍ഡിനേറ്ററായിരുന്നു കെന്‍സി. പ്ലസ് ടു വരെയുള്ള പഠന കാലഘട്ടങ്ങളില്‍ ബാലദീപ്തിയിലും എസ് എം സി എയിലും സജീവ സാന്നിധ്യമായിരുന്ന കെന്‍സിയുടെ പൗരോഹിത്യ സ്വീകരണം എസ് എം സി എ അംഗങ്ങളിലെ ആദ്യ വൈദികനെന്ന നിലയില്‍ കൂടി സംഘടനയ്ക്കും കുവൈറ്റിലെ പ്രവാസി സമൂഹത്തിനും അഭിമാനമാണ്.

publive-image

1980 ജൂലൈ 24നാണു കുവൈറ്റില്‍ സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് കമ്പനിയില്‍ ഫിനാന്‍സ് മാനേജരായിരുന്ന ജോസഫ് തങ്കച്ചന്റെയും കുഞ്ഞമ്മ തങ്കച്ചന്റെയും മൂത്ത മകനായി ഫാ. കെന്‍സിയുടെ ജനനം. ജനനവും പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനവും കുവൈറ്റില്‍ തന്നെയായിരിന്നു. പ്ലസ് ടുവിന് ശേഷം മുംബൈ ഐഐടിയില്‍ അഡ്മിഷന്‍ കിട്ടിയ കെന്‍സി കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ വയസ്സ് 22.

ഐ‌ഐ‌ടിയില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ കൊത്തിക്കൊണ്ട് പോകാന്‍ രാജ്യാന്തര കമ്പനികള്‍ ഇപ്പോഴും മത്സരിക്കുമ്പോള്‍ 2002ല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ കെന്‍സി ഒരു വര്‍ഷം ജോലി ചെയ്തത് മക്കന്‍സി ഗ്രൂപ്പിന്റെ ന്യൂഡല്‍ഹിയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍.

publive-image

പിന്നീട് ജീവിതത്തെ തന്നെ മാറ്റിമറിച്ച യൂറോപ്പിലേക്ക് കെന്‍സിയെ ദൈവം വിളിക്കുകയായിരിന്നു. യുകെയിലെ നോട്ടിംഗാമില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ ബാങ്കിംഗ് കമ്പനിയായ കാപിറ്റല്‍ വണ്ണിന്റെ യൂറോപ്യന്‍ ഡിവിഷണില്‍ ക്രെഡിറ്റ് റിസ്‌ക് അനലിസ്റ്റായി നാലു വര്‍ഷം ജോലി ചെയ്തു.

ഇതിനിടയില്‍ അമേരിക്കയില്‍ എംബിഎ പഠനത്തിനായി ജി മാറ്റ് പരീക്ഷയും കെന്‍സി എഴുതിയിരിന്നു. മികച്ച വിജയമാണ് അതിനും നേടിയത്. പ്രതിവര്‍ഷ ശമ്പളം മുപ്പത്തിയഞ്ചു ലക്ഷം രൂപ നേടികൊണ്ടിരിന്ന സമയത്താണ് ക്രിസ്തുവിനായി തന്റെ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുന്നത്.

publive-image

പഠനകാലം മുതല്‍ ക്രിസ്തീയ തത്വശാസ്ത്രവും ദൈവശാസ്ത്രവും കെന്‍സിയെ ആകര്‍ഷിച്ചിരിന്നുവെങ്കിലും അതിന്റെ പൂര്‍ണ്ണത 2007-ല്‍ ആണ് പ്രകടമായത്. ബ്രിട്ടനില്‍ കത്തോലിക്കാ വിശ്വാസവും പൗരോഹിത്യവും വലിയ വെല്ലുവിളികള്‍ അഭിമുഖീകരിച്ച ഘട്ടത്തിലാണു കെന്‍സി വൈദികജീവിതം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത.

ദൈവം പ്രത്യേകമായി വിളിച്ചാല്‍ അതിനു എതിര് പറയാന്‍ യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസിക്കു സാധിക്കുമോ? അങ്ങനെ തന്റെ ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച്, ക്രിസ്തുവിന് ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ കെന്‍സി 2007ല്‍ ഈശോസഭയുടെ ബ്രിട്ടീഷ് പ്രോവിന്‍സില്‍ ചേരുകയായിരിന്നു.

പൂനയില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റീജന്‍സിയും ലണ്ടന്‍, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനവും നടത്തി. ഇക്കഴിഞ്ഞ ജൂണ്‍ മുപ്പതാം തീയതി ലണ്ടനിലെ സെന്‍റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഓക്സിലറി ബിഷപ്പ് വിന്‍സന്‍റ് ഹഡ്സനിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചു കര്‍ത്താവിന്റെ പ്രതിപുരുഷനായത്.

publive-image

കെന്‍സിയോടൊപ്പം ഫിലിപ്പ് ഹാരിസണ്‍ എന്ന ബ്രിട്ടീഷ് യുവാവും അന്നു പൗരോഹിത്യം സ്വീകരിച്ചു. ഉറച്ച ബോധ്യത്തോടെ സ്വീകരിച്ച പൗരോഹിത്യം മറ്റെന്തിനെക്കാളും സംതൃപ്തി നല്‍കുന്നതാണെന്നു ഫാ. കെന്‍സി പറയുന്നു.

തുടര്‍ന്നുള്ള ജീവിതം യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി സമര്‍പ്പിക്കുവാനാണ് ഫാ. കെന്‍സിയുടെ നിയോഗം. ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത ജോലിയും ഉണ്ടായിട്ടും അതെല്ലാം കര്‍ത്താവിനായി ഉപേക്ഷിച്ച് 'എന്റെ ആടുകളെ മേയിക്കുക' എന്ന കര്‍ത്താവിന്റെ വിളിയെ സ്വീകരിച്ച സഭയിലെ പതിനായിരകണക്കിന് പുരോഹിതരിലെ ഒടുവിലത്തെ ഉദാഹരണമാണ് ഈ മുപ്പത്തിയെട്ടുകാരനായ വൈദികന്‍. ഫാ. കെന്‍സിയുടെ പ്രഥമ ദിവ്യബലിയര്‍പ്പണം ഞായറാഴ്ച പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ നടക്കും.

Advertisment