Advertisment

പാസ്സ്പോർട്ട്​ നിറം മാറ്റം: പ്രവാസ ലോകത്ത് പ്രതിഷേധമിരമ്പുന്നു. യോജിച്ച നീക്കത്തിന്​ പ്രവാസി സംഘടനകൾ

New Update

കുവൈത്ത്​ സിറ്റി: വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച്​ പാസ്പോർട്ടി​െൻറ നിറം മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കുവൈത്തിലെ പ്രവാസി സംഘടനകൾ യോജിച്ച നീക്കത്തിന്​ തയാറെടുക്കുന്നു. ഇതി​െൻറ ഭാഗമായി ഞായറാഴ്​ച രാത്രി യോഗം ചേർന്ന്​ പ്രതിഷേധ പരിപാടികൾക്ക്​ രൂപംനൽകി.

Advertisment

സാധ്യമാകുന്ന എല്ലാ സംഘടനകളെയും ഉൾപ്പെടുത്തി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ യോഗം തീരുമാനിച്ചു. ഇതിന്​ മുന്നോടിയായി പത്തംഗ ആഡ്ഹോക്ക് കമ്മറ്റിക്ക്​ രൂപം നൽകി. കമ്മിറ്റി അംഗങ്ങൾ ആയി കൃഷ്ണൻ കടലുണ്ടി, സണ്ണി മണർകാട്, സത്താർ കുന്നിൽ, ഫൈസൽ മഞ്ചേരി, അൻവർ സയീദ്, അലക്സ്, സഫീർ പി. ഹാരിസ്, മുബാറക്ക് കാമ്പ്രത്ത്, ഖലീൽ റഹ്മാൻ, റസീന മൊയ്ദീൻ എന്നിവരെ നിശ്ചയിച്ചു.

publive-image

ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മറ്റുള്ളവരുമായി ചേർന്ന് ഭാവിപരിപാടികൾക്കു രൂപം നൽകും. വെൽഫെയർ കേരളം കുവൈത്ത്​ വിളിച്ചുചേർത്ത പ്രതിഷേധ യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ ശക്​തമായ പ്രതിഷേധം അറിയിച്ചു.

പ്രവാസിക്ക് ഏക തിരിച്ചറിയൽ രേഖയായ പാസ്പോർട്ടിൽനിന്നും അസ്തിത്വ സംബന്ധിയായ വിവരങ്ങൾ നീക്കം ചെയ്യുന്നത് കടുത്ത പ്രതിസന്ധികൾ പ്രവാസികൾക്ക് സൃഷ്​ടിക്കുമെന്ന്​ വെൽഫെയർ കേരള പ്രസിഡൻറ്​ ഖലീൽ റഹ്​മാൻ ആമുഖമായി സൂചിപ്പിച്ചു. പ്രവാസികളുടെ കൈയിലെ ഏക രേഖ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്നും ഇത്തരം വിഷയങ്ങളെ രാഷ്​ട്രീയ വത്കരിക്കരുതെന്നും കെ.പി.ഡബ്ല്യൂ.എ പ്രധിനിധി മുബാറക്ക് കാമ്പ്രത്ത് പറഞ്ഞു.

publive-image

ലാഘവത്തോടെയും മുൻവിധിയോടെയുമാണ്​ സർക്കാർ ഇതിനെ സമീപിച്ചത് എന്നും ഇത് നടപ്പിലാക്കാൻ ധാരാളം പ്രതിസന്ധികൾ സർക്കാർ നേരിടേണ്ടി വരുമെന്നും ഒ.ഐ.സി.സിയെയും കെ.ഡി.എൻ.എയെയും പ്രതിനിധീകരിച്ച്​ കൃഷ്ണൻ കടലുണ്ടി പറഞ്ഞു.

എല്ലാ രാജ്യങ്ങളിൽനിന്നും പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും ഇന്ത്യൻ പ്രസിഡൻറിനെ നേരിട്ട് സന്ദർശിച്ച് പരാതി നൽകാൻ പരിശ്രമിക്കണമെന്നും മുഴുവൻ സംഘടനകളുടെയും ഒന്നിച്ചുള്ള നീക്കം അനിവാര്യമാണെന്നും ജെ.സി.സി പ്രതിനിധി സഫീർ പി. ഹാരിസ് പറഞ്ഞു. ഇന്ത്യൻ എംബസിയെ സമീപിച്ച്​ സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കണമെന്ന്​ ഐ.എം.സി.സി പ്രധിനിധി സത്താർ കുന്നിൽ അഭിപ്രായപ്പെട്ടു.

publive-image

ഒരു രാജ്യം തങ്ങളുടെ പൗരന്മാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഇത്. കുവൈത്തിലെ മുഴുവൻ സംഘടനകളെയും ഭാഗമാക്കി ഒന്നിച്ചുള്ള നീക്കമാണ് ഇതിനെതിരെ ഉയർന്നുവരേണ്ടതെന്ന് കെ.ഐ.ജിയെ പ്രതിനിധീകരിച്ച്​ ഫൈസൽ മഞ്ചേരി പറഞ്ഞു.

ഇന്ത്യൻ എംബസിയെ പ്രതിഷേധം അറിയിക്കുകയും പ്രസിഡൻറിന് നിവേദനം നൽകുകയും വേണമെന്ന് മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡൻറ്​ മനോജ് കുര്യൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ പൗരന്മാരെയും ഇതി​െൻറ ഭാഗമാക്കി സംയുക്ത നീക്കം നടത്തണമെന്നു പി.സി.എഫ് പ്രധിനിധി അൻസാർ കുളത്തൂപ്പുഴ പറഞ്ഞു.

publive-image

റിപ്പബ്ലിക്ക് ദിനത്തിൽ എംബസ്സിയിൽ എല്ലാവരും എത്തി പ്രത്യക്ഷ പ്രതിഷേധ പരിപാടികൾ നടത്തണമെന്ന്​ സണ്ണി മണർകാട് അഭിപ്രായപ്പെട്ടു. ഭരണഘടന വിരുദ്ധമായ നീക്കത്തിനെതിരെ കക്ഷി രാഷ്​ട്രീയ ഭേദമന്യേ പ്രതിഷേധം ഉയർന്നു വരണമെന്ന് അൻവർ സാദാത്ത്​ അഭിപ്രായപ്പെട്ടു. അൻവർ സഇൗദ്​ ചർച്ച നയിച്ചു. മജീദ് നരിക്കോടൻ സ്വാഗതവും അൻവർ ഷാജി നന്ദിയും പറഞ്ഞു.

Advertisment