Advertisment

"ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യാൻ ട്രൈബ്യുണൽ സ്ഥാപിക്കണം; ആയുധക്കയറ്റുമതി റദ്ദാക്കണം": ഒ ഐ സി ഉച്ചകോടി; "മുസ്ലിം - അറബ് രാജ്യങ്ങൾ ശ്രമിച്ചാൽ ഫലസ്തീൻ ജനതയ്ക്ക് എതിരെയുള്ള ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കാം": ഇറാൻ

New Update
jiddha

ജിദ്ദ:   റിയാദിൽ ശനിയാഴ്ച ചേർന്ന രാജ്യാന്തര ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയാൻ ഒരു രാജ്യാന്തര ട്രൈബുണൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.   ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി രാജ്യങ്ങൾ അവസാനിപ്പിക്കണമെന്നതാണ്  മറ്റൊരു ആവശ്യം.

Advertisment

ഉച്ചകോടി പുറപ്പെടുവിച്ച സമാപന പ്രസ്താവന, ഗാസ കൂട്ടക്കൊല അവസാനിപ്പിക്കുന്നതിന്  "നിർണ്ണായകവും നിർബന്ധിതവുമായ തീരുമാനം" എടുക്കാൻ യു എൻ സുരക്ഷാ കൗൺസിലിനോട്  ആവശ്യപ്പെടുകയും ചെയ്തു.  

"ഗാസ മുനമ്പിനും ഫലസ്തീൻ ജനതയ്‌ക്കുമെതിരെ അധിനിവേശ ഭരണകൂടമായ ഇസ്രായേൽ  നടത്തിക്കൊണ്ടിരിക്കുന്ന  ക്രൂരവും മനുഷ്യത്വരഹിതവുമായ കൂട്ടക്കൊലകളെ" ശക്തമായി അപലപിച്ച ഉച്ചകോടി ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കി വിചാരണ നടത്താൻ ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര ക്രിമിനൽ കോടതിയോട്  ആവശ്യപ്പെടുകയും ചെയ്തു.

അറബ് ലീഗിലെ 22 അംഗങ്ങൾ ഉൾപ്പെടെ മുസ്‌ലിം ഭൂരിപക്ഷമുള്ള 57 രാജ്യങ്ങളിലെ ഭരണാധികാരികളാണ് റിയാദ് ഉച്ചകോടിയിൽ പങ്കെടുത്തത്.  

ഓ ഐ സിയുടെ നിലവിലെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന  സൗദിയുടെ ഭരണാധികാരി സൽമാൻ രാജാവ് പുറപ്പെടുവിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്  അടിയന്തര ഉച്ചകോടി വിളിച്ചു ചേർത്തത്.   ഫലസ്തീൻ വിഷയത്തിലെ ഒറ്റക്കെട്ടായ നിലപാട് പ്രകടിപ്പിക്കുന്നതായി ഉച്ചകോടി.

jiddha

ഉച്ചകോടിയിലെ ശ്രദ്ധാകേന്ദ്രമായി ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റഈസി മാറി.  കഴിഞ്ഞ മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ പുനഃസ്ഥാപിച്ച ഇറാൻ - സൗദി സൗഹൃദത്തിന് ശേഷം  ശേഷം  ആദ്യ സൗദി സന്ദർശനം  നടത്തിയ ഇറാൻ പ്രസിഡണ്ട്  സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തി.  

യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് റെയ്‌സി പറഞ്ഞു, “അധിനിവേശവും അതിക്രമവും നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ ഭരണകൂടത്തെയും അതിന്റെ സൈന്യത്തെയും ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന്  ഇറാൻ പ്രസിഡന്റ്  ആവശ്യപ്പെട്ടു.

മുസ്ലിം - അറബ് രാജ്യങ്ങൾ ശ്രമിച്ചാൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയൻ  അഭിപ്രായപ്പെട്ടു.   ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിക്കൊപ്പം ഉച്ചകോടിയിൽ  പങ്കെടുത്ത ശേഷം ഒരു വാർത്താ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു  ഇറാൻ വിദേശകാര്യമന്ത്രി.  

ഉച്ചകോടി വൈകിയെങ്കിലും മുസ്ലീം രാജ്യങ്ങളിലെ നേതാക്കളും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെയും (ഒ ഐ സി), അറബ് ലീഗ് ജനറൽ സെക്രട്ടറിമാർ എന്നിവർ  ആവശ്യമായ ശ്രമങ്ങൾ നടത്തിയാൽ, ഈ ഘട്ടത്തിലും  സയണിസ്റ്റ് ഭരണകൂടത്തിന്റെ യുദ്ധക്കുറ്റങ്ങൾക്ക് അന്ത്യം കുറിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി ഇറാൻ മന്ത്രി  വിശദീകരിച്ചു.

Advertisment