Advertisment

പ്രളയ ബാധിതരായ പ്രവാസികള്‍ ഒത്തു ചേര്‍ന്നു.

author-image
admin
New Update

റിയാദ്. കുടുംബാംഗങ്ങളുടെ ജീവനുവേണ്ടിയുള്ള നിലവിളിക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെട്ടവര്‍, പ്രളയം നാട്ടില്‍ ജീവിത സമ്പാദ്യങ്ങള്‍ തട്ടിയെടുക്കുമ്പോള്‍ നിസ്സഹായരായി പ്രവാസ മണ്ണില്‍ കഴിയേണ്ടി വന്നവര്‍, സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും നഷ്ടപ്പെട്ടത് എങ്ങനെ വീണ്ടെടുക്കും എന്ന് വേവലാതി കൊള്ളുന്നവര്‍, കുടുംബത്തിന് ആശ്വാസമേകാന്‍ കിട്ടിയ വണ്ടിക്ക് നാട്ടിലേക്ക് തിരിക്കുകയും സഞ്ചരിച്ച വാഹനമടക്കം വെള്ളത്തില്‍ മുങ്ങുകയും രക്ഷാപ്രവര്‍ത്തകരുടെ കൈത്താങ്ങില്‍ ജീവിതത്തിലേക്ക് തിരിച്ചു കയറാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തവര്‍ ശേഷം തങ്ങളുടെ അവധിക്കാലം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സ്വയം സമര്‍പ്പിച്ചവര്‍. അവര്‍ ഒത്തു ചേര്‍ന്ന് തങ്ങളുടെ വേദനകളും അനുഭവങ്ങളും പങ്കു വെച്ചു. കേട്ടറിഞ്ഞതിനേക്കാള്‍ ഭീകരമായിരുന്നു ദുരന്തത്തിന്റെ ആഴമെന്ന് സദസ്സിന് ബോധ്യപ്പെട്ട നിമിഷങ്ങള്‍.

Advertisment

publive-image

കേരളം കണ്ട മഹാ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രവാസികള്‍ ഒത്തു ചേര്‍ന്നു. പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകമാണ് സംഗമത്തിന് അവസരം ഒരുക്കിയത്. ഒരു വീടെന്ന സ്വപ്നവുമായി പ്രവാസത്തിന്റെ മണ്ണില്‍ എത്തിയവരാണ് പ്രവാസികളിലേറെയും. കുതിച്ചെത്തിയ പ്രളയ ജലം തങ്ങളുടെ ജീവിത സമ്പാദ്യങ്ങളെ നക്കിത്തുടച്ചപ്പോള്‍ പ്രതിസന്ധിയിലായ പ്രവാസത്തിന്റെ മുന്നില്‍ വീണ്ടെടുപ്പ് എങ്ങനെ സാധ്യമാകുമെന്ന് പലര്‍ക്കും നിശ്ചയമില്ല.

എഞ്ചിനീയർ അബ്ദുറഹ്മാൻ കുട്ടി ,ഇടുക്കി സ്വദേശി അനീഷ്, ജോണ്‍സണ്‍ ചെങ്ങന്നൂര്‍, ഹമീദ് മാസ്റ്റര്‍ എറണാകുളം, ആയിഷ അംജദ് ആലുവ, പ്രശാന്ത് പത്തനംതിട്ട, അബ്ദുല്‍ ലത്തീഫ് നോര്‍ത്ത് പറവൂര്‍,എന്നിവര്‍ സദസ്സുമായി അനുഭവങ്ങള്‍ പങ്കു വെച്ചു. ഖലീല്‍ പാലോട് സംഗമത്തിന് ആമുഖം കുറിച്ചു. രക്ഷാ പ്രവര്‍ത്തനത്തിലും അനന്തര സേവനങ്ങളിലും കേരളം ലോകത്തിനു മുന്നില്‍ മനുഷ്യ സ്നേഹത്തിന്റെ മഹാ പ്രളയം തന്നെയാണ് തീര്‍ത്തതെന്ന് അദ്ദേഹം പറ‍ഞ്ഞു.

publive-image

പ്രളയ സന്ദര്‍ഭത്തില്‍ വെക്കേഷന്‍ കാലമായിരുന്നിട്ടും നാട്ടിലേക്ക് സഹായങ്ങളെത്തിക്കാനും വിഭവങ്ങള്‍ സമാഹരിക്കാനും പ്രയത്നിച്ച പ്രവാസി പ്രവര്‍ത്തകര്‍ക്ക് സംഗമം അഭിവാദ്യം നേര്‍ന്നു. ദുരന്തത്തിന് ഇരകളായ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള സഹായങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക പരിഗണന ലഭ്യമാക്കണം, നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്ലിന് രൂപം നല്‍കണം, എംബസ്സിക്ക് കീഴിലുള്ള ക്ഷേമ പദ്ധതികളില്‍ നിന്ന് ഇരകളായ പ്രവാസികള്‍ക്ക് സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ എത്തിക്കാനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ തങ്ങളാലാവുന്ന സഹായങ്ങള്‍ എത്തിച്ചു നല്‍കാനും ഇതര കൂട്ടായ്മകളോടൊപ്പം ചേര്‍ന്ന് പ്രവാസി സാംസ്കാരിക വേദി പരിശ്രമിക്കുമെന്ന് നാട്ടില്‍ ദുരിതാശ്വാസ ക്യാംപിന് നേതൃത്വം നല്‍കിയ അനുഭവങ്ങള്‍ പങ്കു വച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട് പറഞ്ഞു.

publive-image

പ്രളയകാല പാഠങ്ങള്‍ നല്ല നാടിന്റെ വീണ്ടെടുപ്പിന് വഴികാട്ടിയാകണം. ദുരന്തഭൂമിയിൽ കർമ്മ ഭടൻമാരായി സേവനത്തിന്റെ അത്ഭുതങ്ങൾ കാഴ്ചവെച്ച കേരളീയരെ ആദരിക്കുവാനും അനുഭവ പാഠങ്ങൾ പങ്കുവെക്കാനും പ്രവാസി സാംസ്കാരിക വേദി വരുന്ന വ്യാഴാഴ്ച ബത്‍ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ വച്ച് ജനകീയ ഒത്തുചേരൽ സംഘടിപ്പിക്കും. . സൈനുല്‍ ആബിദീന്‍ അദ്ധ്യക്ഷത വഹിച്ചു, അബ്ദുറഹ്മാന്‍ മറാഇ ചര്‍ച്ച നിയന്ത്രിച്ചു. സലിം മാഹി നന്ദി പറഞ്ഞു.

Advertisment