കൊച്ചി: കേന്ദ്രത്തില്‍ മോദിക്ക് ഇ.ഡി. എന്നപോലെയാണ് കേരളത്തില്‍ പിണറായി വിജയന് വിജിലന്‍സെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തങ്ങള്‍ക്കെതിരേ വിരല്‍ചൂണ്ടുന്നവരെ ഇവര്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് നേരിടുകയാണെന്നും ഇതുകൊണ്ടൊന്നും താന്‍ തളരില്ലെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കനാലിലെ ഭൂമിയിടപാടില്‍ വിജിലന്‍സ് തനിയ്‌ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മിച്ചഭൂമി കേസിലുള്‍പ്പെട്ട ഭൂമിയിലാണ് റിസോര്‍ട്ട്. കേസിലുള്‍പ്പെട്ടതിനാല്‍ രജിസ്ട്രേഷനോ പോക്കുവരവോ സാധ്യമല്ല. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് സ്ഥലം വാങ്ങിയതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍, ഇടനിലക്കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 21 പ്രതികളുള്ള കേസിലെ 16-ാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍.